Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതി ഉത്തരവ് വന്ന ഉടൻ പൊലീസ് രംഗത്ത്; പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവർക്ക് വ്യാപകമായി ഇന്നലെ പിഴയിട്ടു; എറണാകുളത്ത് മൊബൈൽ കോടതിയും പിഴ ഈടാക്കി

കോടതി ഉത്തരവ് വന്ന ഉടൻ പൊലീസ് രംഗത്ത്; പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവർക്ക് വ്യാപകമായി ഇന്നലെ പിഴയിട്ടു; എറണാകുളത്ത് മൊബൈൽ കോടതിയും പിഴ ഈടാക്കി

കൊച്ചി : ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ പരിശോധനയും പിഴ ഈടാക്കലുമെല്ലാം സജീവമായി. കോടതി ഉത്തരവ് വന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് ഹെൽമറ്റ് വേട്ട തുടങ്ങിയതോടെ ബൈക് യാത്രക്കാർ വെട്ടിലായി. എറണാകുളത്ത് സജീവമായി പരിശോധന നടന്നു. മൊബൈൽ കോടതിയും പിഴ ഈടാക്കൽ തുടങ്ങിയിട്ടുണ്ട്. ഇതോടെ എത്രയും വേഗം പുറകിലുള്ളവർക്കും ഹെൽമറ്റ് വാങ്ങേണ്ട അവസ്ഥയിലായി ഇരുചക്രവാഹന ഉടമകൾ.

എറണാകുളം നഗരത്തിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്ത 20 പേർക്ക് മൊബൈൽ കോടതി പിഴശിക്ഷ നൽകി. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതു പേർക്കാണ് മൊബൈൽ കോടതി ജഡ്ജി സോമൻ. പി. മാങ്കൂട്ടത്തിൽ പിഴ വിധിച്ചത്. ഇന്നലെ രാവിലെ എറണാകുളം ഫോർഷോർ റോഡിലും പരിസരങ്ങളിലുമായി നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്തവരിൽ നിന്ന് നൂറു രൂപ വീതം പിഴയീടാക്കി.

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് വേണ്ടെന്ന സർക്കാരിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പിൻസീറ്റുയാത്രക്കാർ ഹെൽമെറ്റ് ധരിക്കണമെന്നു പറയുമ്പോൾ അതിനു വിരുദ്ധമായി വ്യവസ്ഥ കൊണ്ടുവരുന്നത് നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ ഉത്തരവ്. പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് നൽകി കൊണ്ടുള്ള സംസ്ഥാന സർക്കാർ കൊണ്ടുവന്ന മോട്ടോർവാഹന ചട്ട ഭേദഗതിയാണ് കോടതി സ്റ്റേ ചെയ്തത്. കേന്ദ്ര നിയമത്തിന് കടക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

കേന്ദ്ര നിയമ പ്രകാരം സിഖ് വിശ്വാസികൾക്കും രോഗികൾക്കുമാണ് ഹെൽമെറ്റ് ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളത്. സർക്കാർ പുറത്തിറക്കിയ ചട്ട ഭേതഗതി ഇതിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.ഫോർട്ട് കൊച്ചി സ്വദേശിയായ ടി.യു രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഗതാഗത നിയമങ്ങൾ കർശനമാക്കണമെന്നും, ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും അമിത വേഗത്തിൽ വാഹനമോടിക്കുക, മദ്യപിച്ചു വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവ ഗൗരവമായി കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾക്കു സുപ്രീം കോടതിയുടെ നിർദ്ദേശം. ഈ സാ്ഹചര്യത്തിൽ പിൻസീറ്റുകാർക്ക് ഹെൽമറ്റ് എന്ന നിർദ്ദേശത്തിൽ കോടതി ഉറച്ചു നിൽക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP