Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കവളപ്പാറ പുനരധിവാസം വൈകുന്നതിൽ പി.വി അൻവർ എംഎ‍ൽഎക്ക് ഹൈക്കോടതിയുടെ നോട്ടീസ്; ദുരന്തത്തിന് ഇരയായവരെ രക്ഷിക്കുകയാണ് വേണ്ടതെന്നും പുനരധിവാസം വൈകിച്ച് ശിക്ഷിക്കരുതെന്നും കോടതി

കവളപ്പാറ പുനരധിവാസം വൈകുന്നതിൽ പി.വി അൻവർ എംഎ‍ൽഎക്ക് ഹൈക്കോടതിയുടെ നോട്ടീസ്; ദുരന്തത്തിന് ഇരയായവരെ രക്ഷിക്കുകയാണ് വേണ്ടതെന്നും പുനരധിവാസം വൈകിച്ച് ശിക്ഷിക്കരുതെന്നും കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിന്റെ ഹൈക്കോടതിയുടെ നോട്ടീസ്. മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ 59 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം വൈകിപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി പി.വി അൻവർ എംഎ‍ൽഎക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടത്.

ദുരന്തത്തിനിരയായവരെ രക്ഷിക്കുകയാണ് വേണ്ടതെന്നും പുനരധിവാസം വൈകിച്ച് ശിക്ഷിക്കരുതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് അനു ശിവരാമൻ നോട്ടീസയക്കാൻ ഉത്തരവിട്ടത്. എംഎ‍ൽഎയും സർക്കാരും ഓഗസ്റ്റ് ആറിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കണം. കേസ് ഓഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും.മലപ്പുറം മുൻ കളക്ടർ ജാഫർ മാലിക് പോത്തുകൽ പഞ്ചായത്തിൽ ഒമ്പത് ഏക്കർ ഏറ്റെടുത്ത് പുനരധിവാസത്തിനായി സമർപ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതി എംഎ‍ൽഎ ഇടപെട്ട് അട്ടിമറിച്ചെന്നും മൺസൂണിനു മുമ്പ് പുനരധിവാസം ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് കവളപ്പാറ കോളനി കൂട്ടായ്മ കൺവീനറും ദുരന്തത്തിന്റെ ഇരയുമായ എം.എസ് ദിലീപാണ് ഹരജി സമർപ്പിച്ചത്. ദുരന്തത്തിൽ ദിലീപിന്റെ പിതൃസഹോദരന പുത്രൻ അനീഷും മരണപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനുണ്ടായ കവളപ്പാറ ഉരുൾപൊട്ടലിൽ 59 പേരാണ് മരണപ്പെട്ടത്. 44 വീടുകൾ പൂർണമായും 40 വീടുകൾ ഭാഗികമായും തകർന്നു. കവളപ്പാറയിൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 67 കുടുംബങ്ങളെ 10 സെന്റ് വീതം സ്ഥലത്ത് വീട് നിർമ്മിച്ച് പുനരധിവസിപ്പിക്കുന്നതിന് കളക്ടർ സമർപ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതി സർക്കാർ അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കാൻ പണം അനുവദിക്കുകയും ചെയ്തിരുന്നു. കവളപ്പാറക്കാർ ചൂണ്ടികാട്ടിയ പോത്തുകൽ പഞ്ചായത്തിലെ 9 ഏക്കർസ്ഥലം സെന്റിന് 30,000 രൂപ വില നിശ്ചയിച്ച് ഏറ്റെടുക്കാനുള്ള നടപടിയും കളക്ടർ പൂർത്തിയാക്കിയിരുന്നു.

ഇതിനിടെയാണ് സ്ഥലമേറ്റെടുക്കുന്നത് അറിഞ്ഞിട്ടില്ലെന്നും കുറഞ്ഞ വിലക്ക് സ്ഥലം ലഭ്യമാകുമെന്ന വാദവുമായി എംഎ‍ൽഎ രംഗത്തുവന്നത്. പ്രളയപുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ടുപയോഗിച്ച് വാങ്ങുന്നതിന് പി.വി അൻവർ എംഎ‍ൽഎ നിർബന്ധിച്ചതായി ഗുരുതരമായ വെളിപ്പെടുത്തലുമായി കളക്ടർ ജാഫർ മാലിക് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കുറഞ്ഞവിലക്ക് ഭൂമി ലഭ്യമാക്കാമെന്ന് എംഎ‍ൽഎ പറഞ്ഞതോടെ കളക്ടർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം സർക്കാർ റദ്ദാക്കി പുതിയ വിജ്ഞാപനം ഇറക്കുകയായിരുന്നു. എന്നാൽ കളക്ടറുടെ നേതൃത്വത്തിലുള്ള പർച്ചെയ്‌സ് കമ്മിറ്റി നിശ്ചയിച്ചതിൽ കുറഞ്ഞ വിലക്ക് അനുയോജ്യമായ ഭൂമി പോത്തുകൽ പഞ്ചായത്തിൽ കണ്ടെത്താനായില്ല.

ഇതോടെയാണ് കവളപ്പാറ കോളനി കൂട്ടായ്മ പുനരധിവാസം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പുനരധിവാസ പദ്ധതിക്കുപകരം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും ഈ തുകയും ഇതുവരെയും ദുരന്തബാധിതർക്ക ലഭിച്ചിട്ടില്ല. ദുരന്തത്തിനിരയായവരെ ആറു മാസത്തിനകം പുനരധിവസിപ്പിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും ദുരന്തം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. കവളപ്പാറയിൽ ദുരന്തത്തിനിരയായ 31 ആദിവാസി കുടുംബങ്ങളിലെ 100റിലേറെപ്പേർ ഇപ്പോഴും ദുരിതാശ്വവാസ ക്യാമ്പിലാണ്. ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യമില്ലാത്തതിനാൽ അവശേഷിക്കുന്നവർ വാടവീടുകളിലേക്ക് മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP