Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആലപ്പുഴ ഭാഗത്തു സുനാമി മോഡൽ തിരയിളക്കം; അമ്പതു മീറ്ററോളം വെള്ളം കയറിയ കടൽ ഏറെ പിന്നോട്ടും മാറി; നിരവധി വള്ളങ്ങളും ബോട്ടുകളും ഒലിച്ചുപോയി

ആലപ്പുഴ ഭാഗത്തു സുനാമി മോഡൽ തിരയിളക്കം; അമ്പതു മീറ്ററോളം വെള്ളം കയറിയ കടൽ ഏറെ പിന്നോട്ടും മാറി; നിരവധി വള്ളങ്ങളും ബോട്ടുകളും ഒലിച്ചുപോയി

അമ്പലപ്പുഴ: സുനാമിയെ ഓർമിപ്പിച്ച് ആലപ്പുഴയിൽ തിരയിളക്കം. അമ്പതു മീറ്ററോളം കരയിലേക്കു കയറിയ കടൽ ഏറെ പിന്നിലേക്കും മാറി.

ശക്തമായ കടലിളക്കത്തെത്തുടർന്ന് വള്ളവും 11 വള്ളങ്ങളിലെ മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഗലീലിയോ കടപ്പുറത്താണ് ശക്തമായ തിരയിളക്കമുണ്ടായത്. പുന്നപ്ര പറവൂരിലും മാരാരിക്കുളത്തെ തയ്യിലും സുനാമി മോഡൽ കടലേറ്റം ഉണ്ടായി.

ഞായറാഴ്ച പുലർച്ചെ 3.30യോടെയാണു സംഭവം. തീരത്തോട് ചേർത്ത് കരയിൽവച്ചിരുന്ന വള്ളങ്ങളാണു കടലെടുത്തത്. വള്ളത്തിലും സമീപത്തുമായി സൂക്ഷിച്ചിരുന്ന 23 വലകളും നഷ്ടപ്പെട്ടു.

പറവൂർ സ്വദേശികളായ പനക്കൽ വീട്ടിൽ ബെന്നിയുടെ മേരിമാതാ, കൊച്ചുപറമ്പിൽ സൈറസിന്റെ സെന്റ് ജോസഫ്, പോൾ ബഞ്ചമിന്റെ സെന്റ് അലോഷ്യസ്, ജോൺ ക്‌ളീറ്റസിന്റെ വെളിയിൽ, ബൻസി ജോസഫിന്റെ വേളാങ്കണ്ണിമാതാ, ക്‌ളീറ്റ വാവച്ചന്റെ ക്രിസ്തുരാജ, തൃശൂർ സ്വദേശി ഇഗ്‌നേഷ്യസിന്റെ വടക്കേയറ്റത്ത്, ജോളിയുടെ പനച്ചിക്കൽ, കാക്കാഴം വെള്ളംതെങ്ങിൽ സന്തോഷിന്റെ പവിഴം, തൈപ്പറമ്പിൽ രാജീവ്, പൂന്തുറശേരിൽ ക്‌ളീറ്റസ് എന്നീ വള്ളങ്ങളും ഇതോടൊപ്പമുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങളുമാണ് കടലെടുത്തത്.

പുലർച്ചെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവരും കോസ്റ്റ്ഗാർഡും ചേർന്ന് തെരച്ചിൽ നടത്തി കടലിൽ ഒഴുകിനടന്ന വള്ളങ്ങൾ തീരത്തെത്തിച്ചെങ്കിലും സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പവിഴം വള്ളവും അതിൽ ഘടിപ്പിച്ചിരുന്ന എൻജിനും വലയും കണ്ടെത്താനായില്ല. തുലാം, വൃശ്ചികമാസത്തിലുണ്ടാകുന്ന തിരയിളക്കമാണിതിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തീരത്തുനിന്ന് നൂറുമീറ്ററോളം കരയിലേക്ക് കടലിൽ വെള്ളം ഇരച്ചെത്തിയതിനെ തുടർന്നാണ് തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും മറ്റുപകരണങ്ങളും നഷ്ടമായത്. കടലിൽ ഒഴുകിനടന്ന വള്ളങ്ങൾ കരയിലെത്തിക്കുന്നതിനിടെ ചില വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

മത്സ്യഫെഡ് അധികൃതരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ അത് സർക്കാരിന് കൈമാറി ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ജി സുധാകരൻ പറഞ്ഞു. നഷ്ടപ്പെട്ട വള്ളത്തിനും മത്സ്യബന്ധന ഉപകരണങ്ങൾക്കും ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്ക് കത്തുനൽകി.

പറവൂരിൽ 11 വള്ളങ്ങളാണ് ഒഴുകിപ്പോയത്. ഇതിൽ പത്തെണ്ണവും തിരിച്ചുകിട്ടിയെങ്കിലും കേടുപാടുകളുണ്ട്. 19 വള്ളങ്ങളുടെ വലകൾ നഷ്ടപ്പെട്ടു. ഒരു വള്ളവും വലയും എൻജിനും പൂർണമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ 11.5 ലക്ഷമാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്.

തയ്യിൽ തീരത്ത് അഞ്ച് വള്ളങ്ങളാണ് ഒഴുകിപ്പോയത്. ഇവയെല്ലാം തിരിച്ചുകിട്ടിയെങ്കിലും എൻജിനും വലയും നശിച്ചുപോയി. മൂന്ന് വള്ളങ്ങൾക്കും കേടുപാടുണ്ടായിട്ടുണ്ട്. നാല് ലക്ഷമാണ് ഇവിടെ നഷ്ടം സംഭവിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ മറ്റ് വള്ളങ്ങളിൽ പോയാണ് ഒഴുകിയവള്ളങ്ങൾ പിടിച്ചുകെട്ടി കൊണ്ടുവന്നത്. മൂന്ന് നാല് കിലോമീറ്റർ അകലംവരെ വള്ളങ്ങൾ ഒഴുകിയെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP