Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണക്കടത്തുകാർക്ക് സഹായം ഒരുക്കുന്നത് വിമാനത്താവളത്തിനുള്ളിലെ 'ബ്ലൈൻഡ് സ്പോട്ടുകൾ'; അതിർത്തി വഴി മറ്റ് സംസ്ഥാനങ്ങളിലേക്കും കടത്താമെന്നതും തിരുവനന്തപുരം വിമാനത്താവളത്തെ സ്വർണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു

സ്വർണ്ണക്കടത്തുകാർക്ക് സഹായം ഒരുക്കുന്നത് വിമാനത്താവളത്തിനുള്ളിലെ 'ബ്ലൈൻഡ് സ്പോട്ടുകൾ'; അതിർത്തി വഴി മറ്റ് സംസ്ഥാനങ്ങളിലേക്കും കടത്താമെന്നതും തിരുവനന്തപുരം വിമാനത്താവളത്തെ സ്വർണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരുകാലത്ത് സ്വർണ്ണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായിരുന്നത് കോഴിക്കോട് വിമാനത്താവളമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി തിരുവനന്തപുരം വിമാനത്താവളമായി മാറിയിരിക്കയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ സ്വർണ്ണക്കടത്ത് നടക്കുന്ന് ഇവിടം വഴിയാണ്. കോവിഡിനു മുൻപ് പ്രതിദിനം 25 കിലോ സ്വർണമെങ്കിലും ഈ വിമാനത്താവളത്തിലൂടെ കടന്നുപോയിരുന്നതായാണ് അധികൃതരുടെ നിഗമനം. മറ്റു വിമാനത്താവളങ്ങളിൽനിന്നും വ്യത്യസ്ഥമായി നഗരത്തിന് നടുക്കുള്ള ഈ വിമാനതതാവളം സ്വർണ്ണക്കടത്തുകാർക്ക് സ്വർഗ്ഗമായി മാറുകയായിരുന്നു.

തിരക്കുള്ള സ്ഥലമായതിനാൽ സ്വർണം മറ്റു സംഘങ്ങൾ തട്ടിയെടുക്കാൻ സാധ്യത കുറവാണ്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷിതമായി സ്വർണം ഒളിപ്പിക്കാം. അതിർത്തി വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്താം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങൾക്കൊന്നും ഈ പ്രത്യേകതകളില്ലെന്നതാണ് ഈ വിമാനത്താവളത്തിന്റെ പ്രത്യേകത. വിമാനത്താവളത്തിനുള്ളിലെ 'ബ്ലൈൻഡ് സ്പോട്ടുകളാണ്' കടത്തുകാർക്ക് മറ്റൊരു സഹായം. 2019 മെയ് 13ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടുന്നതിനു മുൻപ് 10 കിലോ സ്വർണം എയർപോർട്ട് ടെക്നീഷ്യനിൽനിന്നും പിടികൂടിയിരുന്നു. ടാർമാർക്കിലും എയ്റോ ബ്രിഡ്ജുവഴിയുമെല്ലാം ഇയാൾ പോയതായി കണ്ടെത്തിയെങ്കിലും ചില സ്ഥലങ്ങളിൽ സാന്നിധ്യം കണ്ടെത്താനായില്ല.

ബ്ലെൻഡ് സ്പോട്ടുകളെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്ന ഇത്തരം സ്ഥലങ്ങളിൽ സുരക്ഷാ ക്യാമറകളില്ലാത്തതാണ് പ്രശ്നമായത്. അവിടെയെല്ലാം ക്യാമറ വയ്ക്കണമെന്ന് കസ്റ്റംസും ഡിആർഐയും ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനയിൽ ഇക്കാര്യം വ്യക്തമായതിനെത്തുടർന്ന് 500 ക്യാമറകൾ സ്ഥാപിച്ചതായി സിഐഎസ്എഫ് കസ്റ്റംസിനെയും ഡിആർഐയെയും അറിയിച്ചിട്ടുണ്ട്.

ഇത്തവണ ഡോർലോക്, ടാപ്പ് അടക്കമുള്ള ശുചിമുറി ഉപകരണങ്ങൾക്കുള്ളിൽ സ്വർണം ഉരുക്കി നിറച്ചാണ് 30 കിലോ സ്വർണം കടത്തിയത്. ഡിപ്ലോമാറ്റിക് ബാഗേജായതിനാൽ പരിശോധിക്കാൻ കഴിയില്ലെന്ന ബലത്തിലായിരുന്നു കടത്തൽ. ചില രേഖകളിൽ വ്യത്യാസം കണ്ടതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. നയതന്ത്ര പരിരക്ഷയുള്ള ബാഗുകളായതിനാൽ ആദ്യം അവർ പരിശോധനയിൽനിന്ന് പിന്തിരിഞ്ഞു. രേഖകൾ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോൺസുലേറ്റ് പിആർഒ എന്നവകാശപ്പെട്ടയാൾ രേഖകൾ നൽകിയില്ല. ഇതോടെ സംശയം വർധിച്ചു. ബാഗേജ് വിട്ടുനൽകാത്തതിനെത്തുടർന്ന് ഇയാൾ വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതോടെ കസ്റ്റംസ് കോൺസുലേറ്റിൽ ബന്ധപ്പെട്ടു. ഇയാൾ പിആർഒ അല്ലെന്ന് വിവരം ലഭിച്ചതോടെ ബാഗേജ് പരിശോധിക്കാൻ തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെയും കോൺസുലേറ്റിന്റെയും അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 30 കിലോ സ്വർണം കണ്ടെടുത്തത്.

സ്വർണം ഉരുക്കി ഉപകരണങ്ങളിൽ നിറച്ച് കടത്തുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞത് രണ്ടു ദിവസത്തെയെങ്കിലും ശ്രമകരമായ ജോലി അതിനു പിന്നിലുണ്ട്. സ്വർണം ഉരുക്കി യന്ത്രഭാഗങ്ങളിൽ നിറയ്ക്കുന്നതിനു മുൻപ് അതിന്റെ മാതൃകയിൽ കവചം ഉണ്ടാക്കണം. അതിനുശേഷം കവചത്തിൽ സ്വർണം നിറച്ച് യന്ത്രത്തിൽ ഘടിപ്പിക്കണം. ലെയ്ത്തിലെ പണികളടക്കം വേണ്ടിവരും. ഇങ്ങനെവരുന്ന സ്വർണം എക്സ്റേ പരിശോധനയിൽ കണ്ടെത്താനും പ്രയാസമാണ്. ചില ഉദാഹരണങ്ങൾ ഉദ്യോഗസ്ഥർ പറയുന്നു. ഓവനിലെ മോട്ടറിനുള്ളിൽ സ്വർണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധനയിൽ ഒരുപോലെയായിരിക്കും. ഡിപ്ലോമാറ്റിക് ബാഗുകളാണെങ്കിൽ സംശയം തോന്നിയാലും പരിശോധന ഒഴിവാക്കേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP