Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം; ഇതിൽ പകുതിയിലധികവും പിടികൂടിയത് കരിപ്പൂരിൽനിന്ന്; കരിപ്പൂരിൽനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണം; കരിപ്പൂരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 175 കേസുകൾ; കനകമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെ

ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം; ഇതിൽ പകുതിയിലധികവും പിടികൂടിയത് കരിപ്പൂരിൽനിന്ന്; കരിപ്പൂരിൽനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണം; കരിപ്പൂരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 175 കേസുകൾ; കനകമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം. ഇതിൽ പകുതിയിലധികം പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്. കരിപ്പൂരിനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണമാണ്. സ്വർണമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.സംസ്ഥാനത്ത് കൂടുതൽ സ്വർണക്കടത്ത് കരിപ്പൂർ വിമാനത്താവളം വഴിയെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പുതുതായി ആരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത് നടക്കുന്നതായും കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം സെപ്റ്റംബർ 30 വരെ പിടിച്ച 150.478 കിലോ സ്വർണത്തിൽ 83.69 കിലോയും കരിപ്പൂരിൽനിന്നാണ്. 21.73 കോടി രൂപ വിലവരുമിതിന്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 77.08 കിലോയായിരുന്നു. കണ്ണൂർ എയർപോർട്ടുവഴി 18.61 കിലോ സ്വർണമാണ് പിടികൂടിയത്.

കരിപ്പൂരിൽ 175 കേസാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 28.15 കിലോ പിടികൂടി. 55 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം തിരുവനന്തപുരത്തുനിന്ന് 19.74 കിലോയിരുന്നു പിടികൂടിയത്.വാഹനങ്ങൾവഴിയും രേഖയില്ലാതെ സ്വർണക്കടത്ത് വർധിക്കുകയാണ്. ട്രെയിൻ, ബസ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 15 കാരിയർമാർ അറസ്റ്റിലായിട്ടുണ്ട്. 21 കിലോ സ്വർണം ഇവരിൽനിന്ന് പിടികൂടി.

ഇന്നലെയും കരിപ്പൂരിൽനിന്നും സ്വർണം പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരിൽനിന്ന് അനധികൃത സ്വർണത്തോടൊപ്പം സിഗരറ്റും പിടികൂടി.ട്രിമ്മറിനുള്ളിലടക്കം ഒളിപ്പിച്ചുകടത്തിയ സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റുമാണ് പിടിച്ചത്. അബുദാബിയിൽനിന്ന് എത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരൻ കാസർകോട് സ്വദേശി നിസാർ ബാരിക്കരയിൽനിന്നാണ് എയർകസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ 542 ഗ്രാം തൂക്കംവരുന്ന 24 കാരറ്റ് സ്വർണം പിടിച്ചത്.  10 ജീപാസ് ബ്രാൻഡ് ട്രിമ്മറിനുള്ളിലും ചോക്ലേറ്റ് ടിന്നിനുള്ളിൽ പാളികളായും സിൽവർ ആവരണംചെയ്ത റിങ്ങുകളിലുമായിരുന്നു സ്വർണം. ദുബായിൽനിന്നെത്തിയ നാല് യാത്രക്കാരിൽനിന്നാണ് സിഗരറ്റ് പിടികൂടിയത്.

അസി. കമീഷണർ ഡേവിസ് മന്നത്ത്, സൂപ്രണ്ടുമാരായ കെ പി മനോജ്, രഞ്ജി വില്യംസ്, പ്രകാശൻ, ഇൻസ്പെക്ടർമാരായ കെ മുരളീധരൻ, രോഹിത് കത്രി, യോഗേഷ് യാദവ്, മിനിമോൾ, ഹവിൽദാർ അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
ഇതിന് പുറമെ കരിപ്പൂർ വിമാനത്തവളത്തിൽനിന്നും 10പേരിൽ നിന്നായി 81ലക്ഷം രൂപയുടെ സ്വർണവും സിഗരറ്റും പിടികൂടിയത് ദിവസങ്ങൾക്ക് മുമ്പാണ്. വിവിധ വിമാനങ്ങളിലെത്തിയ വ്യത്യസ്ത യാത്രക്കാരിൽനിന്നായി ഇത്രയധികം സ്വർണവും സിഗരറ്റും പിടികൂടിയത്. ദുബായിൽനിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ മലദ്വാരത്തിൽ 30.88 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. അബ്ദുൾ വാഹി മലദ്വാരത്തിൽ ഒളിപ്പിച്ചത് 821 ഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്.

ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യവിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് 6.99 ഗ്രാം സ്വർണം ലഭിച്ചത്. ഇവക്ക് 26.29 ലക്ഷം രൂപ വില വരും. എയർ ഇന്ത്യയുടെ ഷാർജ-കരിപ്പൂർ വിമാനത്തിലെത്തിയ കാസർഗോഡ് കളനാട് സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നു 30,000 രൂപ വില വരുന്ന 5000 സിഗരറ്റുകളും കാസറഗോഡ് കുളങ്ങര സ്വദേശി ബീരാൻകുഞ്ഞിയിൽ നിന്നു 36,000 രൂപയുടെ 6,000 സിഗരറ്റുകളുമാണ് പിടിച്ചത്. ഇതേ വിമാനത്തിലെത്തിയ വടകര ചാനിയംകടവ് സ്വദേശി മുഹമ്മദ് തായമ്പറത്തിൽ നിന്നു 20ലക്ഷം രൂപയുടെ 640 ഗ്രാം സ്വർണ മിശ്രിതമാണ് പിടിച്ചത്. ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ മണിപുരം സ്വദേശി അബ്ദുൾ വാഹിയിൽ നിന്നു 821 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. 30.88 ലക്ഷം രൂപ വില വരുന്ന ഇവ മലദ്വാരത്തിൽ ഒളിപ്പിച്ചത്.

മസ്‌ക്കറ്റിൽ നിന്നുള്ള ഒമാൻ എയറിലെത്തിയ കാസറഗോഡ് തലയങ്ങാടി സ്വദേശികളായ ആദിൽ അദ്നാൻ, അബ്ദുൾ ഖാദർ എന്നിവരിൽ നിന്നായി 28,000 സിഗരറ്റുകളാണ് പിടിച്ചത്. ഇവക്ക് 1.68 ലക്ഷം വില വരും. ഇരുവരും ബാഗേജിനുള്ളിലായിരുന്നു ഒളിപ്പിച്ചത്. ഒമാൻ എയറിന്റെ മറ്റൊരു മസ്‌ക്കറ്റ് വിമാനത്തിലെത്തിയ കാസറഗോഡ് കുളങ്ങര സ്വദേശികളായ അഹമ്മദ് നബീൽ, അബ്ദുൾറഹീം എന്നിവരിൽ നിന്നു 12,000 സിഗരറ്റുകളും പിടികൂടി. ബാഗേജിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇവക്ക് 88,000 രൂപ വില വരും. ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയറിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശി ഖാൻ ഖുർഷിദിൽ നിന്നും 60,000 രൂപ വില വരുന്ന 10,000 സിഗററ്റും കണ്ടെത്തി.

ഇതിന് പുറമെ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയതിന് പിന്നാലെ കരിപ്പൂർ വിമാനത്തവളം വഴി ഷൂസിനുള്ളിൽ ഒളിപ്പിച്ചും സ്വർണം കടത്താൻ ശ്രമിച്ചത് കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് ധരിച്ച ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശി ജഹഫർ അലി(28)യിൽ നിന്നാണ് കരിപ്പൂർ എയർകസ്റ്റംസ് സ്വർണം കണ്ടെത്തിയത്.

ഷൂസിനുള്ളിൽ ക്യാപ്‌സൂൾ രൂപത്തിലാക്കിയ സ്വർണമിശ്രതമാണ് കണ്ടെത്തിയത്.1105 സ്വർണ മിശ്രിതം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അതീവ രഹസ്യമായാണ് ഒളിപ്പിച്ചിരുന്നത്. മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തു വരികയാണെന്ന് കസ്റ്റംസ് പറഞ്ഞു. വ്യത്യസ്തമായ രീതിയിൽ കരിപ്പൂർ വിമാനത്തവളത്തിൽ വ്യാപകമായാണ് സ്വർണക്കടത്ത് അനുദിനം പിടികൂടുന്നത്.

കഴിഞ്ഞ ദിവസമാണ് സ്വർണം ഗർഭ നിരോധന ഉറക്കുള്ളിൽ ഒളിപ്പ് അഞ്ച് ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30ലക്ഷംരൂപയുടെ സ്വർണം പിടികൂടിയത്. കോഴിക്കോട് അയിലോട്ടുപാടം കൊമ്മനേരി ജുനൈദിനെയാണ്(25) ഇത്തരത്തിൽ പിടികൂടിയത്. 25വയസ്സുകാരനായ പ്രതി മസ്‌ക്കറ്റിൽനിന്നാണ് കരിപ്പൂർ വിമാനത്തവളം വഴി കടത്താൻ ശ്രമിച്ചത്. തുടർന്നു കസ്റ്റംസ് നടത്തിയ പരിശോധനയിൽ ജുനൈദിനെ സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു.കൂടുതൽ ചോദ്യംചെയ്തതോടെ പ്രതി സ്വർണം ഒളിപ്പിച്ചത് സമ്മതിക്കുകയായിരുന്നു. തുടർന്നു ബാത്റൂമിൽ കൊണ്ടുപോയാണ് സ്വർണം പുറത്തെടുത്തത്.

പല സ്വർണക്കടത്ത് കാരിയർമാരും സ്വർണം ഒളിപ്പിച്ചതായി സംശയിച്ചു ചോദ്യംചെയ്യുമ്പോഴൊന്നും സമ്മതിക്കാറില്ല. തുടർന്നു പുറത്തെ സ്‌കാനിങ് സെന്ററുകളിൽ കൊണ്ടുപോയി എക്സറെ എടുക്കുമ്പോഴും, ഏറെ സമയം പിടിച്ചിരുത്തിയ അസ്വസ്തത കാണുമ്പോഴുമാണ് കുറ്റം സമ്മതിക്കാറുള്ളത്. എന്നാൽ ജുനൈദ് ചോദ്യംചെയ്യലിൽതന്നെ കുറ്റം സമ്മതിച്ചതോടെ കസ്റ്റംസ് അധികൃതർക്ക് കൂടുതൽ ജോലിയുണ്ടായില്ല. ക്യാപ്സൂൾ രൂപം ഉൾപ്പെടെ സ്വർണത്തിന് 1058 ഗ്രാം തൂക്കമുണ്ടായിരുന്നെങ്കിലും പിന്നീട് സ്വർണം വേർതിരിച്ചെടുത്തപ്പോഴാണ് 835.5 ഗ്രാം തൂക്കമുള്ളതായി കണ്ടെത്തിയത്. അഞ്ച് ക്യാപ്സൂളുകളാക്കിയാണ് സ്വർണം മലദ്വാരത്തിൽ ഒളിച്ചത്. ഇത്തരത്തിൽ ഒളിപ്പിക്കുന്ന സ്വർണം പലപ്പോഴും വയറിനകത്തേക്കുപോകുന്ന സാഹചര്യം ഉണ്ടാകുന്നതിനാലാണ് സ്‌കാനിംഗിന് കൊണ്ടുപോകുന്നതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.

അതേ സമയം 30ലക്ഷം രൂപ വിലവരുന്ന സ്വർണം ഒരു വ്യക്തിയുടെ മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് കസ്റ്റംസ് അധികൃതർക്ക് അത്ഭുതമായി. കാരണം മുമ്പെല്ലാം ഈ രീതിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തത് ഇതിന്റെ പകുതിയോളമെയുണ്ടായിരുന്നുള്ളു. മാക്സിമം 500 ഗ്രാംവരെയാണ് സാധാരണ മലദ്വാരത്തിൽ പ്രതികൾ കടത്താൻ ശ്രമിക്കാറുള്ളതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. എന്നാൽ ജുനൈദിന് പണത്തിന്റെ അത്യാവശ്യമുണ്ടായതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസ് അധികൃതർക്ക് നൽകിയ മൊഴി. 15ലക്ഷംരൂപവരെയുള്ള സ്വർണമാണ് നേരത്തെ പിടക്കപ്പെട്ട പ്രതികളിൽ ഭൂരിഭാഗം പേരിൽനിന്നും കണ്ടെത്തിയതെന്നും കസ്റ്റംസ് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP