Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ പിടികൂടാൻ കോഴിക്കോട് നഗരത്തെ വിറപ്പിച്ച സംഘം പിടിയിൽ; കിക്‌ബോക്‌സ് സെന്ററിന്റെ മറവിൽ ക്വട്ടേഷൻ സംഘം നടത്തുന്ന ഗുണ്ടകൾ കീഴടങ്ങിയത് കടുത്ത ചെറുത്തുനിൽപ്പിന് ശേഷം

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ പിടികൂടാൻ കോഴിക്കോട് നഗരത്തെ വിറപ്പിച്ച സംഘം പിടിയിൽ; കിക്‌ബോക്‌സ് സെന്ററിന്റെ മറവിൽ ക്വട്ടേഷൻ സംഘം നടത്തുന്ന ഗുണ്ടകൾ കീഴടങ്ങിയത് കടുത്ത ചെറുത്തുനിൽപ്പിന് ശേഷം

കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ വീണ്ടെടുക്കാൻ സഹോദരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കോഴികോട് നഗരത്തിൽ അക്രമം അഴിച്ചുവിട്ട എട്ടംഗ ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിലും സിനിമാസ്റ്റൈലിലെ കാർ ചേസിങ്ങിനും അവസാനമാണ് ഗുണ്ടാ സംഘം പൊലീസ് വലയിലായത്. കിക്‌ബോക്‌സ് സെന്ററിന്റെ മറവിൽ ക്വട്ടേഷൻ സംഘം നടത്തുന്ന ഗുണ്ടകളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നാലു ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്.

തന്റെ സഹോദരി കാമുകനൊപ്പം ഒളിച്ചോടിയെന്നും പെൺകുട്ടിയെ വീണ്ടെടുത്ത് നൽകണമെന്നും പറഞ്ഞ് സഹോദരൻ ഫ്രാൻസിസ് റോഡ് മഞ്ഞപ്പാലം മുഹമ്മദ് ഇക്‌ബാലിന്റെ മകൻ മുഹമ്മദ് ഷെഹിൻ (21) ആണ് ക്വട്ടേഷൻ കൊടുത്തത്. രണ്ടുദിവസം മുമ്പാണ് ഷെഹിന്റെ സഹോദരി ഫാത്തിമ ഷേബ (19) കാമുകൻ ഷബീബ് (24) നൊപ്പം ഒളിച്ചോടിയത്. പെൺകുട്ടി ഒളിച്ചോടിയത് അറിഞ്ഞ് ബന്ധുക്കൾ ചെമ്മങ്ങാട് പൊലീസിൽ പരാതി കൊടുത്തിരുന്നു. ഷേബയും ഷബീബും ബന്ധുക്കൾ പരാതി നൽകിയത് അറിഞ്ഞ് കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി കാറിലെത്തി ആക്രമിച്ചത്.

സമീപത്തെ കടകളിലുള്ളവരും നാട്ടുകാരും രംഗത്തെത്തിയതോടെയാണ് ക്വട്ടേഷൻ സംഘം പിന്മാറിയത്. തുടർന്ന് ഷേബയേയും ഷബീബിനേയും കോടതിയിൽ ഹാജരാക്കി. ഷേബയുടെ താൽപര്യപ്രകാരം കാമുകനൊപ്പം കഴിയാമെന്ന് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവിട്ടു.

അതേ സമയം തന്നെ ഗുണ്ടാ സംഘത്തെ പിടികൂടാൻ പൊലീസ് വലവിരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്നവരെ ജനങ്ങൾ തിരിച്ചറിഞ്ഞത് അന്വേഷണത്തിന് ഏറെ സഹായകമായി. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരൻ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നു നൗലിനെ പിൻതുടർന്നു പിടികൂടി ഇയാളിൽനിന്നും വിവരങ്ങൾ നേടിയിരുന്നു. ക്വട്ടേഷൻ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ആയുർമന പി.എം. നിസാറിന്റെയും ആയുർമന പി.എം. നവാസിന്റെയും നേതൃത്വത്തിലുള്ള സംഘത്തെയാണു അക്രമം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേകഅന്വേഷണസംഘം പിടികൂടിയത്.

നടക്കാവ് പണിക്കർ റോഡ് വണ്ടിക്കാരന്റകത്ത് ഖാദറിന്റെ മകൻ ഷമീർ ബാബു(26), കല്ലായി ചെമ്മങ്ങാട് പറമ്പ് ലത്തീഫിന്റെ മകൻ ജാസിർ എന്ന ജാനു(24), കോർട്ട് റോഡ് ഹസൻ കോയയുടെ മകൻ ഫാഹിം അഹമ്മദ്(22), പള്ളിക്കണ്ടി തെക്കും തലപറമ്പ് മൊയ്തീന്റെ മകൻ ഹനീഫ എന്ന ഫാറൂഖ്(35), ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതും പെൺകുട്ടിയുടെ സഹോദരനും കൂടിയായ മുഹമ്മദ് ഷെഹിൻ (21), ഒളവണ്ണ മർജാത മൻസിൽ അബൂബക്കറിന്റെ മകന്റെ ഫവാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.

ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന നടക്കാവ് സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ നൂൽഖാദർ(19)നെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലായവർ നിരവധി മോഷണ കേസുകളിലും കവർച്ചാ കേസുകളിലും പ്രതികളാണ്. ഇതിൽ നിസാർ ഒന്നരമാസം മുമ്പാണ് ജയിൽ മോചിതനായത്. ഹനീഫ എന്ന ഫാറൂഖ് മാറാട് കേസിൽ കോടതി വെറുതെ വിട്ടയാളാണ്. സംഭവത്തിനു ശേഷം നിസാർ മലപ്പുറം ഭാഗത്തേക്കു രക്ഷപ്പെട്ടു പോകുന്നതിനിടെ ഇന്നലെ പുലർച്ചെ മൂന്നോടെ മാത്തറ ജംഗ്ഷനടുത്തുനിന്നും കസബ സിഐ ബാബു പെരിങ്ങത്തും െ്രെകംസ്‌ക്വോഡ് അംഗങ്ങളും പിടികൂടുകയായിരുന്നു. ഇതിനിടെ നിസാർ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് കീഴ്‌പെടുത്തി. നിസാറിന്റെ കൈവശമുള്ള ബാഗിൽ നിന്നും ഉറുമിയും വടിവാളും കണ്ടെടുത്തു. മുതലക്കുളത്തെ ഹോട്ടൽപരിസരത്തുനിന്നാണു നവാസിനേയും ഹാഷിം അഹമ്മദിനേയും പിടികൂടിയത്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ സ്ഥലത്തുണ്ടായിരുന്ന കാറുകളിലൊന്ന് പ്രതികളുടേതാണെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.

പാലാഴി ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറിനെ പിൻതുടർന്നാണ് പെൺകുട്ടിയുടെ സഹോദരനുൾപ്പെടെയുള്ള മറ്റു പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും പേനാക്കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയും ക്വട്ടേഷൻ ഇനത്തിൽ ലഭിച്ച 65,000 രൂപയും ബോക്‌സിങ് ഗ്ലൗസും ബോക്‌സിങ് പഞ്ചിങ് പാഡുകളും പൊലീസ് കണ്ടെത്തി. പ്രതികൾക്കെതിരേ ഗുണ്ടാ ആക്ട് ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. നവാസിന്റെയും നിസാറിന്റെയും കിക്ക് ബോക്‌സിങ്ങ് കേന്ദ്രത്തിലെ ശിഷ്യന്മാരാണ് മറ്റുള്ള പ്രതികൾ. ബോക്‌സിങ് പരിശീലനത്തിന്റെ മറവിൽ യുവാക്കളെ ക്വട്ടേഷൻ പ്രവർത്തനത്തിലേക്ക് നയിക്കുന്ന രീതിയാണ് ഇവരുടേതെന്ന് കമ്മീഷണർ പറഞ്ഞു.

നാലുലക്ഷം രൂപ ക്വട്ടേഷൻ വാങ്ങിയാണ് നിസാറും നവാസും പെൺകുട്ടിയെ വീണ്ടെടുക്കാമെന്നേറ്റത്. ഇതിനു വേണ്ടി എന്തു കൃത്യവും നടത്താൻ ഇവർ തയാറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിസാറിന്റെ ബോക്‌സിങ് സെന്റർ നിയമപരമായാണ് പ്രവർത്തിച്ചു വരുന്നത്. എന്നാൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കു പിന്നിൽ ബോക്‌സിങ് സെന്റർ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു പൂട്ടാനുള്ള നടപടികൾ സ്വീകരിക്കും. പെൺകുട്ടിയുടെ 21 വയസുള്ള സഹോദരന് ക്വട്ടേഷൻ തുകയായി നാലുലക്ഷം രൂപ നൽകാൻ കഴിയുമോ എന്നതും സംശയമാണ്. ക്വട്ടേഷൻ നൽകിയതിനു പിന്നിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവരേയും കേസിൽ പ്രതികളാക്കും. പിടിയിലായവരെ കൂടാതെ സഹായികളാരെങ്കിലുമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം ഷബീബിനും ഫാത്തിമ ഷെബയ്ക്കും സംരക്ഷണം നൽകാൻ മറ്റൊരു സംഘവും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് കമ്മീഷണർ അറിയിച്ചു. അസി. കമ്മിഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേകസംഘം രൂപീകരിച്ചത്. കസബ സിഐ ബാബു പെരിങ്ങേത്തിനാണ് അന്വേഷണച്ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP