Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതി പൊളിച്ചത് ഹയർസെക്കൻഡറി ഡയറക്ടറെ നോക്കുകുത്തിയാക്കിയുള്ള അനുമതി; ശുപാർശ ചെയ്തവരിൽ മുഖ്യമന്ത്രിമുതൽ യുവജന നേതാക്കളും മെത്രാന്മാരും വരെ; അപ്പീലിനു പോകാൻ വ്യാജരേഖകൾ ചമയ്ക്കുന്ന തിരക്കിൽ

കോടതി പൊളിച്ചത് ഹയർസെക്കൻഡറി ഡയറക്ടറെ നോക്കുകുത്തിയാക്കിയുള്ള അനുമതി; ശുപാർശ ചെയ്തവരിൽ മുഖ്യമന്ത്രിമുതൽ യുവജന നേതാക്കളും മെത്രാന്മാരും വരെ; അപ്പീലിനു പോകാൻ വ്യാജരേഖകൾ ചമയ്ക്കുന്ന തിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ +2 ബാച്ചുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ശക്തമായ പ്രഹരം കിട്ടിയ സർക്കാർ തടിതപ്പാനായി വ്യാജരേഖൾ ചമയ്ക്കാനുള്ള തിരക്കിലാണ്. കോടതിയിൽ അപ്പീൽ നൽകാനായി നിയമവിരുദ്ധമായ +2 സ്‌കൂളുകൾക്കും ബാച്ചുകൾക്കുമുള്ള ഹൈക്കോടതി സ്റ്റേ മറികടക്കാനാണ് സർക്കാർ വ്യാജരേഖകൾ ചമയ്ക്കുന്നത്.

അതിനിടെ, ഹയർസെക്കൻഡറി ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് മറികടന്ന് മുസ്ലിം ലീഗിന്റെ 68 ശുപാർശകൾ സർക്കാർ സ്വീകരിച്ചതിന്റെയും തെളിവുകൾ പുറത്തുവന്നു.

മുഖ്യമന്ത്രിമുതൽ യുവജനസംഘടനാനേതാക്കൾ വരെ +2 ബാച്ചുകൾക്ക് ശുപാർശചെയ്തവരില്പെടും. +2 സ്‌കൂളും ബാച്ചും അനുവദിക്കുന്നതിലെ ക്രമക്കേട് അന്വേഷിക്കുന്ന നിയമസഭാ പെറ്റിഷൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ തോമസ് ഉണ്ണിയാടന്റെ ശുപാർശ പ്രകാരവും അധികബാച്ച് അനുവദിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ശുപാർശപ്രകാരം പീലമേട് വിവേകാനന്ദ സ്‌കൂളിന് അധികബാച്ച് നൽകി. കോഴിക്കോട്ട് എം കെ രാഘവൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെയും വെള്ളാപ്പള്ളി നടേശന്റെയും ഓരോ ശുപാർശകൾ ഉപസമിതി അംഗീകരിച്ചു. മന്ത്രി കെ സി ജോസഫ് ശുപാർശചെയ്തത് കണ്ണൂരിൽ എസ്എച്ച് സ്‌കൂൾ, ഇരിട്ടി എച്ച്എസ്എസ്, പെരിമ്പടവ് ബിവിജെഎം, നടുവിൽ സ്‌കൂൾ എന്നിവയാണ്. പാനൂർ പിആർ സ്‌കൂൾ, കെകെവി എം എന്നിവയ്ക്ക് മന്ത്രി കെ പി മോഹനന്റെ ശുപാർശയുമെത്തി.

മുസ്ലിം ലീഗിന്റെ ശുപാർശയിൽ പാലക്കാട്ട് എട്ടും കോഴിക്കോട്ട് 19ഉം മലപ്പുറത്ത് 21ഉം കണ്ണൂരിലും വയനാട്ടിലും അഞ്ചും കാസർകോട്ട് എട്ടും ബാച്ചുകൾ അനുവദിക്കാൻ ഉപസമിതി ഹയർസെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് മറികടന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം കഠിനംകുളത്ത് സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിന് സയൻസ്, കോമേഴ്‌സ് ബാച്ചുകളോടെ +2 അനുവദിക്കാനുള്ള ഉന്നതതലസമിതിയുടെ ശുപാർശ തള്ളി സെന്റ് വിൻസെന്റ് ഹൈസ്‌കൂളിന് +2 നൽകിയത്. ഒരു പഞ്ചായത്തിൽ ഒരു സ്‌കൂളെന്ന മാനദണ്ഡം മറികടന്ന് പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്തിൽ സെന്റ് തോമസ് ഹൈസ്‌കൂളിന് +2 നൽകിയതും മുഖ്യമന്ത്രിയുടെ ശുപാർശയിലാണ്. കോട്ടയത്ത്
അകലക്കുന്നം പഞ്ചായത്തിൽ മറ്റക്കര എച്ച്എസ്, ചെങ്ങളം സെന്റ് ആന്റണീസ്, എന്നീ രണ്ട് സ്‌കൂളുകളിൽ +2 നൽകിയതും ഒക്കാൽ എസ്എൻ സ്‌കൂളിന് അധികബാച്ച് അനുവദിച്ചതും മുഖ്യമന്ത്രി ശുപാർശചെയ്തതിനാലാണ്.

ഇതേ പഞ്ചായത്തിൽ മണ്ണടി വിഎച്ച്എസ്‌സി സ്‌കൂളിന് +2 നൽകാൻ ശുപാർശ ചെയ്തത് എൻഎസ്എസാണ്. ഇവിടെ ഏറ്റവുമധികം കുട്ടികൾ പാസായ വിഎച്ച്എസ് ഗേൾസ് സ്‌കൂളിന് +2 നൽകാനുള്ള ഡയറക്ടറുടെ റിപ്പോർട്ട് തള്ളിയാണ് ഉപസമിതി രണ്ട് ശുപാർശകളും സ്വീകരിച്ചത്.

തിരുവനന്തപുരം പള്ളിച്ചലിൽ നേമം വിക്ടറി സ്‌കൂളിന് ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തന്റെയും കൊല്ലം ആദിച്ചനല്ലൂരിൽ സർക്കാർ സ്‌കൂളിനെ തഴഞ്ഞ് കൊട്ടിയം സിഎഫ്എച്ച്എസിന് മന്ത്രി ഷിബു ബേബിജോണിന്റെയും ശുപാർശയുണ്ടായി. എസ്എസ്എൽസി പരീക്ഷയിൽ കൃത്രിമം കാട്ടിയ തലവൂർ ദേവിവിലാസം സ്‌കൂളിനുവേണ്ടി ശുപാർശ ചെയ്തത് ആർ ബാലകൃഷ്ണപിള്ളയും ഗണേശ്കുമാറുമാണ്.

പത്തനംതിട്ട തോട്ടപ്പുഴശേരിയിൽ മാരാമൺ എംഎംഎഎച്ച്എസിനായി തിരുവല്ല മാർത്തോമാ ചർച്ചും ബിഷപ്പും ശിവദാസൻനായർ എംഎൽഎയും ശുപാർശ ചെയ്തു. കോട്ടയം മരിയാപുരത്ത് ഉപ്പുതോട് എസ്‌ജെഎച്ച്എസിനെ തഴഞ്ഞ് എസ്എംഎച്ച്എസിനായി ശുപാർശ നൽകിയത് മന്ത്രിസഭാ ഉപസമിതിയംഗമായ പി ജെ ജോസഫ് തന്നെയാണ്. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സനീഷ്‌കുമാറിന്റെ ശുപാർശ പോലും ഉപസമിതി അംഗീകരിച്ചു.

കർദിനാൾ മാർ ആലഞ്ചേരിയുടെ ശുപാർശയിൽ ബാച്ചുകൾ അനുവദിച്ചത് എറണാകുളം കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിനും അയിരൂർ സെന്റ് തോമസ് സ്‌കൂളിനും തുറവൂർ മാർ അഗസ്റ്റിൻസിനും വാരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ്ജ് എച്ച്എസിനും തൃക്കാക്കര കർദ്ദിനാൾ സ്‌കൂളിനുമാണ്. വാഴക്കുളം ഇൻഫന്റ് ജീസസിനും പോത്താനിക്കാട് സെന്റ് മേരീസിനും ജോസഫ് വാഴയ്ക്കനും ശുപാർശ നൽകി. തൃശൂരിൽ ചൂണ്ടൽ എൽഐജിഎച്ച്എസിന് +2 നൽകിയത് മന്ത്രി സി എൻ ബാലകൃഷ്ണന്റെയും പി എ മാധവൻ എംഎൽഎയുടെയും ശുപാർശയിലാണ്. കോഴിക്കോട് മുക്കത്ത് മുക്കം എച്ച്എസിനായി മുസ്‌ളിംലീഗും കണ്ണൂർ ചെറുപുഴയിൽ സെന്റ് മേരീസ് എച്ച്എസിനായി മന്ത്രി കെ സി ജോസഫും ശുപാർശ ചെയ്തു. കൂടിയാങ്ങൽ മേരിക്യൂൻസിന് +2 നൽകിയത് മന്ത്രി കെ സി ജോസഫ്, സണ്ണിജോസഫ് എംഎൽഎ എന്നിവരുടെ ശുപാർശയിലാണ്. ഹയർസെക്കൻഡറി ഡയറക്ടറുടെ ലിസ്റ്റിലേ ഇല്ലാത്ത കരിക്കോട്ടക്കരി സെന്റ്‌തോമസിനായും സണ്ണിജോസഫാണ് ശുപാർശ ചെയ്തത്.

മന്ത്രി അനൂപ് ജേക്കബ് ശുപാർശചെയ്തത് പമ്പക്കുട എം.ടി.എം സ്‌കൂളിനുവേണ്ടിയാണ്. പിറവം എം.കെ.എം, വടകര സെന്റ് ജോൺസ് സ്‌കൂളുകൾക്കും മന്ത്രി അനൂപ് ജേക്കബ് ശുപാർശ നൽകി. എറണാകുളത്ത് മോറക്കാല സെന്റ്‌മേരീസിനും രാജർഷി മെമോറിയൽ സ്‌കൂളിനും വി പി സജീന്ദ്രൻ, തൃക്കാക്കര കർദ്ദിനാൾ സ്‌കൂളിന് ബെന്നി ബഹനാൻ, പൈഗോട്ടൂർ സെന്റ് ജോസഫിന് ജോസഫ് വാഴയ്ക്കൻ, എച്ച്.എം.വൈ സ്‌കൂൾ, നോർത്ത്പറവൂർ എസ്.എൻ സ്‌കൂൾ എന്നിവയ്ക്ക് വി.ഡി. സതീശൻ, പള്ളുരുത്തി എസ്,ഡി.പി.വൈ സ്‌കൂൾ, കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എന്നിവയ്ക്ക് ഡൊമനിക്ക് പ്രസന്റേഷൻ എന്നിവർ ശുപാർശ നൽകി.

യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ പെരുമ്പാവൂർ എം.ജി.എം സ്‌കൂളിനും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എസ്.എൻ.വി സ്‌കൂളിനും ശുപാർശ നൽകി. എറണാകുളം സെന്റ് തെരേസാസിനും സെന്റ് ആന്റണീസിനും ശുപാർശചെയ്തത് ഹൈബി ഈഡനാണ്. പെരുമ്പാവൂർ പുല്ലുവഴി ജയകേരളം സ്‌കൂളിന് വി. ശിവൻകുട്ടിയുടേതാണ് ശുപാർശ. ഉപസമിതിയംഗമായ മന്ത്രി പി ജെ ജോസഫിന്റെ ശുപാർശപ്രകാരം കോതമംഗലം സെന്റ് ജോർജ്, മാർബേസിൽ എന്നിവയ്ക്ക് അധികബാച്ചുകൾ കിട്ടി.

തൃശൂരിൽ മുല്ലൂർക്കര സ്‌കൂളിന് ഉപസമിതിയംഗമായ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വിവേകോദയത്തിന് തേറമ്പിൽ രാമകൃഷ്ണനും ശ്രീശാരദയ്ക്കും ശ്രീദുർഗവിലാസത്തിനും സി എൻ ബാലകൃഷ്ണനും മാർഅഗസ്റ്റിന് കെ.പി. ധനപാലനും സിറിയൻ സ്‌കൂളിന് എം.പി. വിൻസെന്റും തോപ്പ് സെന്റ്‌തോമസിനും വെള്ളാച്ചിറ സെന്റ് തോമസിനും തൃശൂർ ബിഷപ്പും ശുപാർശ നൽകി. വയനാട്ടിൽ മുൻ എംഎൽഎ കെ.എസ്. റോസക്കുട്ടിയുടെ ശുപാർശയിലും മുള്ളംകൊല്ലി സെന്റ് മേരീസ് സ്‌കൂളിന് അധികബാച്ച് നൽകി. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്‌കൂളിന് മന്ത്രി കെ.സി. ജോസഫാണ് ശുപാർശ ചെയ്തത്.

പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ചാണ് വിദഗ്ധസമിതിയുടെ ശുപാർശയില്ലാത്ത സ്‌കൂളുകൾ അനുവദിച്ചതെന്ന് കോടതിയിൽ വാദിക്കാനാണ് ഇല്ലാത്ത രേഖകൾ തട്ടിക്കൂട്ടുന്നത്. +2 സ്‌കൂളുകൾ ആവശ്യപ്പെട്ടുള്ള എംഎൽഎമാരുടെ ശുപാർശകൾ അടങ്ങിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചപ്പോൾ എംഎൽഎമാരുടെ അഭിപ്രായം തേടിയിരുന്നുവെന്ന് എജി കോടതിയെ ബോധിപ്പിച്ചിരുന്നു. അതു പരിഗണിച്ചാണ് ഹയർസെക്കൻഡറി ഡയറക്ടറുടെ ശുപാർശ മറികടന്ന് സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതെന്നും വാദമുയർത്തി. എന്നാൽ, കോടതിരേഖകൾ പരിശോധിച്ചപ്പോൾ അക്കൂട്ടത്തിൽ എംഎൽഎമാരുടെ ശുപാർശകളൊന്നും ഉണ്ടായിരുന്നില്ല.

ഇതുവരെ ഹാജരാക്കാനാകാത്ത രേഖകൾ ഇനി എങ്ങനെ കിട്ടുമെന്ന ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതൻ പറയുന്നത്. ഫോണിലാണ് മണ്ഡലത്തിലെ സ്‌കൂളുകൾക്കുവേണ്ടിയുള്ള അഭിപ്രായം എംഎൽഎമാരോട് തേടിയതെന്നും അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന്റെ രേഖകളാണ് തയ്യാറാക്കുന്നതെന്നുമാണ് പറഞ്ഞത്. പുതിയ +2 സ്‌കൂളുകളും ബാച്ചുകളും നിശ്ചയിച്ച മന്ത്രിസഭാ ഉപസമിതിയുടെ വൻ അഴിമതിക്ക് മറയിടാനും കോഴയോടുള്ള വിധേയത്വം തെളിയിക്കാനുമായി എല്ലാ വളഞ്ഞവഴിയും നോക്കുകയാണ് സർക്കാർ. ഇതിനായി ഭരണകക്ഷി എംഎൽഎമാരുടെ ശുപാർശക്കത്തുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കുറെ കത്തുകൾ ബുധനാഴ്ച മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഓഫീസുകൾ മുൻതീയതിവച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റ് എംഎൽഎമാരുടെ ശുപാർശകളും ഉണ്ടെന്നു വരുത്താനുള്ള രേഖകളും നിർമ്മിക്കുകയാണ്. കോടതി സ്റ്റേചെയ്ത സ്‌കൂളുകളുടെ മാനേജ്‌മെന്റുകളിൽനിന്ന് നാട്ടുകാർ സർക്കാരിന് നൽകിയതെന്ന പേരിൽ നിവേദനങ്ങളുടെ നീണ്ട പട്ടികയും കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കുന്നുണ്ട്.

പുതിയ +2 സ്‌കൂളുകളും അധികബാച്ചുകളും തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. ഉത്തരവ് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ +1 പ്രവേശനത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രവേശന നടപടികൾ അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP