Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

കണ്ണൂരിൽ ശമനമില്ലാതെ പേമാരി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; നിരവധി വീടുകൾ തകർന്നു; കൃഷിനാശം വ്യാപകം

കണ്ണൂരിൽ ശമനമില്ലാതെ പേമാരി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; നിരവധി വീടുകൾ തകർന്നു; കൃഷിനാശം വ്യാപകം

അനീഷ് കുമാർ

കണ്ണൂർ: മഴകനത്തതോടെ ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി. നിരവധി വീടുകൾ പേമാരിയിൽ തകർന്നു. വൻകൃഷിനാശമാണ് മലയോരങ്ങളിലെ കർഷകർ നേരിടുന്നത്. ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയാണ് കണ്ണൂർ നഗരത്തിലുൾപ്പെടെ പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമായത്. പഴയബസ്സ്റ്റാൻഡിലെ അണ്ടർബ്രിഡ്ജിൽ അരയോളം പൊക്കത്തിൽ വെള്ളം കയറി. താവക്കര, കണ്ണൂർസിറ്റി എന്നിവടങ്ങളിലും വെള്ളക്കെട്ടുണ്ടായി. പഴയങ്ങാടി,തലശേരി, ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠാപുരം തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക ചെറുനഗരങ്ങളും വെള്ളക്കെട്ടിൽ അമർന്നു. നിരവധി വീടുകൾ കനത്തമഴയിൽ തകർന്നു വീണു. മരങ്ങൾ കടപുഴകി വീണു വൈദ്യുതി ബന്ധം നിലച്ചു.

വൻകൃഷിനാശവുമുണ്ടായി. ഏഴോം, കാട്ടാമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഏക്കറുകണക്കിന് നെൽവയലുകളും കൈപ്പാടുകളും വെള്ളത്തിനടിയിലായി. വാഴ, റബ്ബർ, മറ്റുകാർഷിക വിളകൾ എന്നിവ വ്യാപകമായി നശിച്ചു. വിളവെടുപ്പിന്റെ അവസാനഘട്ടത്തിൽ പെയ്ത പേമാരി കശുവണ്ടി കർഷകരുടെ അവശേഷിച്ച പ്രതീക്ഷകളും തകർത്തു.

ആറുവരി ദേശീയ പാത നിർമ്മാണം നടന്നുവരുന്ന എടക്കാട്-മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ ചെളിവെള്ളം കയറുന്നതിനാൽ പരിസര പ്രദേശങ്ങളിലെ വീട്ടുകാർ ദുരിതത്തിലാണ്. ഇവരുടെ പരാതിയെ തുടർന്ന് ദേശീയപാത അഥോറിറ്റി ജെ.സി.ബി ഉപയോഗിച്ചു പദ്ധതി പ്രദേശത്തു നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലുംകനത്ത മഴയിൽ പ്രവൃത്തി മന്ദഗതിയിലാണ്. തളിപ്പറമ്പ് കീഴാറ്റൂരിലും ഇതേ പ്രശ്നം തന്നെ അനുഭവിക്കുന്നുണ്ട്. കനത്ത മഴകാരണം പഴശി ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.സുൽത്താൻ കനാലിലെ പാർശ്വഭിത്തിയും തകർന്നിട്ടുണ്ട്. കല്ലിക്കണ്ടി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

മഴക്കാല ദുരന്തനിവാരണം മുൻനിർത്തി ജില്ലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കലക്ടർ എസ് ചന്ദ്രശേഖർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കലക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് നിർദ്ദേശം.ജില്ലയിലെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക പഞ്ചായത്ത് തലത്തിൽ തയ്യാറാക്കും.

ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പട്ടിക ജനങ്ങളെ അറിയിക്കും.ഓരോ ഗ്രാമപഞ്ചായത്തും ദുരിതാശ്വാസ വളണ്ടിയർമാരുടെ പട്ടിക തയ്യാറാക്കണമെന്നും കലക്ടർ അറിയിച്ചു.കാലാവസ്ഥാ മുന്നറിയിപ്പുകൾ, ജാഗ്രതാ നിർദ്ദേശങ്ങൾ തുടങ്ങിയവ വാർഡ് തലത്തിൽ അറിയിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ അവശ്യസാധനങ്ങളും ഉപകരണങ്ങളും ഉറപ്പ് വരുത്താൻ ഫയർഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകൾക്ക് ചുമതല നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP