Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർസിസിയിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ; 14.54 കോടിയുടെ അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ; പാർശ്വഫലങ്ങൾ കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നതാണ് നേട്ടമെന്ന് ആരോഗ്യമന്ത്രി

ആർസിസിയിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ; 14.54 കോടിയുടെ അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ; പാർശ്വഫലങ്ങൾ കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നതാണ് നേട്ടമെന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർസിസിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സഹകരണ, ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്തും കാൻസർ രോഗികൾക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. തിരുവനന്തപുരം ആർ.സി.സി.യിൽ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധിപേർ ചികിത്സ തേടുന്നുണ്ട്. കോവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ തന്നെ കാൻസർ ചികിത്സാ സൗകര്യമൊരുക്കി. കന്യാകുമാരി ഉൾപ്പെടെ 23 സ്ഥലങ്ങളിലാണ് കാൻസർ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവിൽ ഈ സ്ഥലങ്ങളിലുള്ള കാൻസർ രോഗികൾക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പിന്റേയും പൊലീസിന്റേയും ഫയർഫോഴ്സിന്റേയും സേവനത്തിലൂടെ ഇത് മറികടന്നെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ ചികിത്സയ്ക്കും നിയന്ത്രണത്തിനുമായി സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കാൻസർ പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സംസ്ഥാനത്ത് പുതുതായി കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ആർ.സി.സി., കൊല്ലം പ്രാരംഭ കാൻസർ നിർണയ കേന്ദ്രം, മലബാർ കാൻസർ സെന്റർ എന്നീ കേന്ദ്രങ്ങളിലൂടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കാൻസർ നിയന്ത്രണ നയരേഖ രൂപീകരിച്ചു. ഇതോടൊപ്പം കാൻസർ രജിസ്ട്രിയും തയ്യാറാക്കി വരുന്നു. കൊച്ചി കാൻസർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജുകൾക്ക് പുറമേ കാൻസർ ചികിത്സ ജില്ലാ തലത്തിൽ കൂടി വ്യാപിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്നതാണ് ഉദ്ഘാടനം നിർവഹിച്ച ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ. പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. വിവിധ തരം കാൻസറുകളെ ചികിത്സിക്കാൻ ആവശ്യമായ വ്യത്യസ്ത ഫ്രീക്വൻസിയുള്ള എക്സ്റേയും ഇലക്ട്രോൺ ബീമും കൃത്യതയോടെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകൾക്കും മറ്റ് സുപ്രധാന അവയവങ്ങൾക്കും റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റിൽ ഉണ്ട്. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.

പൂർണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിന് സോഫ്റ്റ് വെയർ തകരാർ ഉണ്ടായാൽ സർവീസ് എഞ്ചിനീയർക്ക് വിദേശത്ത് ഇരുന്ന് കൊണ്ട് തന്നെ പരിഹരിക്കാൻ കഴിയും എന്നൊരു പ്രത്യേകത കൂടി ഉണ്ട്. മെഷീന് സ്വാഭാവികമായി ഉണ്ടാകാവുന്ന തകരാറുകൾ മൂലം രോഗികൾക്ക് ദീർഘകാലം ചികിത്സ മുടങ്ങാതിരിക്കാൻ ഈ സൗകര്യം അത്യന്തം പ്രയോജനപ്രദമാണ്. ഉന്നത ഗുണനിലവാരമുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷൻ ചെയ്യുന്നതോടെ ചികിത്സക്ക് വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാൻ കഴിയും.

പുതിയ ഉപകരണത്തിന്റെ വീഡിയോ പ്രദർശനവും ഇതോടൊപ്പം നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP