Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുരുവായൂരപ്പന് മഹീന്ദ്ര കാണിക്കയായി സമർപ്പിച്ച 'ഥാർ': ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം; പരസ്യലേലം പ്രഖ്യാപിച്ച് ദേവസ്വം ഭരണസമിതി; ഡിസംബർ 18ന് ലേലം നടത്തും

ഗുരുവായൂരപ്പന് മഹീന്ദ്ര കാണിക്കയായി സമർപ്പിച്ച 'ഥാർ': ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം; പരസ്യലേലം പ്രഖ്യാപിച്ച് ദേവസ്വം ഭരണസമിതി; ഡിസംബർ 18ന് ലേലം നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഗുരുവായൂരപ്പന് മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡ് കാണിക്കയായി ലഭിച്ച 'ഥാർ' ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം ഒരുങ്ങുന്നു. കാണിക്കയായി ലഭിച്ച 'ഥാർ' പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ 18 ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് പരസ്യ ലേലം നടത്തുക. ഇതിന് പുറമെ തുലാഭാരത്തിനുള്ള ചന്ദനം, വെള്ളി നിരക്കുക്കുകൾ കുറയ്ക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.

2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ചത്. എത്തി ഒരുവർഷത്തിനിടെ വിപണിയിൽ കുതിക്കുകയാണ് ഥാർ. വാഹനം ഇതുവരെ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ 40 ശതമാനം പേരും മിലേനിയൽസ് (1981നും 1996നും ഇടയിൽ ജനിച്ചവർ) ആണെന്നാണ് മഹീന്ദ്ര വ്യക്തമാക്കുന്നു. ഇത് വരെ ഥാർ ബുക്ക് ചെയ്തവരിൽ 50 ശതമാനം പേർ ഓട്ടോമാറ്റിക് വേരിയന്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല 25 ശതമാനത്തോളം പേർ തിരഞ്ഞെടുത്തിരിക്കുന്നത് പെട്രോൾ വേരിയന്റുകളാണെന്നും കമ്പനി പറയുന്നു.



വിപണിയിൽ വൻ വിജയമായതോടെയാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്യുവി ഥാർ ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്. ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആൻഡ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്‌മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2020ൽ നിരത്തിൽ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അഞ്ചിൽ നാല് സ്റ്റാർ റേറ്റിങ്ങും മഹീന്ദ്ര ഥാർ നേടിയിട്ടുണ്ട്. 12.78 ലക്ഷം മുതൽ 15.08 ലക്ഷം വരെയാണ് 2021 മഹീന്ദ്ര ഥാറിന്റെ നിലവിലെ എക്സ്-ഷോറൂം വില. 2020 ഓഗസ്റ്റ് 15നാണ് പുത്തൻ ഥാറിനെ മഹീന്ദ്ര അവതരിപ്പിച്ചത്.

പിന്നാലെ ഒക്ടോബർ രണ്ടിന് രണ്ടാം തലമുറ ഥാറിന്റെ വില്പന ആരംഭിക്കുകയും ചെയ്തു. 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുകളാണ് ഥാറിൽ പ്രവർത്തിക്കുന്നത്. പെട്രോൾ എൻജിൻ 150 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും, ഡീസൽ എൻജിൻ 130 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കും. മാനുവൽ ട്രാൻസ്മിഷനൊപ്പം എൽ.എക്‌സ് വേരിയന്റിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനിൽ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP