Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ചുരുട്ടി മടക്കി ഒതുക്കി വയ്ക്കാം: ഹെൽമറ്റ് സൂക്ഷിക്കാനുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം; മടക്കി വെക്കാവുന്ന ഹെൽമറ്റുമായി കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

ഇനി ചുരുട്ടി മടക്കി ഒതുക്കി വയ്ക്കാം: ഹെൽമറ്റ് സൂക്ഷിക്കാനുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം; മടക്കി വെക്കാവുന്ന ഹെൽമറ്റുമായി കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഹെൽമറ്റ് സൂക്ഷിക്കാനുള്ള പ്രയാസങ്ങൾക്ക് പരിഹാരമായി മടക്കി വെക്കാവുന്ന ഹെൽമറ്റ് തയ്യാറായി. ഇതിന്റെ ആദ്യമാതൃക കൊല്ലം ചന്ദനത്തോപ്പിലെ സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ എസ് ഐ ഡി) ആണ് തയ്യാറാക്കിയരിക്കുന്നത്. മൂന്നായി മടക്കിവെക്കാവുന്ന ഹെൽമറ്റ് കോഴിക്കോട്ടെ ഇന്ത്യ സ്‌കിൽ കേരള-2020 നൈപുണ്യ മേളയിലാണ് കെ എസ് ഐ ഡി പ്രദർശിപ്പിച്ചത്. മേളയുടെ സംഘാടകരായ കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസി (കെയ്‌സ്) ന്റെ കീഴിലുള്ള സ്ഥാപനമാണ് കെ എസ് ഐ ഡി.

ബൈക്ക് യാത്രക്കാർക്കെല്ലാം ഹെൽമറ്റ് കർശനമാക്കിയപ്പോൾ രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു കുടുംബം ഇരുചക്രവാഹനത്തിൽ യാത്രയ്ക്കിറങ്ങുമ്പോൾ ഹെൽമെറ്റ് എവിടെ സൂക്ഷിക്കുമെന്ന ആശങ്ക ഇല്ലാതാക്കാനാണ് കെഎസ്‌ഐഡി-യുടെ ശ്രമം. ഇവിടെയുള്ള ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ വിഭാഗത്തിലെ കുട്ടികളാണ് രൂപകല്പനയ്ക്കു പിന്നിൽ. ഇതിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള ശ്രമം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു കഴിഞ്ഞു. ഫവാസ് കിലിയാനി എന്ന മലപ്പുറത്തുകാരനായ വിദ്യാർത്ഥിയുടെ മനസിലുദിച്ച ആശയമാണ് രൂപകൽപ്പനയായി മാറിയത്.

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലിക്കിടയിൽ ഉപയോഗിക്കാവുന്ന ട്രഫിൽ എന്ന പേരിട്ടിരിക്കുന്ന മാസ്‌ക് ഹെൽമെറ്റും ഇവർ രൂപകൽപ്പന ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ നിഖിൽ ദിനേശാണ് ഇത് തയാറാക്കിയിട്ടുള്ളത്. നിരത്തുകളിലെ പൊടി ശല്യം ഒഴിവാക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഈ മാസ്‌ക്‌ഹെൽമെറ്റ് പുറത്തുനിന്നുള്ള വായുവിനെ ശുദ്ധീകരിച്ച് നൽകുന്നു. അകത്തെത്തുന്ന വായു ഫിൽറ്റർ ചെയ്യുന്നതിനുള്ള ചെറിയ സംവിധാനങ്ങളും മാസ്‌ക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് വാക്കി ടോക്കി കണക്ട് ചെയ്യാവുന്ന സംവിധാനങ്ങളുള്ളതിനാൽ ഒരു വൈഫൈ സംവിധാനം പോലെ ഈ ഹെൽമറ്റ് ഉപയോഗിക്കാൻ കഴിയും.

ആശുപത്രികളിൽ ഡോക്ടറെക്കാണാൻ കാത്തിരിക്കുന്ന സമയം ലഭിക്കാൻ ഹെൽത്ത് പെർ എന്ന പുതിയ സംവിധാനവും കെഎസ്‌ഐഡി വിദ്യാർത്ഥികൾ തയാറാക്കിയിട്ടുണ്ട്. കൺസൾട്ടിങ് സമയത്തിനിടെ അടിസ്ഥാന പരിശോധനകളായ രക്താദിമർദം, നാഡിമിടിപ്പ്, ശരീര ഭാരം, ഉയരം തുടങ്ങിയവ സ്വയം പരിശോധിക്കാൻ കഴിയുന്ന മെഷീൻ ആണ് ഹെൽത്ത് പെർ. പരിശോധനയ്ക്കായി ഇതിൽ കയറി രോഗി ഇരിക്കുമ്പോൾ റിസൾട്ട് അവിടെ സ്ഥാപിച്ചിരിക്കുന്ന ഇമോണിട്ടറിൽ ലഭ്യമാകുന്ന വിധത്തിലാണ് രൂപകൽപ്പന.

ട്രൈക്ക് എന്ന പേരിൽ മുച്ചക്ര ബൈക്കിന്റെ പ്രവർത്തന മാതൃക ഇവിടുത്തെ വിദ്യാർത്ഥിയായ കണ്ണൂർ സ്വദേശി ജിതിൻ ജ്യോത് രൂപപ്പെടുത്തിയിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടർ എന്ന നിലയിലാണ് ഇത് തയാറാക്കുന്നത്. ഇരുചക്ര വാഹനത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മുച്ചക്ര വാഹനമാണ് എന്നത് ഇതിന്റ് പ്രത്യേകതയാണ്.

കെഎസ്‌ഐഡിക്ക് സാങ്കേതിക സഹായം നൽകുന്നത് അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ്(എൻ ഐ ഡി). സിലബസും ഫാക്കൽട്ടിയുമെല്ലാം എൻ ഐ ഡി യുടേതാണ്. ആശയങ്ങളുടെ വിതാനം എന്ന പേരിൽ വിതാഷ് 2020 എന്ന മത്സരം നടത്താൻ കെഎസ്‌ഐഡി തയ്യാറെടുക്കുകയാണ്. ഏതു കഴിവും പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്ന നാലു നാൾ നീളുന്ന മത്സരമാണ് ഏപ്രിൽ-മെയ് മാസങ്ങളിൽ ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP