Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള പൊലീസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനത്തിന് തുറന്നുനൽകാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ വിലക്ക്: സർക്കാർ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം; പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെയാണ് ഇത്തരത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതെന്ന് ഹൈക്കോടതി

കേരള പൊലീസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനത്തിന് തുറന്നുനൽകാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ വിലക്ക്: സർക്കാർ ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം; പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെയാണ് ഇത്തരത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:  സംസ്ഥാനത്ത് ഏറെ വിവാദമായ കേരള പൊലീസിന്റെ ഡേറ്റാബേസ് സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പ് തുറന്നു കൊടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, കേരള പൊലീസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനത്തിന് തുറന്നു നൽകരുതെന്ന് ഹൈക്കോടതി ഉത്തരവ്. പാസ്പോർട്ട് പരിശോധനയുടെ പേരിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് വിവരങ്ങൾ നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പൊലീസിന്റെ കൈവശമുള്ള ക്രൈം ഡാറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

പാസ്പോർട്ട് പരിശോധനക്കായി പൊലീസ് തയാറാക്കിയ ബ്ലോക്ക് ചെയിൻ പദ്ധതിയുടെ പേരിൽ പൊലീസിന്റെ ഡാറ്റാബേസ് തുറക്കാനുള്ള അനുമതിക്കൊപ്പം രഹസ്യ രേഖകളും സർക്കാർ കാരാർ കമ്പനിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കൈവശമുള്ള രഹസ്യ വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്ക് പങ്കുവെക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഹർജിയിൽ സൂചിപ്പിക്കുന്നു.

ബ്ലോക്ക് ചെയിൻ പ്രൂഫ് ഓഫ് കൺസെപ്റ്റ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിനായി വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്കു കൈമാറാൻ നിർദ്ദേശിച്ച് ഒക്ടോബർ 11ന് ഡി.ജി.പി ഉത്തരവ് ഇറക്കിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് ആപ്ലിക്കേഷൻ തയ്യാറാക്കാൻ 35 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടിരുന്നു. ഈ രണ്ട് ഉത്തരവുകളും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കേസ് വിവരങ്ങളും മറ്റും കൈമാറുന്നതിലൂടെ ഇവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പരിചയമുള്ള ഈ സൊസൈറ്റി സാങ്കേതിക രംഗത്തും പ്രവൃത്തി പരിചയമുണ്ടെന്ന് അവകാശപ്പെട്ടാണ് പദ്ധതി ഏറ്റെടുത്തതെന്നും ഹർജിയിൽ പറയുന്നു.

അതീവ രഹസ്യ ഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന ഡേറ്റാ ബേസിൽ സമ്പൂർണ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ. അതീവ പ്രധാന്യമുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത്. മാത്രമല്ല, സംസ്ഥാന പൊലീസിന്റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുള്ള അനുവാദവുമുണ്ട്.

ഇതോടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുള്ളവരുടെ മുഴുവൻ വിശദാംശങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ സോഫ്ട് വെയർ നിർമ്മാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാമ്പിൾ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോറ്റ്‌വെയറുകൾ നിർമ്മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം. എന്നാൽ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡിജിപിയുടെ ഓഫീസിന്റെ വിശദീകരണം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP