Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നേ മുക്കാൽ കോടിയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്: മൂർഖൻ ഷാജിയടക്കം രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി; ലഹരി മാഫിയ തലവനും കൂട്ടുപ്രതികളും നേരത്തെ ജാമ്യം നേടിയത് സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ

ഒന്നേ മുക്കാൽ കോടിയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്: മൂർഖൻ ഷാജിയടക്കം രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി; ലഹരി മാഫിയ തലവനും കൂട്ടുപ്രതികളും നേരത്തെ ജാമ്യം നേടിയത് സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം : സർക്കാർ അഭിഭാഷകന്റെ ഒത്തുകളിയിലൂടെ ജാമ്യം നേടിയ ഹാഷിഷ് കേസിൽ ജയിൽ മോചിതരായ പ്രതികളുടെ ജാമ്യം തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. ഒന്നേ മുക്കാൽ കോടി രൂപയുടെ തിരുവനന്തപുരം സിറ്റി ഹാഷിഷ് ഓയിൽ കള്ളക്കടത്ത് കേസിൽ ഒന്നാം പ്രതി അന്തർ സംസ്ഥാന ലഹരി മാഫിയ തലവൻ അടിമാലി സ്വദേശി മൂർഖൻ ഷാജി , കടത്തു സംഘാംഗവും മൂന്നാം പ്രതിയുമായ രാജേഷ് എന്നിവരുടെ ജാമ്യ ബോണ്ടാണ് റദ്ദാക്കിയത്. ഇരുവരെയും അറസ്റ്റ് ചെയ്യാൻ ജഡ്ജി സിജു ഷെയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം അസി.എക്‌സൈസ് കമ്മീഷണറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്.

2018ലാണ് തിരുവനന്തപുരം സിറ്റിയിൽ നിന്ന് മൂർഖൻ ഷാജിയടക്കം മൂന്നു പേരെ വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഹാഷിഷ് ലഹരിമരുന്ന് തൊണ്ടി മുതലടക്കം എക്‌സൈസ്പിടികൂടിയത്. മെൽബിൻ , രാജേഷ് എന്നിവരാണ് ഷാജിക്കൊപ്പം പിടിയിലായത്. അന്നു മുതൽ പ്രതികൾ റിമാന്റിലായിരുന്നു.

സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവുമായി മൂർഖൻ ഷാജിയും രാജേഷും ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചു. മയക്കു മരുന്ന് കേസുകളിലെ പ്രതികൾക്ക് അറസ്റ്റിലായി 180 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിൽ ജാമ്യത്തിനർഹതയില്ല.
ഇക്കാര്യം പരിഗണിക്കാതെ ഹൈക്കോടതി മെയ് 10 ന് ഷാജിക്കും കൂട്ടുപ്രതിക്കും ജാമ്യം നൽകി. കാലാവധി തീരും മുമ്പേ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചെന്ന കാര്യം എക്‌സൈസ് ആസ്ഥാനത്ത് നിന്ന് രേഖാമൂലം സർക്കാർ അഭിഭാഷകനെ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഇത് കോടതിയിൽ ബോധിപ്പിക്കുന്നതിൽ സർക്കാർ അഭിഭാഷകന് വീഴ്ച സംഭവിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.

ഹൈക്കോടതിയിൽ തന്നെ റിവ്യൂ (പുനഃപരിശോധന ) ഹർജി സമർപ്പിച്ചെങ്കിലും ജാമ്യം നൽകിയ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ പരിമിതിയുണ്ടെന്ന നിഗമനത്തിൽ റിവ്യൂ ഹർജി തള്ളി. ഈ ഉത്തരവ് ചോദ്യം ചെയ്ത് ക്രിമിനൽ അപ്പീൽ 15460 / 2020 നമ്പരായി എക്‌സൈസ് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി പ്രതികളുടെ ജാമ്യ ബോണ്ട് റദ്ദാക്കാൻ ഉത്തരവിട്ടു. കൽ തുറുങ്കിലിട്ട് പ്രതികളെ വിചാരണ ചെയ്യാനും വിചാരണ കോടതിയോട് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയുടെ ഉത്തരവ്. രണ്ടാം പ്രതി മെൽബിൻ ജാമ്യത്തിന് ആളില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിൽ കഴിയുകയാണ്.

2018 ൽ മണ്ണന്തല അക്വാറോക്ക് ഹോട്ടലിലെ പാർക്കിങ് വച്ച് 10.50 കിലോ ഹാഷിഷും വാങ്ങൽ അഡ്വാൻസ് തുകയായ 13.50 ലക്ഷം രൂപ പിടിച്ചെടുത്ത കേസിലും മൂർഖൻ ഷാജി പ്രതിയാണ്. ഹാഷിഷ്‌കടത്തിലൂടെ സമ്പാദിച്ച മൂർഖൻ ഷാജിയുടെ നാലു കോടി രൂപ വിലയുള്ള അടിമാലിയിലുള്ള കൊട്ടാര തുല്യ ആഡംബര വീടും വാണിജ്യ സമുച്ചയവും കണ്ടു കെട്ടിയിട്ടുണ്ട്. ചെന്നൈയിലെ എൻ.ഡി.പി.എസ് പ്രത്യേക അധികാര സമിതിയുടെ അനുമതിയോടെയാണ് എക്‌സൈസ് റവന്യൂ റിക്കവറി യിലൂടെ കണ്ടു കെട്ടിയത്. എൻ ഡി പിഎസ് നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ നാലു വർഷത്തിനിടെ സമ്പാദിച്ച വസ്തുവകകൾ കണ്ടു കെട്ടാൻ വ്യവസ്ഥയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP