Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിന് പിന്നാലെ ഇന്നും നാളെയും ഉഷ്ണതരംഗാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം; പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ ക്രമങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; നിലവിൽ 36 ഡിഗ്രി ചൂടുള്ള ജില്ലകളിൽ താപനില 44 വരെ ഉയരാൻ സാധ്യത ! വേനലിൽ പാമ്പുകളെ സൂക്ഷിക്കണമെന്നും വിദഗ്ദ്ധർ

സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിന് പിന്നാലെ ഇന്നും നാളെയും ഉഷ്ണതരംഗാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം; പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ ക്രമങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; നിലവിൽ 36 ഡിഗ്രി ചൂടുള്ള ജില്ലകളിൽ താപനില 44 വരെ ഉയരാൻ സാധ്യത ! വേനലിൽ പാമ്പുകളെ സൂക്ഷിക്കണമെന്നും വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വേനൽ കടുക്കുന്നതിന് പിന്നാലെ ഇന്നും നാളെയും സംസ്ഥാനത്ത് ഉഷ്ണതരംഗാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം. ഇതിന് പിന്നാലെ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പുറപ്പെടുവിച്ചിട്ടുമുണ്ട്. തൃശ്ശൂർ മുതൽ കണ്ണൂർ വരെ ജില്ലകളിൽ ഉള്ളവർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ച ശരാശരിയിൽ നിന്നും എട്ട് ഡിഗ്രിസെൽഷ്യസ് ചൂട് പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഖലയിൽ കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മോഡൽ അവലോകനങ്ങളുടെ പശ്ചാത്തലത്തിൽ അഥോറിറ്റി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ചില ജില്ലകളിൽ 36 ഡിഗ്രി വരെ ചൂട് വർധിച്ചിരുന്നു. ഇത് 44ൽ എത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് അപൂർവ്വമായാണ് ചൂട് 40ന് അപ്പുറം എത്തുന്നത്. നിലവിലെ അനുമാനപ്രകാരം കേരളത്തിൽ പൊതുവിൽ രണ്ടു മുതൽ നാലുഡിഗ്രി വരെയാണ് ചൂട് കൂടുതലുള്ളത്. മാർച്ച് ഒന്നുമുതലാണ് കേരളത്തിൽ വേനൽ തുടങ്ങുന്നത്. മാർച്ച് 21വരെ കനത്തചൂടിന് സാധ്യതയുമുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അഥോറിറ്റി അറിയിപ്പ് പുറപ്പെടുവിച്ചത്.

പൊതുജനങ്ങൾ ജാഗ്രതപാലിക്കണം

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടുവാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുള്ളതിനാൽ സൂര്യാതപം ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തലഘൂകരണ അഥോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം.

ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച ലേബർ കമീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ പാലിക്കണമെന്നും അഥോറിറ്റി അറിയിച്ചു.

സൂര്യാതപം..ഇക്കാര്യം ഓർക്കൂ

ശരീരോഷ്മാവ് 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ഉയരുക, ചർമം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടിമിടിപ്പ്, അസാധാരണമായ വിയർപ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം, ചർമം ചുവന്നുതടിക്കുക, പൊള്ളലേൽക്കുക.

പ്രതിരോധിക്കാം

കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക. കഫീൻ, മദ്യം മുതലാവ ഒഴിവാക്കുക. സൺഗ്ലാസുകൾ, കുട എന്നിവ ഉപയോഗിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തിവസ്ത്രങ്ങൾ ധരിക്കുക. സൂര്യാതപമേറ്റാൽ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക. ചൂട് കുറക്കാൻ ഫാൻ ഉപയോഗിക്കുക, കാലുകൾ ഉയർത്തിവെക്കുക, വെള്ളത്തിൽ നനച്ച തുണി ദേഹത്ത് ഇടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ നൽകുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

 വേനൽക്കാലം പാമ്പുകളെ പേടിക്കേണ്ട കാലം കൂടിയാണ്. വിഷപാമ്പുകളുടെ സാന്നിധ്യം കൂടുതലായി കാണുന്ന സമയമാണു മാർച്ച്, എപ്രിൽ മാസങ്ങൾ. ജില്ലയിൽ പ്രധാനമായും കാണപ്പെടുന്ന മൂർഖന്റെ മുട്ട വിരിയുന്നതും ഈ മാസങ്ങളിലാണ്. അതിനാൽ തന്നെ വീടിന്റെ പുറം ഭാഗത്തും പറമ്പിലൂടെയും നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.

പ്രധാന പാമ്പുകൾ

മരണകാരണമാകുന്ന വിഷമാണു മൂർഖന്റേത്. കടിയേറ്റ ഭാഗത്തു നീരുവരികയും ചെറുതായി രക്തം കിനിയുകയും കരിവാളിക്കുകയും ചെയ്യും. വിഷം മസ്തിഷ്‌കത്തേയും സുഷുമ്‌നയേയും ബാധിക്കുന്നതോടെ വിളർച്ചയും വിറയലും വരും. വായിൽ നിന്നു നുരയും പതയും വരുന്നതും ലക്ഷണമാണ്.

അണലിയുടെ കടിയേറ്റാൽ രക്തക്കുഴലുകളെ ബാധിക്കുന്ന വിഷം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. ശരീരത്തിലെ രക്തം നേർപ്പിക്കുന്ന തരത്തിലുള്ള വിഷമാണ് അണലിയുടേത്. കണ്ണിലൂടെയും മൂക്കിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം വരാം. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ അത്യാഹിതം സംഭവിക്കാം.

വ്യാപകമായിട്ടില്ലെങ്കിലും ചിലപ്രദേശങ്ങളിൽ അധികമായി കാണപ്പെടുന്ന പാമ്പാണു വെള്ളിക്കെട്ടൻ. കടിയേറ്റ ഭാഗത്തു വീക്കമോ വേദനയോ ഉണ്ടാകില്ല. തലയ്ക്കു മത്തുപിടിച്ച പോലെ തോന്നും. കടിയേറ്റു കുറച്ചുസമയത്തിനു ശേഷം മാത്രമേ വിഷ ലക്ഷണം പ്രകടമാകൂ. ശക്തിയായ വയറുവേദനയും സന്ധിവേദനയും അനുഭവപ്പെടും. കടിയേറ്റ ഭാഗത്ത് ഇളം പിങ്ക് നിറത്തിലുള്ള ദ്രാവകം കാണാം. നടക്കുമ്പോൾ തളരുന്നതും ശ്വാസോച്ഛ്വാസം ദുർബലമാകുന്നതും ലക്ഷണമാണ്. കഫം ഛർദിക്കാനും സാധ്യതയുണ്ട്.

കടിയേറ്റാൽ

പാമ്പുകടിയേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കുക
പാമ്പുകടിയേറ്റയാളെ കൂടുതൽ ഭയപ്പെടുത്തരുത്. ഇതു രക്തസമ്മർദ്ദം കൂട്ടാൻ ഇടയാക്കും.

നടക്കാനോ ഓടാനോ അനുവദിക്കരുത്. ഇതു വിഷം പടരാൻ കാരണമാകും.

മുറിവിനു മുകളിൽ ചെറിയ കെട്ടുകെട്ടാം. വലിച്ചു മുറുക്കി കെട്ടരുത്.

ചികിത്സാ സൗകര്യങ്ങൾ

ആലപ്പുഴ മെഡിക്കൽ കോളജിൽ എല്ലാവിധ വിഷത്തിനുമുള്ള മരുന്നുകൾ ലഭ്യമാണ്. ആലപ്പുഴ ജനറൽ ആശുപത്രി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, തുറവൂർ, ചേർത്തല, ചെട്ടികാട്, പുളിങ്കുന്ന്, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികളിലും പ്രതിരോധ മരുന്നുകൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വീടുംപരിസരവും വൃത്തിയായി സൂക്ഷിക്കാം.
അടുക്കള, വാട്ടർ ടാങ്ക് തുടങ്ങി തണുപ്പ് ഏറെയുള്ള സ്ഥലങ്ങൾ പ്രത്യേകം സൂക്ഷിക്കണം. ഇവിടെ ഇടയ്ക്കിടെ ശ്രദ്ധയോടെ വൃത്തിയാക്കണം.

വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ പ്രത്യേകം നോക്കുക. ഇവ അടച്ചു സൂക്ഷിക്കുക. വാതിൽപ്പാളികൾക്ക് ഇടയിലും വിടവുണ്ടോയെന്നു പരിശോധിക്കുക.

വീടിനു മുന്നിലിടുന്ന ചവിട്ടി അടക്കം പരിശോധിക്കുക. ഇതിനടിയിലും പാമ്പുകൾ ചുരുണ്ടുകൂടാറുണ്ട്.

ചെരുപ്പുകൾ, ഷൂസുകൾ എന്നിവ ഇടും മുൻപ് പരിശോധിക്കുക. ഇവ വീടിനു പുറത്തിടാതെ അകത്തു തന്നെ സൂക്ഷിക്കുക.

വിറക് തുടങ്ങിയ വസ്തുക്കൾ സൂക്ഷിച്ചു വയ്ക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുക. ഇവ നിലത്തു കൂട്ടിയിടരുത്. സ്റ്റാൻഡ് പോലെ എന്തെങ്കിലും കെട്ടി ഉയരത്തിൽ മാത്രമേ ഇവ സൂക്ഷിക്കാവൂ.

നിലത്തു ഉറച്ചു ചവിട്ടി നടക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാമ്പുകൾ ഇഴഞ്ഞു പോകാൻ കാരണമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP