Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം ദിവസവും നിലയ്ക്കാത്ത മഴ; കേരളം മുഴുവൻ വെള്ളപ്പൊക്കത്തിൽ; തലസ്ഥാനം മുങ്ങാറായി; മരണം നാലായി; മഴക്കെടുതി നേരിടാൻ ദ്രുതകർമസേന

രണ്ടാം ദിവസവും നിലയ്ക്കാത്ത മഴ; കേരളം മുഴുവൻ വെള്ളപ്പൊക്കത്തിൽ; തലസ്ഥാനം മുങ്ങാറായി; മരണം നാലായി; മഴക്കെടുതി നേരിടാൻ ദ്രുതകർമസേന

തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ മരണം നാലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തെക്കൻ കേരളത്തിലാണ് ഇന്ന് മഴ കനത്ത നാശം വിതച്ചത്. മഴക്കെടുതി നേരിടാൻ ദ്രുതകർമസേനയെ രംഗത്തിറക്കാൻ മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ഫയർഫോഴ്‌സിനും പൊലീസിനും നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ അതത് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കെടുതി നേരിടാൻ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് എലത്തൂർ റെയിൽവെ സ്റ്റേഷനുസമീപം ഓടയിൽ വീണ് എലത്തൂർ സ്വദേശി ശിവരാമൻ (53) മരിച്ചു. കൊല്ലത്ത് വീടിന്റെ ചുവരിടിഞ്ഞുവീണ് കരവാളൂർ സ്വദേശി രാധാകൃഷ്ണൻ (48) മരിച്ചു. ഇന്നലെ രണ്ടുപേർ മഴക്കെടുതിയിൽ മരിച്ചിരുന്നു. വീടിന്റെ ചുമരിടിഞ്ഞ് വീണ് തിരുവനന്തപുരം ഉഴമലയ്ക്കൽ പിറവൂർ വണ്ടക്കൽ തേക്കാവിള പുത്തൻ വീട്ടിൽ തങ്കപ്പനാശാരി(69)യാണ് മരിച്ചത്. മൺകല്ലു കൊണ്ടുള്ള ഒറ്റമുറി വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് ശക്തമായ മഴയിൽ ചുമരിടിഞ്ഞ് തങ്കപ്പൻ ആശാരി അതിനടിയിൽ പെട്ടത്. ഭാര്യ രാജമ്മ ജോലിക്കു പോയിരുന്നു. വയനാട്ടിൽ പുല്പളളി പാളക്കൊല്ലി മാടൽ പാടി കോളനിയിലെ ചന്ദ്രൻ (55) ആണ് വീടിനുള്ളിൽ കയറിയ വെള്ളം കോരിക്കളയുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴക്കെടുതി വ്യാപകനാശനഷ്ടമുണ്ടാക്കി. മരപ്പാലം സ്വദേശി പത്മകുമാറിന്റെ വീട് നിലം പൊത്തി. സമീപത്തുള്ള ബഹുനില മന്ദിരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇവിടെ നിന്നും തലനാരിഴയ്ക്കാണ് ഒരു കുടുംബം രക്ഷപ്പെട്ടത്. കുളത്തൂപ്പുഴയിൽ ഒരു വീട് പൂർണമായും മൂന്നു വീടുകൾ ഭാഗികമായും തകർന്നു. പാലോട് ഒരു വീട് ഭാഗമായി തകർന്നു. പാലോട്, മൈലമൂട് പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനിടിയിലായി. വീടുകൾ വെള്ളത്തിൽ മുങ്ങി. തിരുവനന്തപുരം തെന്മല പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

വാമനപുരം നദി കരവിഞ്ഞൊഴുകി. തീരപ്രദേശങ്ങൾ വെള്ളത്തിനിടയിലായി. നെയ്യാറും കരമനയാറും കരവിഞ്ഞൊഴുകുകയാണ്. നേമം, കൈമനം, വലിയവിള, പേയാട്, വയലിക്കട, കുണ്ടമൺകടവ് തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. അമ്പൂരി തേക്കുപ്പാറയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. കോന്നി കൊക്കാത്തോടിലും ഉരുൾപൊട്ടി.

ആര്യാട് വൻ തോതിൽ കൃഷിനാശമുണ്ടായി. തിരുവനന്തപുരത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കലക്ടറേറ്റുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

കോട്ടയത്തും വയനാടും തിരുവനന്തപുരത്ത് ബ്രൈമൂറിലുമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ബ്രൈമൂറിൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. വാഹനഗതാഗതം തടസ്സപ്പെട്ടു. റാന്നിയിലും ഈരാറ്റുപേട്ട വാഗമൺ റോഡിലും വെള്ളം കയറിയതും ഗതാഗതതടസ്സത്തിന് ഇടയാക്കി.

ബ്രൈമൂർ മങ്കയത്തിനു സമീപം ആദിവാസി മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഒരു വീട് ഒലിച്ചുപോയി. നെടുമങ്ങാട്, വിതുര, പോത്തൻകോട് മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി. ജില്ലാ ഭരണകൂടത്തിന് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ബോണക്കാടിനു സമീപം റോഡിലേക്കു മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആൾക്കാരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകി. കാറ്റിന്റെ വേഗത വർദ്ധിച്ചതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചവരെ കാറ്റിന്റെ വേഗത 45 മുതൽ 55 കിലോമീറ്റർ വരെയാകും.

കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുട്ടം ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കൃഷി നശിച്ചു. ശക്തമായകാറ്റിൽ വൈദ്യുതി ബന്ധം തകർന്നു. പുല്പള്ളി മേഖലയിൽ ഇരുപതോളം വീടുകൾ തകർന്നു. മേപ്പാടി മേഖലയിൽ ഇടിമിന്നലിൽ രണ്ടു വീടുകൾക്ക് കേടുപാടു സംഭവിച്ചു. വയനാട് ചുരത്തിന്റെ ഒന്നാം വളവിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തൊട്ടില്പാലം നാഗമ്പാറയിൽ ഉരുൾപൊട്ടലുണ്ടായി.

കോഴിക്കോട് ജില്ലയിലെ മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശനഷ്ടമുണ്ടായി. കനത്ത മഴയും മലവെള്ളപ്പാച്ചിലും മൂലം കോഴിക്കോട് താമരശേരിക്ക് അടുത്ത് ഈങ്ങാപ്പുഴ, അടിവാരം ടൗണുകൾ വെള്ളത്തിലായി. കൈതപ്പൊയിലിൽ പുഴയിൽ അകപ്പെട്ടവരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലാണോ പെട്ടെന്നുണ്ടായ പ്രളയത്തിനു കാരണമെന്നു വ്യക്തമല്ല. ഒരിടത്ത് 20 മീറ്റർ വീതിയിൽ മണ്ണു റോഡിലേക്കു വീണു. വ്യാപക കൃഷിനാശവുമുണ്ടായി. കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറ, വട്ടിപ്പന, നാഗംപാറ ലക്ഷംവീടു കോളനിറോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഒരു വീട് ഭാഗികമായി തകർന്നു. മലപ്പുറം ജില്ലയിലെ കാളികാവ് ജംക്ഷനിൽ നിലമ്പൂർപെരുമ്പിലാവ് സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം നിലച്ചു. കാളികാവിൽ അഞ്ചു കുടുംബങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP