Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശത്ത് നിന്ന് വിമാനസർവീസ് പുനരാംരംഭിച്ചാൽ പ്രവാസികൾക്ക് എല്ലാം സൗകര്യങ്ങളും ഒരുക്കും; ക്വാറന്റൈൻ ചെയ്യാനും പരിശോധിക്കാനും സംവിധാനങ്ങൾ: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് വിമാനസർവീസ് പുനരാംരംഭിച്ചാൽ പ്രവാസികൾക്ക് എല്ലാം സൗകര്യങ്ങളും ഒരുക്കും; ക്വാറന്റൈൻ ചെയ്യാനും പരിശോധിക്കാനും സംവിധാനങ്ങൾ: മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽനിന്ന് വിമാനസർവീസുകൾ ആരംഭിച്ചാൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകൾക്ക് ഇന്നു ചേർന്ന ഉന്നതതല യോഗം രൂപം നൽകി.

കോവിഡ് 19 ബാധയുടെ സാഹചര്യത്തിൽ വരുന്നവരെ പരിശോധിക്കാനും ക്വാറന്റൈൻ ചെയ്യാനും ആ ഘട്ടത്തിൽ എല്ലാ സൗകര്യങ്ങളും നൽകാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വരുന്നവരുടെ വിശദാംശങ്ങൾ പരിശോധിച്ച് ക്വാറന്റൈൻ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തും. വിമാനത്താവളങ്ങൾക്കു സമീപം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിർവഹിക്കും. ക്വാറന്റൈൻ സെന്ററുകളിൽ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസൾട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കും.

പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് നമ്മുടെ താൽപര്യം. അവർക്കും കൂടി അവകാശപ്പെട്ട നാടാണ് ഇത്. അവർക്ക് ഓരോരുത്തർക്കും വന്നിറങ്ങുന്ന സ്ഥലത്ത് വിപുലമായ പരിശോധനാ സംവിധാനം ഒരുക്കും. രോഗലക്ഷണമോ സാധ്യതയോ ഉള്ളവർക്ക് ക്വാറന്റൈൻ സംവിധാനമുണ്ടാക്കും. അല്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിനു വിടും. ഇതെല്ലാം കുറ്റമറ്റ രീതിയിൽ നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള മേൽനോട്ട സംവിധാനത്തിന് രൂപം നൽകും- ഈ കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്. നിലവിൽ സംസ്ഥാനത്ത് കണ്ടെത്തിയ കെട്ടിടങ്ങൾ, താമസ സൗകര്യത്തിനുള്ള മുറികൾ എന്നിവയുടെ എണ്ണം തൃപ്തികരമാണ്. കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശങ്ങളിൽനിന്നു വരുന്നവർ നോർക്കയിലോ എംബസി മുഖേനെയോ രജിസ്റ്റർ ചെയ്യണം എന്നാണ് കാണുന്നത്. വയോജനങ്ങൾ, വിസിറ്റിങ് വിസയിൽ പോയി മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകാനാണ് ഉദ്ദേശം. അവരെ ആദ്യഘട്ടത്തിൽ എത്തിക്കാൻ ക്രമീകരണങ്ങൾ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യർത്ഥിക്കും.

ജോലി നഷ്ടപ്പെടുകയോ വിസ കാലാവധി തീരുകയോ ചെയ്തവർ, വിദേശ രാജ്യങ്ങളിൽനിന്ന് ജയിൽവിമുക്തരായവർ, കോഴ്‌സ് പൂർത്തിയാക്കി മടങ്ങുന്ന വിദ്യാർത്ഥികൾ എന്നിവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കാവുന്നതാണ്. മറ്റു യാത്രക്കാരെ മൂന്നാമത്തെ പരിഗണനാ വിഭാഗമായി കണക്കാക്കാം. ഈ വിഷയങ്ങൾ കേന്ദ്ര വ്യോമയാന, വിദേശ മന്ത്രാലയങ്ങളുമായും വിമാന കമ്പനികളുമായും ചർച്ച ചെയ്ത് ധാരണയിലെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവാസികൾക്ക് ഈ ക്രമത്തിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കണമെന്ന അഭ്യർത്ഥനയും നടത്തും.

മുൻഗണനാ വിഭാഗങ്ങളെ വേർതിരിച്ച് യാത്രയ്ക്ക് പരിഗണിച്ചാൽ എല്ലാവർക്കും തുല്യതയോടെ മിതമായ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്ന അവസ്ഥയുണ്ടാകും എന്നാണ് കരുതുന്നത്. ഈ ക്രമത്തിൽ യാത്ര പ്ലാൻ ചെയ്താൽ ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവർക്കും സുഗമമായി യാത്ര ചെയ്യാൻ പറ്റുന്ന അവസ്ഥയുണ്ടാകും. സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങൾ വഴി എത്തുന്ന പ്രവാസികൾക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP