Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് അനുമതി നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി; ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപ്പിക്കാത്തതെന്തെന്ന് കോടതി; മൂന്ന് ആഴ്‌ച്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതിക്ക് നിർദ്ദേശം

ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് അനുമതി നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി; ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപ്പിക്കാത്തതെന്തെന്ന് കോടതി; മൂന്ന് ആഴ്‌ച്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതിക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി. 2012-ൽ വനം വകുപ്പ് മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ പുതുതായി ആരെയും കക്ഷി ചേരാൻ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി കേസിന്റെ റിപ്പോർട്ട് വിളിപ്പിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്.

കേസ് തീർപ്പാക്കും മുൻപ് ഉടമസ്ഥാവകാശം നൽകിയെന്ന് കോടതി ചൂണ്ടിക്കാട്ടി. മോഹൻലാൽ നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചതാണ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലുള്ള കേസെന്നും ഇതിൽ തീർപ്പാവും മുൻപാണ് ഉടമസ്ഥാവകാശം ക്രമപ്പെടുത്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ ആനക്കൊമ്പ് സുക്ഷിച്ചെന്നാണ് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

2012 ജൂണിലാണ് ആനക്കൊമ്പ് കേസിന്റെ തുടക്കം. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽനിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പുകൾ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. ആനക്കൊമ്പുകൾ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാൽ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹൻലാൽ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകൾ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാൽ പിന്നീട് കേസ് റദ്ദാക്കി. കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകി. മുന്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നൽകിയത്.

ഇതിനിടയിൽ താരത്തിന്റെ കൈയിലുള്ളത് യഥാർത്ഥ ആനക്കൊമ്പുകൾ ആണെന്ന് പരിശോധനയിൽ വ്യക്തമായതായി മലയാറ്റൂർ ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. നേരത്തേ ആനക്കൊമ്പുകേസിൽ ചലച്ചിത്രതാരം മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹൻലാലിനെതിരെ തുടർ നടപടി വേണ്ടെന്നും സ്വകാര്യ ഹർജി തള്ളണമെന്നും വനംവകുപ്പ് നൽകിയ സത്യവാങ്മൂലത്തിലുണ്ട്.

സർക്കാരും വനംവകുപ്പും കൈവശംവെക്കാനുൾപ്പെടെ നിയമാനുസൃതമാണ് അനുമതി നൽകിയിട്ടുള്ളതെന്ന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്രകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ലാലിന്റെ കൈവശമുള്ള രണ്ട് ജോടി ആനക്കൊമ്പുകളിൽ ഒരുജോടി തൃശ്ശൂർ കുട്ടനെല്ലൂരിലെ പി.എൻ. കൃഷ്ണകുമാറിന്റെ വീട്ടിലെ ആനയുടേതാണ്. മറ്റൊന്ന് കൊച്ചി രാജകുടുംബത്തിൽനിന്ന് തൃപ്പൂണിത്തുറയിലെ കെ. കൃഷ്ണകുമാർ വാങ്ങിയതാണ്.ഇരുവരും അതു സുരക്ഷിതമായി സൂക്ഷിക്കാൻ മോഹൻലാലിനെ ഏൽപ്പിച്ചതാണ്. ഇക്കാര്യങ്ങൾ ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പിന്നീട് അവരതു തിരികെ ആവശ്യപ്പെട്ടില്ല. സമ്മാനംപോലെ മോഹൻലാലിനു നൽകുകയായിരുന്നെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP