Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; പൊതുജനങ്ങൾക്കായി ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; പൊതുജനങ്ങൾക്കായി ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കൻ മേഖലയിലായി രൂപം കൊള്ളുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമർദമായി രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. ബുർവി എന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായി തമിഴ്‌നാട്, ഒഡീഷ, ആന്ധ്ര തീരങ്ങളിൽ തിങ്കളാഴ്ച മുതൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ ജില്ലയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഡിസംബർ രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴ ലഭിക്കും.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദ്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

  • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം.
  • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
  • ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കണം.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇവിടെ ലഭിക്കും.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP