Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞങ്ങൾക്ക് കാവലാളായി നിന്നവൻ നീ'യെന്ന് എൽഡിഎഫിനു വേണ്ടി; 'വാളറിയണം വോട്ടിന്റെ മൂർച്ഛ'യെന്ന് യുഡിഎഫിന് വേണ്ടി; വടകരയിലെ തെരഞ്ഞെടുപ്പ് വാശിയിൽ കോളടിച്ചത് സിറാജിന്; ഇരു മുന്നണികളും സിറാജിന് ഒന്നാം പേജ് ഫുൾ കളർ പരസ്യം നൽകുന്നതിന് പിന്നിലുമുണ്ടൊരു വോട്ടുബാങ്ക് രാഷ്ട്രീയം

'ഞങ്ങൾക്ക് കാവലാളായി നിന്നവൻ നീ'യെന്ന് എൽഡിഎഫിനു വേണ്ടി; 'വാളറിയണം വോട്ടിന്റെ മൂർച്ഛ'യെന്ന് യുഡിഎഫിന് വേണ്ടി; വടകരയിലെ തെരഞ്ഞെടുപ്പ് വാശിയിൽ കോളടിച്ചത് സിറാജിന്; ഇരു മുന്നണികളും സിറാജിന് ഒന്നാം പേജ് ഫുൾ കളർ പരസ്യം നൽകുന്നതിന് പിന്നിലുമുണ്ടൊരു വോട്ടുബാങ്ക് രാഷ്ട്രീയം

കെ വി നിരഞ്ജൻ

 കോഴിക്കോട്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്, യു ഡി എഫ് മുന്നണികൾക്കിത് വാശിയേറിയ മത്സരമാണ്. പത്രങ്ങൾക്ക് നൽകിയ പരസ്യത്തിൽ പോലും ഈ വീറും വാശിയും കാണാനുണ്ട്. സർക്കുലേഷനിൽ മുന്നിലുള്ള നിരവധി പത്രങ്ങൾ ഉണ്ടെങ്കിലും ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജനെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പേജിൽ ഫുൾ പേജ് കളർ പരസ്യം നൽകിയത് കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന സിറാജിന്.

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഒന്നാം പേജ് പരസ്യം സിറാജിന് നൽകി കെ മുരളീധരനെ വിജയിപ്പിക്കണമെന്ന് യു ഡി എഫും ആവശ്യപ്പെട്ടു. ഇതോടെ പോരാട്ടം യു ഡി എഫും എൽ ഡി എഫും തമ്മിൽ മാത്രമല്ല ലീഗ്, ഇ കെ വിഭാഗം സുന്നികൾ ഒരു ഭാഗത്തും കാന്തപുരം വിഭാഗം സുന്നികൾ എതിർഭാഗത്തും നിന്നുള്ള ഏറ്റുമുട്ടൽ കൂടി ആയി മാറിയിരിക്കുകയാണ്.

മദ്രസയിൽ നൽകിയ സ്വീകരണത്തിൽ കുറേ കുട്ടികൾക്കൊപ്പം ജയരാജൻ നിൽക്കുന്ന ഫോട്ടോയാണ് എൽ ഡി എഫ് പരസ്യത്തിലുള്ളത്. 'ഞങ്ങൾക്ക് കാവലായി നിന്നവൻ നീ' എന്ന് തലക്കെട്ടുമുണ്ട്. ഇതിന് മറുപടിയായി 'വാളറിയണം വോട്ടിന്റെ മൂർച്ഛ'യെന്ന തലക്കെട്ടിൽ കെ മുരളീധരന്റെ പരസ്യവും സിറാജിൽ പ്രത്യക്ഷപ്പെട്ടു. മറക്കാൻ കഴിയുമോ ഈ മുഖങ്ങൾ എന്ന ചോദ്യമുന്നയിച്ച് കൊലക്കത്തിക്കിരയായ പ്രവർത്തകരുടെ ചിത്രങ്ങൾ സഹിതമായിരുന്നു പരസ്യം. കൊല്ലപ്പെട്ട സുന്നി പ്രവർത്തകനും കോൺഗ്രസ് നേതാവുമായ ഷുഹൈബിന്റെ മരണവും ഈ പരസ്യത്തിൽ കാന്തപുരം വിഭാഗത്തോടുള്ള ചോദ്യമായി നിറയുന്നുണ്ട്.

യൂത്ത് കോൺഗ്രസ് നേതാവും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രവർത്തകനുമായിരുന്ന ഷുഹൈബിന്റെ കൊലയുമായി ബന്ധപ്പെടുത്തിയാണ് സിറാജിനും കാന്തപുരം വിഭാഗത്തിനുമെതിരെ യു ഡി എഫ് സൈബർ പോരാളികൾ രംഗത്ത് വന്നത്. ഇത്തരമൊരു പരസ്യം എൽ ഡി എഫിൽ നിന്ന് സ്വീകരിക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്ന തരത്തിൽ യു ഡി എഫ് പ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചു. ഇതിന് മറുപടിയായി പത്രത്തിൽ എല്ലാവരുടെയും പരസ്യങ്ങൾ വരുന്നത് സാധാരണമാണ് എന്നായിരുന്നു എ പി വിഭാഗം പ്രവർത്തകരുടെ മറുപടി.

ഒരു പത്രമാവുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യം കൊടുക്കൽ സാധാരണമാണ്. പക്ഷേ സിറാജ് പോലൊരു പത്രത്തിൽ കുറേ മുതഅല്ലിമീങ്ങളുടെ ഫോട്ടോ കൊടുത്തിട്ട് നീയാണ് ഞങ്ങളുടെ കാവലാള് എന്ന് പറയുമ്പോൾ ഇതേ പോലൊരു കുട്ടിയെ കൊത്തി നുറുക്കിയത് ഓർത്തിട്ടെങ്കിലും മാറ്ററും ഫോട്ടോയും മാറ്റി വേറെ പരസ്യം തരാൻ പറയാമായിരുന്നു എന്നായിരുന്നു യി ഡി എഫ്- ഇ കെ വിഭാഗം പ്രവർത്തകരുടെ വാദം.

എന്നാൽ സമൂഹമാധ്യമങ്ങളിൽ ഈ പ്രചരണത്തെ പരിഹസിച്ചുതള്ളുകയായിരുന്നു കാന്തപുരം വിഭാഗം. എൽ ഡി എഫ് സിറാജിൽ തെരഞ്ഞെടുപ്പ് പരസ്യം നൽകി. യു ഡി എഫ് സൈബർ പോരാളികൾ പത്രക്കട്ടിങ് പൊക്കിപ്പിടിച്ച് പ്രചരണവും നടത്തി. അങ്ങനെ എല്ലാ യു ഡി എഫ് പോരാളികളുടെ വാളിലും ജയരാജൻ നിറഞ്ഞു നിന്നു. എൽ ഡി എഫ് ലക്ഷ്യവും അതുതന്നെ. മണ്ടന്മാരായ അണികളുണ്ടോ ഇതൊക്കെ അറിയുന്നു. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും വേണമെങ്കിൽ സിറാജിൽ പരസ്യം നൽകാവുന്നതാണ്. പരസ്യം കൊടുക്കുകയാണേൽ സിറാജിൽ കൊടുക്കണം. അതേറ്റുപിടിക്കാൻ പലരുമുണ്ടാകുമെന്ന വാദത്തോട് ഞങ്ങൾക്ക് പരസ്യം നൽകേണ്ട ആവശ്യമില്ലെന്നായിരുന്നു യുഡി എഫുകാർ വ്യക്തമാക്കിയത്. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം തന്നെ യു ഡി എഫ് പരസ്യവും സിറാജിൽ വന്നതോടെ അവരുടെ വായടഞ്ഞു.

പരസ്യത്തിന് പിന്നാലെ വന്നു എ.പി വിഭാഗത്തിന്റെ പരിഹാസ ശരങ്ങൾ. ജയരാജന്റെ പരസ്യം യു ഡി എഫ് സൈബർ പോരാളികൾ ഏറ്റുപിടിച്ചതുപോലെ ഇടതുസൈബർ പോരാളികൾ മുരളീധരന്റെ പരസ്യവും ഏറ്റുപിടിക്കുമെന്ന് കരുതിയാണ് സിറാജിൽ പരസ്യം കൊടുത്തത്. പക്ഷെ അവർ വലതന്മാരെ പോലെ അന്തമില്ലാത്തവർ അല്ല എന്ന് ഇപ്പോൾ ബോധ്യമായിക്കാണും എന്നു എ പി വിഭാഗത്തിന്റെ പരിഹാസമുയർന്നു. ഏതായാലും വർഗ്ഗീയത വീഴും വികസനം വാഴും ഇത് കേരളമാണ് എന്ന് ഇടതുപക്ഷവും മതസൗഹാർദ്ദം, സമഗ്ര വികസനം ശാശ്വതസമാധാനം എന്ന് യു ഡി എഫും ഒന്നാം പേജിൽ പരസ്യം നൽകിയതോടെ കോളടിച്ചത് സിറാജ് പത്രത്തിന് തന്നെയാണ്.

സംസ്ഥാനത്ത് കാന്തപുരം വിഭാഗം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് സുന്നികൾക്കിടയിൽ വടകര, കണ്ണൂർ ഭാഗങ്ങളിൽ സിപിഎമ്മിനോട് അൽപ്പം അകൽച്ചയുണ്ട്. ഷുഹൈബ് വധം ന്യൂനപക്ഷങ്ങളിൽ പാർട്ടിയോട് അകൽച്ചയുണ്ടാക്കി എന്ന വിമർശനം സിപിഎം സമ്മേളനങ്ങളിലും ഉയർന്നിരുന്നു.

ഇതേ സമയം സുന്നി പ്രവർത്തകനായിരുന്നെങ്കിലും ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം തീർത്തും ദുർബലമായിരുന്നുവെന്ന് എതിർവിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് കെ സുധാകരന്റെ ശിഷ്യനായിപ്പോയതാണെന്ന തരത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ വിഭാഗത്തിന്റെ മാസികയായ രിസാലയിൽ ലേഖനവും വന്നിരുന്നു.

ഷുഹൈബുമാരുടെ അകാല വിയോഗങ്ങൾ യുവാക്കൾക്ക് ഒരു പാഠം നൽകുന്നുണ്ട്. രാഷ്ട്രീയ ഗുരുവിനെ തെരഞ്ഞെടുക്കുമ്പോൾ നൂറുവട്ടം ആലോചിക്കണമെന്നതാണ് എന്നു പറഞ്ഞ് സുധാകരനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പല കേസുകളിലും ഈ ചെറുപ്പകാരനെ പ്രതിയാക്കിയും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും രാഷ്ട്രീയദുർഗുണങ്ങൾ നിറഞ്ഞ നേതാവിന്റെ സാമിപ്യമാണ് എന്നൊക്കെയായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്.

സി പി എം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന കവർ സ്റ്റോറിയിലാണ് കെ സുധാകരന്റെ ശിക്ഷ്യനായതുകൊണ്ടാണ് ഷുഹൈബ് വധിക്കപ്പെടാൻ കാരണമമെന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായിരുന്നത്. എന്നാൽ പിന്നീട് സുന്നി പ്രവർത്തകരുടെ തന്നെ പ്രതിഷേധത്തെ തുടർന്ന് ഖേദപ്രകടനം നടത്തുകയായിരുന്നു രിസാല മാസിക.

മുഴുവൻ കാന്തപുരം സുന്നി പ്രവർത്തകരുടെയും പിന്തുണ ഉറപ്പാക്കാൻ എൽ ഡി എഫും ഷുഹൈബ് വധം ചർച്ചയാക്കി ഒരു വിഭാഗം കാന്തപുരം സുന്നി പ്രവർത്തകരുടെയെങ്കിലും വോട്ട് നേടാൻ യു ഡി എഫും പരിശ്രമങ്ങൾ തുടരുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഫുൾ പേജ് പരസ്യങ്ങൾ ലഭ്യമായതിൽ സിറാജ് മാനേജ്മെന്റും ഹാപ്പിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP