Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ വിമാനത്താവളവും സ്വർണക്കടത്തുകാരുടെ ഇഷ്ടതാവളമാകുന്നു; ഏഴ് മാസം കൊണ്ട് പിടികൂടിയത് 12 കോടി രൂപയുടെ സ്വർണം; പിടിയിലായവരിൽ അധികവും സ്ത്രീകൾ; ഒളിപ്പിക്കുന്നത് അടിവസ്ത്രത്തിൽ മുതൽ മലദ്വാരത്തിൽ വരെ

കണ്ണൂർ വിമാനത്താവളവും സ്വർണക്കടത്തുകാരുടെ ഇഷ്ടതാവളമാകുന്നു; ഏഴ് മാസം കൊണ്ട് പിടികൂടിയത് 12 കോടി രൂപയുടെ സ്വർണം; പിടിയിലായവരിൽ അധികവും സ്ത്രീകൾ; ഒളിപ്പിക്കുന്നത് അടിവസ്ത്രത്തിൽ മുതൽ മലദ്വാരത്തിൽ വരെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിലേക്ക് ഗൾഫ് നാടുകളിൽ നിന്നും പ്രധാനമായി കള്ളക്കടത്ത് നടത്തുന്നത് സ്വർണ്ണമാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയാണ് സ്വർണം കള്ളക്കടത്ത് നടക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ഡിആർഐയും കസ്റ്റംസും പലപ്പോഴും വൻ സ്വർണവേട്ട നടത്താറുണ്ടെങ്കിലും സ്വർണം കടത്തിന് കുറവൊന്നുമില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. കരിപ്പൂരും നെടുമ്പാശ്ശേരിയും തിരുവനന്തപുരവുമായിരുന്നു നേരത്തേ സ്വർണം കടത്തുകാരുടെ ഇഷ്ട ലക്ഷ്യകേന്ദ്രം എങ്കിൽ ഇപ്പോൾ കണ്ണൂർ വിമാനത്താവളവും കള്ളക്കടത്തിന് ഉപയോഗിക്കുന്നു. പ്രവർത്തനം തുടങ്ങി 7 മാസത്തിനിടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പിടികൂടിയ സ്വർണത്തിന്റെ കണക്ക് മാത്രം മതി കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി പുതിയ എയർപോർട്ട് മാറി എന്നതിന് തെളിവ്. ഏഴ് മാസത്തിനിടെ ഇവിടെ നിന്നും പിടികൂടിയത് 36.47 കിലോ സ്വർണമാണ്. ഇത്രയും സ്വർണത്തിന് 12 കോടിയോളം രൂപ വില വരും.

സ്വർണ വേട്ടയുടെ നാൾവഴി

ഡിആർഐ പിടികൂടിയവ (5 കേസുകളിലായി 15.47 കിലോ സ്വർണം, 7 അറസ്റ്റ് )

25.12.2018 2കിലോ
14.02.2019 5.65 കിലോ
07.06.2019 3.3 കിലോ
18.06.2019 2.172 കിലോ
11.07.2019 2.35 കിലോ

കസ്റ്റംസ് പിടികൂടിയവ (23 കേസുകളിലായി 21 കിലോ സ്വർണം, 9 അറസ്റ്റ് )

07.01.2019 829 ഗ്രാം
05.03.2019 - 413.42 ഗ്രാം.
11.03.2019 - 1.830 കിലോ
14.03.2019 282 ഗ്രാം.
22.03.2019 - 203.5 ഗ്രാം.
06.04.2019 - 250 ഗ്രാം.
13.04.2019 - 699 ഗ്രാം.
16.04.2019 - 519.78 ഗ്രാം.
19.04.2019 2.802 കിലോ
22.04.2019 817 ഗ്രാം
25.04.2019 110 ഗ്രാം
03.05.2019 2.559 കിലോ
03.05.2019 886 ഗ്രാം
14.06.2019 1.15 കിലോ
15.06.2019 - 1.95 കിലോ
20.06.2019 - 2.372 കിലോ
03.07.2019 731 ഗ്രാം
08.07.2019 140.8 ഗ്രാം
10.07.2019 2.807 കിലോ

സ്വർണക്കടത്ത് 'ഉദ്ഘാടനം' പിണറായി സ്വദേശി

വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയുന്നതിന് മുൻപ് പിണറായി സ്വദേശി മുഹമ്മദ് ഷായാണ് സ്വർണക്കടത്ത് 'ഉദ്ഘാടനം' ചെയ്തത്. അന്ന് തന്നെ വിമാനത്താവളത്തിലെ സ്വർണ വേട്ടയ്ക്കും തുടക്കമായി. രണ്ടു കിലോ സ്വർണവുമായി ഡിസംബർ 25നായിരുന്നു മുഹമ്മദ് ഷാ പിടിയിലായത്. സ്വർണവുമായി കണ്ണൂരിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും കാസർകോട്, കോഴിക്കോട് സ്വദേശികളാണ്. 12 കാസർകോട് സ്വദേശികളും 13 കോഴിക്കോട് സ്വദേശികളുമുണ്ട്. 23 കേസുകളിലായി 21 കിലോ സ്വർണം കസ്റ്റംസും 5 കേസുകളിലായി 15.47 കിലോ സ്വർണം ഡിആർഐയുമാണു (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) പിടകൂടിയത്. ഇതുമായി ബന്ധപ്പെട്ട് 9 പേരെ കസ്റ്റംസും 7 പേരെ ഡിആർഐയും അറസ്റ്റ് ചെയ്തു.

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തുന്നതിൽ അധികവും സ്ത്രീകളാണ്. ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമാണ് കൂടുതൽ സ്വർണം കണ്ണൂരിലെത്തിയത്. 14 തവണ ഷാർജയിൽ നിന്നും 13 തവണ അബുദാബിയിൽ നിന്നും എത്തി. സ്ത്രീകൾ അടക്കം 34 പേരാണ് ഇതുവരെ പിടിയിലായത്. ഇതിൽ 5.65 കിലോ സ്വർണം കടത്തിയ സംഭവത്തിൽ നാലുപേരെ കോഫെപോസ ചുമത്തി കണ്ണൂർ ഡിആർഐ ജയിലിലടച്ചു. 1.8 കോടി രൂപ വിലവരുന്ന 5.66 കിലോ സ്വർണവുമായി രണ്ടു കോഴിക്കോട് സ്വദേശികളാണു ഫെബ്രുവരി 14നു ഡിആർഐയുടെ പിടിയിലായത്. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു നാലംഗസംഘം വലയിലായത്.

സ്വർണം സൂക്ഷിക്കാൻ ബെസ്റ്റ് അടിവസ്ത്രവും മലദ്വാരവും

സ്വർണം കടത്താൻ പല വഴികളും ഉപയോഗിക്കാറുണ്ടെങ്കിലും പേസ്റ്റ് രൂപത്തിൽ അടിവസത്രത്തിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് 75 ശതമാനം പേരും സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ മാലകളും ബിസ്‌കറ്റുകളും പിടികൂടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കടത്തിയത് എയർ ഇന്ത്യ എക്സ്‌പ്രസ് വഴി. മാസം ശരാശരി 4 കേസ്. ബഹ്‌റൈൻ, കുവൈത്ത് ഒഴികെ എല്ലാ രാജ്യങ്ങളിൽ നിന്നും സ്വർണം കണ്ണൂരിലെത്തി. ദിവസം 4 കേസുകൾ വരെ ഒരേ വിമാനത്തിൽ നിന്നു പിടിച്ചിട്ടുണ്ട്. ഫ്രൂട്ട് ജ്യൂസർ, ഡ്രില്ലിങ് മെഷീൻ, ചെരുപ്പ്, ശരീരം, അടിവസ്ത്രം, മലദ്വാരം, ഇലകട്രിക് അപ്പച്ചട്ടി, ഹീറ്റർ, അയൺ ബോക്‌സ് എന്നിവയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു.

പേസ്റ്റ് രൂപത്തിലും സങ്കരരൂപത്തിലുമെല്ലാം പിടികൂടുന്നവ സ്വർണപ്പണിക്കാരുടെ സഹായത്തോടെ വേർതിരിച്ചാണു തൂക്കം കണക്കാക്കുന്നത്. ഫെബ്രുവരി 14ന് ഡിആർഐ പിടികൂടിയ രണ്ടുപേരും ലോഹസങ്കരം കാലിനടിയിൽ വച്ചശേഷം ബാൻഡേജ് ചുറ്റി സോക്‌സ് ധരിച്ച നിലയിലായിരുന്നു. 7.15 കിലോ ഭാരമുണ്ടായിരുന്ന ലോഹക്കൂട്ട് വേർതിരിച്ചെടുത്തപ്പോൾ 5.66 കിലോ സ്വർണം ലഭിച്ചു.

ലഹരിയും വരുന്നു

സ്വർണം മാത്രമല്ല, കണ്ണൂരിൽ നിന്ന് ഹഷീഷ് ഓയിലും ഹെറോയിനും സിഗരറ്റും പിടികൂടിയിട്ടുണ്ട്. ഹെറോയിൻ പിടികൂടിയ രണ്ടു കേസുകൾ കസ്റ്റംസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെരിപ്പിനുള്ളിൽ ദോഹയിലേക്ക് ഒളിച്ചു കടത്താൻ ശ്രമിച്ച 950 ഗ്രാം ഹഷീഷ് ഓയിലുമായി തായത്തെരു സ്വദേശിയാണു പിടിയിലായത്. 200 സിഗരറ്റു വീതമുള്ള 500 പെട്ടികളുമായി രണ്ടു കാസർകോട് സ്വദേശികൾ മാർച്ച് 15നു പിടിയിലായി.

പിടി വീഴുന്നത് യാത്രക്കാരെ ശക്തമായി നിരീക്ഷിക്കുന്നതിനാൽ

ശക്തമായ നീരീക്ഷണ സംവിധാനമാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഒറ്റയ്‌ക്കെത്തുന്ന ചെറുപ്പക്കാരെ പ്രത്യേകം നിരീക്ഷിക്കാറുണ്ട്. മലദ്വാരത്തിലും മറ്റും സ്വർണം ഒളിപ്പിക്കുന്നവർ മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെയാവും വരുന്നത്. ചിലരുടെ കണ്ണുചുവന്നിരിക്കും. വാടിവിളറിയ മുഖം കാണുമ്പോൾത്തന്നെ സംശയം തോന്നാം. സംശയം തോന്നി പരിശോധിക്കാൻ ശ്രമിച്ചാൽ മിക്കവരും സമയം നഷ്ടപ്പെടുത്തുന്നുവെന്നും മറ്റും പറഞ്ഞ് തട്ടിക്കയറാൻ തുടങ്ങും. ഇത്തരക്കാരിൽ നിന്നു മിക്കവാറും സ്വർണം കിട്ടിയിട്ടുണ്ടെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിആർഐ കടത്തുകാർക്കായി വലവിരിക്കുന്നത്. കടത്തുകാർ മാത്രമല്ല, സംഘത്തിന്റെ സ്വദേശത്തെയും വിദേശത്തെയും കണ്ണികളെയും വലയിലാക്കാൻ ഡിആർഐക്കു കഴിയുന്നതും അതുകൊണ്ടുതന്നെ.

ശിക്ഷ ഇങ്ങനെ

സ്വർണക്കടത്തിന് കസ്റ്റംസ് പിടികൂടുന്നവർക്ക് (20 ലക്ഷം മുതൽ ഒരു കോടി വരെ മൂല്യമുള്ളവ) ആൾ ജാമ്യത്തിൽ പുറത്തിറങ്ങാം. ആവർത്തിച്ചാൽ ശിക്ഷ കനക്കും. കണ്ണൂരിൽ നിന്നു പിടിയിലായവർ 60,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ പിഴയടച്ചാണു പുറത്തിറങ്ങിയത്. കള്ളക്കടത്തായി കൊണ്ടുവരുന്നതായതിനാൽ പിടികൂടുന്ന സ്വർണം സർക്കാരിലേക്കു കണ്ടുകെട്ടുകയാണു പതിവ്.

കൊണ്ടുവരാം നിയമപരമായി

ആറുമാസത്തിലേറെ താമസിച്ചു തിരികെയെത്തുന്ന സ്ത്രീകൾക്ക് ആഭരണമായി ഒരുലക്ഷം രൂപവരെ മൂല്യമുള്ള സ്വർണം ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാം. (ഇപ്പോഴത്തെ വിലയിൽ 5 പവൻ) ആഭരണവും പുരുഷന്മാർക്ക് 50,000 രൂപവരെ മൂല്യമുള്ള (രണ്ടര പവൻ) ആഭരണവും അണിഞ്ഞു വരാം. വിദേശത്ത് ആറുമാസത്തിലേറെ താമസിച്ചശേഷം തിരികെ വരുന്ന പ്രവാസികൾക്ക് ഡ്യൂട്ടി അടച്ച് 10 കിലോ വരെ സ്വർണം കൊണ്ടു വരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP