Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ 'മൃത്യുഞ്ജയം' ക്യാമ്പെയിൻ; ആരോഗ്യവകുപ്പിന്റെ ഇടപെടൽ സംസ്ഥാനത്ത് വേനൽമഴ ശക്തമായ സാഹചര്യത്തിൽ; വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേക്ക് ആഹ്വാനം

എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ 'മൃത്യുഞ്ജയം' ക്യാമ്പെയിൻ; ആരോഗ്യവകുപ്പിന്റെ ഇടപെടൽ സംസ്ഥാനത്ത് വേനൽമഴ ശക്തമായ സാഹചര്യത്തിൽ; വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേക്ക് ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യുഞ്ജയം' എന്നപേരിൽ ക്യാമ്പെയിൻ ആരംഭിച്ചു. ക്യാമ്പെയിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.

എലിപ്പനിക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടിയാണ് ക്യാമ്പെയിൻ ആരംഭിച്ചത്. വീട്ടിൽ ചെടി വച്ചുപിടിപ്പിക്കുന്നവർ ഉൾപ്പെടെ മണ്ണുമായും, മലിനജലവുമായും സമ്പർക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.
പകർച്ചവ്യാധികൾക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തി വരികയാണ്.

വീടുകളിൽ എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം.സ്‌കൂളുകളിൽ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കാണുന്നെങ്കിൽ ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.

ശ്രദ്ധിച്ചില്ലെങ്കിൽ ഏറെ അപകടം വരുത്തിവെയ്ക്കുന്നതാണ് എലിപ്പനി. രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാൽമുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

പ്രതിരോധ മാർഗങ്ങൾ

മലിനജലവുമായും മണ്ണുമായും സമ്പർക്കത്തിൽ ഏർപ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാൽ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15042022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP