Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദങ്ങളിൽപ്പെട്ട ഹരിപ്പാടു മെഡിക്കൽ കോളേജു പദ്ധതിക്ക് അന്ത്യമാകുന്നു; ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നു സർക്കാരിന് ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോർട്ട്

വിവാദങ്ങളിൽപ്പെട്ട ഹരിപ്പാടു മെഡിക്കൽ കോളേജു പദ്ധതിക്ക് അന്ത്യമാകുന്നു; ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നു സർക്കാരിന് ആരോഗ്യ മന്ത്രാലത്തിന്റെ റിപ്പോർട്ട്

ആലപ്പുഴ: വിവാദങ്ങൾക്കു പിന്നാലെ ഹരിപ്പാടു മെഡിക്കൽ കോളേജു പദ്ധതിക്ക് അന്ത്യമാകുന്നു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നു സർക്കാരിന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ടു സമർപ്പിച്ചു.

ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണു സംസ്ഥാന സർക്കാരിനു ആരോഗ്യവകുപ്പു റിപ്പോർട്ട് നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സമഗ്ര റിപ്പോർട്ടാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

ജൂലൈ എട്ടിനാണ് ആരോഗ്യ-ധനവകുപ്പ് മന്ത്രിമാർ മുഖേന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോ. സെക്രട്ടറി ബി. മനു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. 'മുൻ സർക്കാരിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ച കോന്നി, ഇടുക്കി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കൽ കോളജുകൾ ഇപ്പോൾ ഒരർത്ഥത്തിൽ പ്രവർത്തനരഹിതമാണ്. മഞ്ചേരി മെഡിക്കൽ കോളജും പ്രവർത്തിക്കുന്നില്ല. കാസർകോഡ്, വയനാട് എന്നിവിടങ്ങളിലും പുതിയ മെഡിക്കൽ കോളജുകളുടെ പ്രഖ്യാപനങ്ങളുണ്ട്. ഈ അവസരത്തിലാണ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജിന് അധികം ദൂരെയല്ലാതെ ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് തുടങ്ങുന്നതിനുള്ള നീക്കം. സമഗ്രമായ ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനേ ഇത്തരം പ്രഖ്യാപനങ്ങൾ ഉതകൂ. എത്രയോ വർഷങ്ങൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ച ആലപ്പുഴ മെഡിക്കൽ കോളജിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിക്കാതെയും നിലനിൽക്കുമ്പോഴാണ് ഹരിപ്പാട് പുതിയ മെഡിക്കൽ കോളജിന്റെ പ്രഖ്യാപനം. വീണ്ടുവിചാരമില്ലാതെയുള്ള പുതിയ മെഡിക്കൽ കോളജുകളുടെ പ്രഖ്യാപനവും ആരംഭിക്കലും നല്ല രീതിയിൽ നടന്നുവരുന്ന ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെപ്പോലും ബാധിച്ചിട്ടുണ്ട്. മേൽ വിവരിച്ച സാഹചര്യങ്ങളിൽ ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് ഇപ്പോൾ തുടങ്ങേണ്ടതില്ലെന്ന നയപരമായ തീരുമാനം കൈക്കൊണ്ടതുകൊണ്ട്, ഇതുമായി ബന്ധപ്പെട്ട് ഇതിനകം ആരംഭിച്ച ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള എല്ലാ നടപടികളും നിർത്തിവയ്ക്കാവുന്നതാണ്'.- എന്നു റിപ്പോർട്ടിൽ പറയുന്നു.

ഇതോടെ ആരംഭിച്ചതു മുതൽ വിവാദത്തിലായ ഹരിപ്പാടു മെഡിക്കൽ കോളേജ് പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണു മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നേതൃത്വത്തിൽ പദ്ധതിക്കു തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ നങ്ങ്യാർകുളങ്ങരയിലെ എൻ.ടി.പി.സി. വക സ്ഥലമാണ് പദ്ധതിക്കായി കണ്ടിരുന്നത്. എന്നാൽ, സ്ഥലം നൽകാൻ എൻ.ടി.പി.സി. വിസമ്മതിച്ചതോടെ ദേശീയപാതയിൽ കരുവാറ്റ സബ് സ്റ്റേഷനു സമീപം സ്ഥലം കണ്ടെത്തി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആറാട്ടുപുഴയിലെ കായൽ നിലംനികത്തി നൽകുകയും മെഡിക്കൽ കോളജിനായി 150 കോടി രൂപാ നൽകാമെന്നും എൻ.ടി.പി.സി സമ്മതിച്ചെങ്കിലും മെഡിക്കൽ കോളജ് നടത്തിപ്പുകാർ ഇതിനു വിസമ്മതിച്ച വാർത്ത വിവാദമായിരുന്നു.

കരുവാറ്റയിൽ മെഡിക്കൽ കോളജ് പ്രഖ്യാപിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിടുകയും ചെയ്തു. പൊതു-സ്വകാര്യമേഖലയ്ക്ക് ഓഹരി പങ്കാളിത്തമുള്ള സിയാൽ മെഡിക്കൽ കോളജ് നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണാധികാരമുള്ള പദ്ധതിയിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനം മാത്രമാണെന്ന ഉത്തരവ് പുറത്തിറങ്ങിയതും എതിർപ്പുണ്ടാക്കി. പത്തു കിലോമീറ്റർ മാത്രം അകലെയുള്ള ആലപ്പുഴ മെഡിക്കൽ കോളജിന്റെയും ഫസ്റ്റ് റഫറൽ ആശുപത്രിയായ താലൂക്ക് ആശുപത്രിയുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പ്രഖ്യാപിച്ച ഹരിപ്പാട് മെഡിക്കൽ കോളജിന് പിന്നിൽ കച്ചവട താൽപര്യമാണെന്ന ആരോപണം ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മും ബിജെപിയും മെഡിക്കൽ കോളജിനെതിരേ രംഗത്തെത്തി. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു യു.ഡി.എഫും സമരം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP