Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.എ.ടി.യിൽ 70 ലക്ഷത്തിന്റെ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധാനങ്ങളും നവീകരിച്ചിരിക്കുകയാണ്. എസ്.എ.ടി. ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പി.യുടെ സ്ഥാനത്ത് 70 ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ പീഡിയാട്രിക് ഒ.പി.യുടെ തൊട്ടടുത്തുതന്നെ അത്യാഹിത വിഭാഗവും സജ്ജമാകുകയാണ്. നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, മെഡിക്കൽ റെക്കോർഡ് ലൈബ്രറി, കെ.എ.എസ്‌പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, അൾട്രാസൗണ്ട് സ്‌കാനിങ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം ജനുവരി 14-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എസ്.എ.ടി. ആശുപത്രി മാതൃശിശു സംരക്ഷണ മന്ദിര അങ്കണത്തിൽ (ഗൈനക്ക് ഒ.പി.യുടെ മുൻവശം) വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ചാണ് എസ്.എ.ടി.യിൽ ഈ സംവിധാനങ്ങളൊരുക്കുന്നത്. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

എസ്.എ.ടി. ആശുപത്രിയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടുന്ന പീഡിയാട്രിക് വിഭാഗത്തിൽ ഇതോടെ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നത്. എസ്.എ.ടി. ആശുപത്രിയുടെ സമഗ്ര വികസനത്തിന് 5 കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നൽകിയത്. എസ്.എടി. ആശുപ്രതി ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജിന്റെ നവീകരണങ്ങൾക്കായി 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കി വരുന്നു. ഇതിൽ എസ്.എ.ടി.യ്ക്കായുള്ള പ്രത്യേക ബ്ലോക്കും വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യഘട്ടമായ 58.37 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മെഡിക്കൽ കോളേജ് പ്രവേശനകവാടം മുതൽ എസ്.എ.ടി. ആശുപത്രി വരെയുള്ള റോഡുകൾ വിപുലീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ പ്രധാന ചികിത്സാ വിഭാഗങ്ങളായ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, നിയോനാറ്റോളജി, റീപ്രൊഡക്ടീവ് മെഡിസിൻ എന്നിവയിൽ ഡിപ്പാർട്ട്മെന്റുകൾ സ്ഥാപിക്കുകയും പുതിയ തസ്തികൾ സൃഷ്ടിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി പി.ജി. കോഴ്സുകൾ ആരംഭിച്ചു. കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളോടെയാണ് പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. ശീതീകരിച്ച അത്യാഹിത വിഭാഗത്തിൽ 3 എമർജൻസി കിടക്കകളും അത്യാവശ്യഘട്ടങ്ങളിൽ കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ട്രാൻസ്പോർട്ട് വെന്റിലേറ്ററും മോണിറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. സാരമായ രോഗങ്ങളും ആന്തരിക രക്തസ്രാവവും അത്യാഹിത വിഭാഗത്തിൽ വച്ച് തന്നെ കണ്ടെത്താനായി പോർട്ടബിൾ സ്‌കാനിങ് മെഷീനും സജ്ജമാക്കി. ഇതിലൂടെ അടിയന്തിര ചികിത്സ കാലതാമസം കൂടാതെ ലഭ്യമാക്കുവാനും രോഗിയെ കാലതാമസം കൂടാതെ ഷിഫ്റ്റ് ചെയ്യുവാനും സാധിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിശാലമായ കാത്തിരുപ്പ് കേന്ദ്രമാണ് ഇതോടനുബന്ധിച്ച് ഒരുക്കിരിക്കുന്നത്. ടി.വി., കുടിവെള്ളം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ പുതിയതായി നിർമ്മിച്ച കാത്തിരുപ്പ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ഒരു രോഗി എത്തുമ്പോൾ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ചുവിട്ട് ഉടൻ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സമ്പ്രദായവും അത്യാഹിത വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട്. വയറിളക്കമുള്ള രോഗികൾക്ക് നിരീക്ഷണ മുറി ഇവിടെ സജജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരുദിവസം വരെ ചികിത്സിക്കുകയും ചെയ്യാം. ഇതുവഴി അനാവശ്യ കിടത്തി ചികിത്സ ഒഴിവാക്കാം.

പലപ്പോഴും രോഗികളുടെ ബാഹുല്യം കാരണം സ്‌കാനിങ് നിശ്ചിത സമയത്ത് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. അതിന് പരിഹാരമായി എസ്.എ.ടി.യിൽ 35 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ അൾട്രാസൗണ്ട് സ്‌കാനിങ് മെഷീൻ എച്ച്.എൽ.എൽ. സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ രോഗികൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ഇത് സൗജന്യമായാണ് നൽകുന്നത്.

അത്യാധുനിക ഹീമോഫീലയ ക്ലിനിക്കിന് സർക്കാർ 35 ലക്ഷം മുടക്കി പുതിയ സംവിധാനം ഒരുക്കിവരികയാണ്. അതിനാൽ ഹീമോഫീലിയ ക്ലിനിക് നടത്തുവാനായി എസ്.എ.ടി. ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി നിർമ്മിച്ച് നൽകിയ കെട്ടിടം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കെ.എ.എസ്‌പി.) ഓഫീസിനായി നവീകരിച്ചു. ഇത് ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ പ്രയോജന പ്രദമായിരിക്കും.

എസ്.എ.ടി.യിലെ മെഡിക്കൽ റെക്കാർഡ് ലൈബ്രറി വളരെ സ്ഥലപരിമിതിയുള്ള സ്ഥലത്തായിരുന്നു മുമ്പ് പ്രവർത്തിച്ചിരുന്നത്. 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നവീകരിച്ച് ലൈബ്രറി ഡിസീസ് കോഡ് അനുസരിച്ച് ക്രമീകരിച്ചിട്ടുള്ളത്. വിവിധ രോഗങ്ങളുടെ ചികിത്സയും ഗവേഷണവും നടത്തുന്നതിന് മെഡിക്കൽ റെക്കാഡ് വളരെ ഉപയോഗം ചെയ്യുന്നതാണ്. ഇത് ഗവേഷണ വിദ്യാർത്ഥികൾക്കും വളരെ പ്രയോജനം ചെയ്യും.

ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ച കുട്ടികൾക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച മിഠായി പദ്ധതിയുടെ ഭാഗമായാണ് മിഠായി ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്ക് ഇൻസുലിൻ, കുത്തിവയ്ക്കാനുള്ള പേന, ഗ്ലൂക്കോമീറ്ററും അതിന്റെ സ്ട്രിപ്പുകളും തുടങ്ങി ഇൻസുലിൻ പമ്പ് വരെ നൽകുവാൻ ഈ ക്ലിനിക്കിലൂടെ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP