Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് സമാപനം; ക്യാൻസർ രോഗികൾക്ക് സഹായം നൽകുന്ന പദ്ധതിയടക്കം നടപ്പിലാക്കി വരുന്ന ട്രസ്റ്റ് 2019-20 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത് നിർധനരായ യുവതികൾക്ക് മംഗല്യനിധിയടക്കമുള്ള പദ്ധതികൾ

ഗുരുവായൂർ സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് സമാപനം; ക്യാൻസർ രോഗികൾക്ക് സഹായം നൽകുന്ന പദ്ധതിയടക്കം നടപ്പിലാക്കി വരുന്ന ട്രസ്റ്റ് 2019-20 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത് നിർധനരായ യുവതികൾക്ക് മംഗല്യനിധിയടക്കമുള്ള പദ്ധതികൾ

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ: സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ( SSVECT ) ഒന്നാം വാർഷികം ഇന്നലെ (2019 ഏപ്രിൽ 19 വെള്ളിയാഴ്ച) ഗുരുവായൂർ ബ്രാഹ്മണസമൂഹം തെക്കെ മഠം ഹാളിൽവെച്ച് വിവിധ കലാപാടികളോടെ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് വാർഷികം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ ( ജി.കെ. പ്രകാശ് )ഭദ്രദീപം തെളിയിച്ചു നിർവ്വഹിച്ചു. തുടർന്ന് നടന്ന ട്രസ്റ്റിന്റെ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ശ്രീ ഗിരി.എസ്.നായർ ഓഡിറ്റ് ചെയ്ത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു പാസ്സ് ആക്കി.

മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഭാവി പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റകെട്ടായി ഇതിലും ശക്തിയായി മുന്നോട്ടു നീങ്ങാനും തീരുമാനിച്ചു. നവമാധ്യമമായ വാട്‌സാപ്പ്, ഫേസ്‌ബുക്ക് ഇവയിലൂടെ ഒത്തു ചേർന്ന സമാനമനസ്‌കരായ ഒരു കൂട്ടം സജ്ജനങ്ങൾ ചേർന്നു രൂപം കൊടുത്ത ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് 2018 ഏപ്രിൽ 8 നാണ് ഉദ്ഘാടനം ചെയ്തത്.

രാവിലെ 10.30 ന് വേദിയിൽ കുട്ടികളുടെ ചിത്രരചനാ മത്സരം ആരംഭിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ ആരംഭിച്ചു. ശ്രീ വിഷ്ണു ശ്രീലകം അവതാരകന്റെ കർത്തവ്യം നിർവ്വഹിച്ചു. ദേശഭക്തിഗാനം, ഭരതനാട്യം,മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ്, സോപാന സംഗീതം, ഭക്തിഗാനം, നാടകഗാനം, നാടൻ പാട്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. സദ്ഗമയ മാർഗ്ഗദർശി അംഗമായ കൂൺ കൃഷിയും വിപണനവും നടത്തുന്ന രാഹുലിന്റെ കൂൺ വിഭവങ്ങളുടെ സ്റ്റാൾ വേദിയുടെ പ്രവേശന ഭാഗത്തായി ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം കലാപരിപാടികൾ വേദിയിൽ തുടർന്നു. മിക്ക കലാപരിപാടികളും വളരെ മികവുറ്റതും വേദിയിൽ ഇരിക്കുന്നവരെ ആകർഷിക്കുന്ന തരത്തിലും ആയിരുന്നു.

വൈകുന്നേരം 3 മണിക്ക് മാസ്റ്റർ ആദിത്യൻ ഗുരുവായൂരിന്റെ അഷ്ടപദിയോട് കൂടി വാർഷിക സമ്മേളനം ആരംഭിച്ചു. SSVECT സെക്രട്ടറി ശ്രീ. ഗിരി. എസ്. നായർ സ്വാഗതവും മാനേജിങ് ട്രസ്റ്റി ശ്രീ സി.രാജേഷ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടർന്ന് സദ്ഗമയ സത്സംഗവേദി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികം ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി. വി എസ്. രേവതി ടീച്ചർ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും വളരെ ചുരുങ്ങിയ കാലം കൊണ്ട് ട്രസ്റ്റ് ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്തുകയും വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലയ്ക്ക് ട്രസ്റ്റ് കൂടുതൽ ഊന്നൽ നൽകുന്നതിനും പ്രളയസമയത്തു ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങളെയും പ്രശംസിച്ചു സംസാരിച്ചു.

തുടർന്ന് ട്രസ്റ്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആയതിന്റെ രൂപരേഖാ ചെയർപേഴ്‌സണ് നൽകിക്കൊണ്ട് , അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി ഉപാധ്യക്ഷൻ ശ്രീ എസ്. നാരായണസ്വാമി നിർവ്വഹിക്കുകയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് & ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകിക്കൊണ്ട് അഖിലകേരള ബാലജനസഖ്യം മലയാള മനോരമ രക്ഷാധികാരി ശ്രീ. എംപി. വേണു നിർവ്വഹിച്ചു, തുടർന്ന് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ചവർക്കും ക്വിസ് നിയന്ത്രിച്ച ഒഫീഷ്യൽ പാനലിനുമുള്ള മൊമെന്റോ വിശിഷ്ട വ്യക്തികളും ട്രസ്റ്റ് ഭാരവാഹികളും ചേർന്നു നൽകി.

വേദിയിൽ പല വ്യക്തികളായി സ്‌പോൺസർ ചെയ്ത മധുരപലഹാരങ്ങളും ചായ ലഘു ഭക്ഷണ സൽക്കാരവും ഉണ്ടായിരുന്നു. വേദിയിൽ വിശിഷ്ട വ്യക്തികളെ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ. എ.എൻ. രഘു, ശ്രീ. കെ. എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ചും മാനേജിങ് ട്രസ്റ്റി ശ്രീ. സി. രാജേഷ് മൊമെന്റോ നൽകിയും ആദരിച്ചു.

മുതിർന്ന അച്ഛനമ്മമാരെ ട്രസ്റ്റ് ഭാരവാഹികൾ വേദിയിൽ വച്ച് പൊന്നാട അണിയിച്ചു ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ശ്രീ. ഇ.ജി. വിജയകുമാർ, ശ്രീ ഗിരി വാര്യർ എന്നിവർ ആശംസാ പ്രസംഗം നടത്തി. കൂട്ടായ്മയ്ക്കായി ശ്രീ. ഗിരി വാര്യർ രചിച്ച ഗാനം വേദിയിൽ അദ്ദേഹം തന്നെ ചൊല്ലി. തുടർന്ന് ജോയിന്റ് സെക്രട്ടറി ശ്രീ. പ്രശാന്ത്.റ്റി.ജെ വിശിഷ്ട വ്യക്തികൾക്കും സദസ്യർക്കും മറ്റെല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി 4.30 ന് പ്രോഗ്രാം അവസാനിച്ചു.


SSVECT നിലവിൽ ചെയ്യുന്ന പദ്ധതികൾ

1. സദ്ഗമയ ആശ്രയം :

ശിശു മന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്ന് സന്ദർശിച്ചു ആഹാരം, വസ്ത്രം ഇവയിൽ ആവശ്യമായവ നൽകുക. നിർദ്ധനരായ കുടുംബാംഗങ്ങൾക്ക് ആഹാരം, വസ്ത്രം ഇവയിൽ ആവശ്യമായത് നൽകുക. നിർദ്ധനരായ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുകയോ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടു വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഭവന സഹായം നൽകുകയും ചെയ്യുക.

2. സദ്ഗമയ സാന്ത്വനം :

കാൻസർ, ഹൃദ്രോഗം, കിഡ്‌നി തുടങ്ങിയ ഗുരുതര രോഗം ബന്ധിച്ചവർക്കു സഹായം നൽകുക. മാരക രോഗം ബാധിച്ച നിർദ്ധന കുടുംബാംഗത്തിന് ചികിത്സയുടെ ഭാഗമായി മരുന്ന് വാങ്ങി നൽകുക, ഹോസ്പിറ്റൽ ബിൽ അടക്കുക, യാത്രാ സൗകര്യം ഏർപ്പെടുത്തുക, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുക. മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ് ഇവ നടത്തുക, ലഹരിവിമുക്ത നല്ല നാളേക്കായി ബോധവത്കരണ ക്ലാസ്സുകൾ നടത്തുക തുടങ്ങിയവ.

3. സദ്ഗമയ വിദ്യകിരൺ :

പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, തീർത്ഥാടനങ്ങൾ, പഠനയാത്രകൾ, പഠനക്യാമ്പുകൾ, പഠനക്ലാസ്സുകൾ, സമ്മേളനങ്ങൾ ഇവ സംഘടിപ്പിക്കുക. ശിശു മന്ദിരങ്ങൾക്കോ നിർദ്ധന കുടുംബത്തിലെ കുഞ്ഞുങ്ങൾക്കോ പഠന കായികോപകരണങ്ങൾ വിതരണം ചെയ്യുക. ഡോക്യൂമെന്ററികൾ ചെയ്യുക, പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക, വിവിധ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങുക /ഏറ്റെടുക്കുക, വിവിധങ്ങളായ പുസ്തകങ്ങൾ അച്ചടിക്കുക, പ്രസിദ്ധീകരിക്കുക , പ്രദർശനവും വിതരണവും വില്പനയും നടത്തുക.

4. സദ്ഗമയ പുനർജനി :

ഉപജീവനത്തിന് പോയി അപകടം സംഭവിച്ച പാവപ്പെട്ട കുടുംബാംഗത്തിന് സഹായം നൽകുക ( ഒരാൾക്ക് പരമാവധി 15000 വരെ ). കൂടാതെ പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിച്ചവർക്ക് സഹായം നൽകുക എന്നിവയാണ് ഈ പദ്ധതിയിൽ വരിക.


5. സദ്ഗമയ മാർഗ്ഗദർശി :

അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അവരെ കർമ്മനിരതരാക്കുന്നതിനും മറ്റും വേണ്ട പ്രോത്സാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അവസരങ്ങളും തുടക്കത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുക. (ഇതിൽ നിർദ്ധനരായ യുവതീ യുവാക്കൾക്ക് ആവശ്യമെങ്കിൽ അത്യാവശ്യം സാമ്പത്തിക സഹായവും നൽകുക. )

6. സദ്ഗമയ വിജയവീഥി :

വിവിധ പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ക്ലാസുകൾ എടുത്തും ക്വിസ് നടത്തിയും വിജയികളാകാനുള്ള പരിശീലനം കൊടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും മത്സരപരീക്ഷകൾ നടത്തി പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്യുക.

സേവന പ്രവർത്തനങ്ങൾ ഇതുവരെ


(1) 2018 ഏപ്രിൽ 8 ന് ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ട്രസ്റ്റിന്റെ ഉദ്ഘാടനം ഗുരുവായൂർ ബ്രാഹ്മണ സമൂഹം തെക്കേ മഠം ഹാളിൽ വച്ച് മുൻ PSC ചെയർമാനും കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ്ചാൻസലറുമായിരുന്ന ഡോ : കെ.എസ്. രാധാകൃഷ്ണൻ അവർകൾ നിർവ്വഹിച്ചു. വേദിയിൽ എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ.കെ.ജി.ദിലീപ്കുമാർ ട്രാഫിക് ബോധവത്കരണ ക്ലാസ് എടുത്തു.

ഉദ്ഘാടന സമ്മേളനത്തിൽ ട്രസ്റ്റിന്റെ പ്രഥമ ചികിത്സാ സഹായം സദ്ഗമയ സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുതരമായ വൃക്കരോഗ ബാധിതനായ തൃശ്ശൂർ സ്വദേശിയായ സുധീർ എന്ന യുവാവിനും രണ്ടാമത് ചികിത്സാ സഹായമായി സദ്ഗമയ പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന പാലക്കാട് സ്വദേശിയായ ജയകൃഷ്ണൻ എന്ന നിർദ്ധന കുടുംബാംഗത്തിനും നല്കിയിട്ടുള്ളതാണ്. വേദിയിൽ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു ആദരിച്ചു, മൊമെന്റോയും നൽകി. മുതിർന്ന വ്യക്തികളെയും പൊന്നാട അണിയിച്ചു ആദരിച്ചു. ഉദ്ഘാടനത്തിൽ പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണവും നൽകുകയുണ്ടായി.

(2) 2018 മെയ് മാസം 20 ന് പത്തനംതിട്ട കൂനംകര ശബരി ശരണാശ്രമം ട്രസ്റ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്ന മണികണ്ഠ ഗുരുകുലം എക്‌സിക്യൂട്ടീവ് ബോർഡിന്റേയും മറ്റ് മെംബർമാരുടേയും നേതൃത്വത്തിൽ സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളായിട്ടുള്ള ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെ വിവിധ വിഭാഗങ്ങളിലായുള്ള കുട്ടികൾക്ക് സദ്ഗമയ വിദ്യാകിരൺ പദ്ധതിയിൽ ഉൾപ്പെടുത്തി നോട്ട് ബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ, ബാഗ്, കുട, സ്പോർട്സ് ഐറ്റങ്ങൾ മുതലായവ വിതരണം ചെയ്യുകയുണ്ടായി.

(3) ട്രസ്റ്റിന്റെ മൂന്നാമത്തെ പ്രോഗ്രാമായ ഏകദിന പഠന ശിബിരവും, വിദ്യാഭ്യാസ അവാർഡ് വിതരണവും സദ്ഗമയ വിദ്യാകിരൺ പദ്ധതിയിൽ ഉൾപ്പെടുത്തി 2018 മെയ് 27 ന് എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ കൈതാരം ഹോളി ഇന്ത്യ ഫൗണ്ടേഷൻ സ്‌കൂളിൽ വെച്ച് നടന്നു. ഭദ്രദീപ പ്രകാശനത്തിനു ശേഷം ശ്രീ. വിഷ്ണു. വി. ശ്രീലകത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ഗുണപാഠകഥകൾ നടത്തുകയുണ്ടായി. തുടർന്ന് പുരാണേതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തി കുട്ടികൾക്കായി നടത്തിയ വ്യക്തിത്വ വികസന ക്ലാസ് പ്രശസ്ത ഭാഗവതാചാര്യൻ അഡ്വ.ടി.ആർ.രാമനാഥൻ അവർകൾ നയിച്ചു.

തുടർന്ന് പറവൂർ താലൂക്ക് ആശുപത്രി സീനിയർ കൺസൽട്ടന്റ് ഫിസീഷ്യൻ ഡോ.കെ.ജി.ജയന്റെ നേതൃത്വത്തിൽ നിപ്പാവൈറസും മറ്റു മഴക്കാലജന്യ രോഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ശേഷം കുട്ടികൾക്കുള്ള പ്രശ്‌നോത്തരിയും വിവിധ കലാകായിക മത്സരങ്ങളും നടന്നു. വൈകിട്ടു നടന്ന സമാപന സമ്മേളനത്തിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ്, കൈതാരം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും പത്താംതരത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്, പ്രശസ്ത സിനിമാ പിന്നണി ഗാന രചയിതാവ് ശ്രീ.ചിറ്റൂർ ഗോപി വിതരണം ചെയ്തു. കലാകായിക മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പുരസ്‌ക്കാരങ്ങളും സർട്ടിഫിക്കറ്റുകളും മലയാള മനോരമ അഖിലകേരള ബാലജനസംഖ്യം രക്ഷാധികാരിയായ ശ്രീ.എംപി. വേണു അവർകൾ വിതരണം ചെയ്തു. ഈ ചടങ്ങിലെ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു ആദരിച്ചു .

(4) ട്രസ്റ്റിനു കീഴിലെ നാലാമത് സേവനപരിപാടി പ്രളയദുരിതാശ്വാസ പുനരുദ്ധാരണ പ്രവർത്തനങ്ങളായിരുന്നു. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ഈ പ്രകൃതി ദുരന്തത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിലായി എല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് നമുക്ക് സാധിച്ചു.

സദ്ഗമയ ട്രസ്റ്റിന്റെ ആദ്യ സഹായമായി ചെങ്ങന്നൂർ മുളക്കുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ അരി, റസ്‌ക് , ബിസ്‌ക്കറ്റ്, വാട്ടർ, സാനിറ്ററി നാപ്കിന്‌സ്, അവൽ, ശർക്കര, മാച്ച് ബോക്‌സ്, candles, ടൂത്ത് പേസ്റ്റ്, ബ്രഷ്, പൽപ്പൊടി, സോപ്പ്, ഡെറ്റോൾ, തേയില, പഞ്ചസാര, ഉപ്പ്, പ്ലാസ്റ്റിക് പായ, ബെഡ്ഷീറ്റ്, കൈലി, തോർത്ത്, നൈറ്റി, പാന്റീസ്, other ladies items, Baby Diapers, Baby Baby soap, Adult Diapers,Toilet osap, Washing osap കൊതുക് തിരി മുതലായവ 18/08/2018 ൽ കൈമാറി. ആലപ്പുഴ കണിച്ചുകുളങ്ങര ക്യാമ്പിൽ കൈലി, തോർത്ത്, ബെഡ്ഷീറ്റ്, നൈറ്റി, പാന്റീസ്, സാനിറ്ററി നാപ്കിന്‌സ്, other ladies items, പാൽ എന്നിവ 21/08/2018 ൽ കൈമാറിയിട്ടുള്ളതാണ്.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ ഒരമ്മയെ ബോർഡ് അംഗം ശ്രീ സഞ്ജയും ശ്രീ ശ്രീരാഗും ചേർന്നു സുരക്ഷിത സ്ഥാനത്തെത്തിച്ചു. നോർത്ത് പറവൂർ, കൈതാരം ക്യാമ്പിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബോർഡ് അംഗങ്ങളായ ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ രഘു, ട്രസ്റ്റ് അംഗങ്ങളായ ചന്ദ്രമോഹനൻ, വേണുഗോപാലൻ നായർ എന്നിവർ നേതൃത്വമേകി. വടക്കൻ പറവൂർ നഗര മദ്ധ്യത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ രണ്ടാം നിലയിൽ താമസിക്കുന്ന 15 അംഗ കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ, കുടിവെള്ളം, അത്യാവശ്യമരുന്ന് എന്നിവ 21/08/2018 ന് കൈമാറാൻ കഴിഞ്ഞു. നോർത്ത് പറവൂർ മടപ്ലാ തുരുത്ത് കപ്പേള പടി തുടങ്ങിയ ഭാഗത്തുള്ളവർക്ക് കുടിവെള്ളം, ബ്രഡ്, ബിസ്‌കറ്റ്, അത്യാവശ്യം വസ്ത്രങ്ങൾ എന്നിവ 22/08/2018 ൽ കൈമാറിയിട്ടുള്ളതാണ്.

പ്രളയം മൂലം ദുരിതത്തിലായ പത്തനംതിട്ട കോഴഞ്ചേരി, തൊട്ടപ്പുഴശ്ശേരി നിവാസികളായ നിർദ്ധനരായ മുപ്പതോളം കുടുംബങ്ങൾക്ക് ഗ്യാസ് സ്റ്റൗവ്, പ്രഷർ കുക്കർ, മിക്‌സി, അടുക്കളയിലേക്കു വേണ്ട അത്യാവശ്യം പാത്രങ്ങൾ, കുഞ്ഞുങ്ങൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ, സ്റ്റേഷനറി ഐറ്റംസ് ഇവയിൽ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ചു സാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ 09/09/2018 ൽ വിതരണം ചെയ്തിട്ടുള്ളതാണ്. ഗ്യാസ് സ്റ്റൗവ്, മിക്‌സി എന്നിവ തൃശ്ശൂർ ഉള്ള 3 കുടുംബങ്ങൾക്ക് 11/09/2018 ലും കൈമാറി. തൃശ്ശൂർ നിവാസിയായ നിർദ്ധന കുടുംബാംഗത്തിനു അവരുടെ കടയിലേക്കാവശ്യമായ സാധനങ്ങൾ 22/09/2018 ന് സ്‌പോൺസറിന്റെ സഹായത്താൽ നൽകാൻ സാധിച്ചു .

(5) അഞ്ചാമത് ചാരിറ്റിയായി സദ്ഗമയ സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി ട്രസ്റ്റിലെ സജീവമായ ഒരു അംഗത്തിന്റെ മകളുടെ ചികിത്സാ സഹായവിതരണമാണ് നടത്തിയിട്ടുള്ളത്. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് അടിയന്തിര ചികിത്സാ സഹായമായി നൽകുന്നതിന് അംഗങ്ങളുടേയും മറ്റ് സുമനസ്സുകളുടേയും അകമഴിഞ്ഞ സഹകരണം മൂലം സാധിച്ചു.

(6) ആറാമത് സേവന പ്രവർത്തനവും ആരോഗ്യ മേഖലയിലായിരുന്നു. അർബുദ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ട്രസ്റ്റ് അംഗത്തിന്റെ മാതാവിന് സദ്ഗമയ സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തിര ചികിത്സാ സഹായം നൽകാൻ കഴിഞ്ഞു.

(7) ട്രസ്റ്റിന്റെ ഏഴാമത് സന്നദ്ധ പ്രവർത്തനം ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ വെച്ച് 12/01/2019 ൽ നടത്തപ്പെട്ടു. സദ്ഗമയ ആശ്രയം പദ്ധതിയിൽ ഉൾപ്പെടുത്തി അൻപതോളം നിർദ്ധന കുടുംബങ്ങൾക്ക് നിത്യോപയോഗ കിറ്റുകൾ വിതരണം ചെയ്തു. അത്യാവശ്യം മരുന്നുകളും അന്നേ ദിവസം കൈമാറുകയുണ്ടായി. മാസ്റ്റർ വൈഷ്ണവ് സ്‌പോൺസർ ചെയ്ത 2 കുടുംബങ്ങൾക്ക് വേണ്ട വസ്ത്രങ്ങൾ കൈമാറി. പ്രോഗ്രാമിലേക്കുള്ള ലഘു ഭക്ഷണവും മാസ്റ്റർ വൈഷ്ണവ് സ്‌പോൺസർ ചെയ്തു. ഈ ചടങ്ങിലെ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു ആദരിച്ചു .

ഇതേ വേദിയിൽ വച്ച് സദ്ഗമയ സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി രക്താർബുദ ബാധിതയായ ജിൻസി ബെന്നിക്ക് വേണ്ടിയുള്ള സഹായം അവരുടെ പിതാവും രണ്ട് വൃക്കയും പ്രവർത്തനരഹിതമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന സുരേഷ് കുമാറിന് വേണ്ടി അദ്ദേഹത്തിന്റെ ചികിത്സാ സഹായം മകളും ഏറ്റു വാങ്ങി.

(8) എട്ടാമത് സേവന പ്രവർത്തനം ഭവനനിർമ്മാണ മേഖലയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കാനായി എന്ന സ്ഥലത്ത് ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായ സുരേഷ് എന്ന യുവാവിന്റെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് നമ്മളാൽ കഴിയുന്ന സഹായമായി സദ്ഗമയ ആശ്രയം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമ്മാണ സഹായം ടിയാന്റെ ഭവനം സന്ദർശിച്ച് 24/02/2019 ൽ നല്കുവാൻ സാധിച്ചിട്ടുണ്ട്.

(9) SSVECT രക്തദാന ടീമിലെ കോ ഓർഡിനേറ്റർ ശ്രീമതി അജിതാ മനോജിന്റെ നേതൃത്വത്തിൽ നിരവധി അംഗങ്ങൾ രാജ്യത്തിന് അകത്തും പുറത്തും രക്തദാനം നൽകി സേവനപാതയിൽ ട്രസ്റ്റിനൊപ്പം നിൽക്കുന്നു.

സദ്ഗമയ പുതിയ സാമ്പത്തിക വർഷത്തിൽ (2019-2020) നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ

1. സദ്ഗമയ വിദ്യാദീപ്തി :

ട്രസ്റ്റിന്റെ പേരിൽ നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു നടത്തുകയും പഠന സഹായങ്ങളും സ്‌കോളർഷിപ്പുകളും മറ്റു പ്രോത്സാഹന പദ്ധതികളും ഏർപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി. പത്താം ക്ലാസ്സ് വരെയുള്ള ഒരു വിദ്യാർത്ഥിക്ക് വർഷത്തിൽ പരമാവധി 5000 രൂപ. പത്താം ക്ലാസ്സിന് മുകളിൽ ഒരു വിദ്യാർത്ഥിക്ക് വർഷത്തിൽ പരമാവധി 10000 രൂപ വരെ.

2. സദ്ഗമയ പ്രതീക്ഷ :

കലാ കായിക രംഗങ്ങളിലും സാമുദായിക സാമൂഹിക സാഹിത്യ രംഗങ്ങളിലും മികവ് പുലർത്തുന്നവരായ വിദ്യാർത്ഥികൾക്കും മറ്റും വേണ്ടുന്ന പ്രോത്സാഹനവും സഹായങ്ങളും നൽകി നമ്മുടെ ഭാരത ദേശത്തിന്റെ യശ്ശസ് ഉയർത്തുന്ന പദ്ധതി.

3. സദ്ഗമയ മംഗല്യസഹായി :

നിർദ്ധനരായ യുവതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP