Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് വേഗം കൂടി; സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികൾ അവധിക്കാലം തുടങ്ങിയപ്പോഴേ വിതരണം ചെയ്ത് പിണറായി സർക്കാർ; ഹാൻവീവും ഹാൻടെക്‌സും ആണ് യൂണിഫോമിന് തുണികൾ എത്തിക്കുന്നതെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ച് മന്ത്രി ഇ പി ജയരാജൻ; ആകെ വിതരണം ചെയ്യുന്നത് 38 ലക്ഷം മീറ്റർ തുണി

തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് വേഗം കൂടി; സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികൾ അവധിക്കാലം തുടങ്ങിയപ്പോഴേ വിതരണം ചെയ്ത് പിണറായി സർക്കാർ; ഹാൻവീവും ഹാൻടെക്‌സും ആണ് യൂണിഫോമിന് തുണികൾ എത്തിക്കുന്നതെന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ച് മന്ത്രി ഇ പി ജയരാജൻ; ആകെ വിതരണം ചെയ്യുന്നത് 38 ലക്ഷം മീറ്റർ തുണി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം അവധിക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പിണറായി സർക്കാർ വിതരണം ചെയ്ത് തുടങ്ങിയത് ചർച്ചയാകുന്നു. ആകെ 38 ലക്ഷം മീറ്ററോളം തുണിയാണ് സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് യൂണിഫോമിനായി നൽകുന്നത്. ഹാൻവീവ്, ഹാൻടെസ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് തുണി വിതരണം ചെയ്യുന്നത്. പിണാറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് പാഠപുസ്തക വിതരണം കാര്യക്ഷമം ആക്കുകയും സർക്കാർ സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.

ഹൈടെക് നിലവാരത്തിലേക്ക് സൂകളുകൾ മാറിയതോടെ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് നിരവധി കുട്ടികൾ കൂടുതലായി സർക്കാർ സ്‌കൂളുകളിലേക്ക് മാറുന്ന സ്ഥിതിയും ഉണ്ടായി. ഈ വർഷത്തോടെ കൂടുതൽ മെച്ചപ്പെട്ട അന്തരീക്ഷത്തിലാകും സ്‌കൂളുകൾ പ്രവർത്തിക്കുക. ഇതിനൊപ്പം യൂണിഫോം തുണികളും പാഠപുസ്തകങ്ങളുമെല്ലാം നേരത്തേ തന്നെ വിതരണം ചെയ്യാൻ സർക്കാർ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് യഥാസമയം പാഠപുസ്തക വിതരണം പോലും നടക്കാത്ത സാഹചര്യമുണ്ടായത് വലിയ ചർച്ചയായിരുന്നു.

സംസ്ഥാനത്തെ സകൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികൾ വിതരണം ചെയ്ത് തുടങ്ങിയതായി വ്യവസായ മന്ത്രി ഇ പി ജയരാജൻ തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹാൻവീവും ഹാൻടെക്‌സുമാണ് യൂണിഫോമിനാവശ്യമായ തുണികൾ വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാനത്തെ സകൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികൾ വിതരണം ചെയ്ത് തുടങ്ങി. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹാൻവീവും ഹാൻടെക്‌സുമാണ് യൂണിഫോമിനാവശ്യമായ തുണികൾ വിതരണം ചെയ്യുന്നത്. ഡിപിഐ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 37,32,578.2 മീറ്റർ തുണിയാണ് സൗജന്യ യൂണിഫോം വിതരണത്തിനായി ആവശ്യമുള്ളത്.

കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങൾ ഉൽപാദിപ്പിച്ച തുണികൾ മുഴുവനും ശേഖരിച്ച് ഈ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. 5000ത്തോളം തൊഴിലാളികൾക്ക് നേരിട്ടും അതിലധികം തൊഴിലാളികൾക്ക് അല്ലാതെയും ഇതിലൂടെ തൊഴിൽ ലഭ്യമാകും. 876 കോടി രൂപ തൊഴിലാളികൾക്ക് കൂലിയിനത്തിൽ സർക്കാർ നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ പഠനത്തിൽ ഈ പദ്ധതി വൻ വിജയമാണെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യൂണിഫോം വിതരണം തുടങ്ങിയത്. ഇതിൽ 2,58,452.62 മീറ്റർ തുണി ഹാൻടെക്‌സും 1,76,480.20 മീറ്റർ തുണി ഹാൻവീവും വിതരണം ചെയ്തു കഴിഞ്ഞു. മെയ് പകുതിയോടെ യൂണിഫോം വിതരണം പൂർത്തിയാക്കാനാണ് സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. ഓരോ ദിവസവും സ്‌കൂളുകൾക്ക് അനുസരിച്ച് ആവശ്യമായ അളവ് തുണികൾ മുറിച്ച് കെട്ടുകളാക്കി സ്‌കൂളുകളിൽ എത്തിക്കുന്ന പണികൾ വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തൊഴിലാളികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഹാൻടെക്‌സും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ ഹാൻവീവുമാണ് യൂണിഫോം തുണികൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മികച്ചതാക്കുന്നതോടൊപ്പം പരമ്ബരാഗത വ്യവസായങ്ങളെ സംരക്ഷിച്ച് തൊഴിലാളികൾക്ക് മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സൗജന്യ യൂണിഫോം പദ്ധതി ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP