Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

തമിഴ്‌നാട്ടിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി അട്ടപ്പാടിയിലെയും തെങ്കരയിലെയും രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് സംഭരിക്കും; ചെറുകിട വിൽപ്പനക്കാർക്ക് ബൈക്കിൽ വിതരണം; വിൽപനയിലൂടെ പ്രതിക്ക് ലഭിക്കുന്നത് ലക്ഷങ്ങളുടെ ലാഭം; അറസ്റ്റിലായ ഇരുമ്പൻ അസീസ് നേരത്തെയും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചയാൾ

തമിഴ്‌നാട്ടിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി അട്ടപ്പാടിയിലെയും തെങ്കരയിലെയും രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് സംഭരിക്കും; ചെറുകിട വിൽപ്പനക്കാർക്ക് ബൈക്കിൽ വിതരണം; വിൽപനയിലൂടെ പ്രതിക്ക് ലഭിക്കുന്നത് ലക്ഷങ്ങളുടെ ലാഭം;  അറസ്റ്റിലായ ഇരുമ്പൻ അസീസ് നേരത്തെയും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിച്ചയാൾ

ജംഷാദ് മലപ്പുറം

മലപ്പുറം: തമിഴ്‌നാട്ടിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി അട്ടപ്പാടി, തെങ്കര എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സംഭരിക്കും, ശേഷം ബൈക്കിൽ കറങ്ങി വിൽപന നടത്തി വൻ ലാഭമുണ്ടാക്കുന്ന പ്രതി നാലര കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ. മലപ്പുറം മേലാറ്റൂർ കാര്യവട്ടത്തുവച്ചാണു കഞ്ചാവുമായി മണ്ണാർക്കാട് തെങ്കര സ്വദേശി മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. ചക്കാലക്കുന്നൻ അസീസ് എന്ന ഇരുമ്പൻ അസീസ് (52) ആണ് പിടിയിലായത്. മേലാറ്റൂർ കാര്യവട്ടത്ത് വച്ച് ബൈക്കിൽ കടത്തിയ 4.400 കിലോ കഞ്ചാവുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി അട്ടപ്പാടി, തെങ്കര എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിൽ ചെറുകിട വിൽപ്പനക്കാർക്ക് ബൈക്കിൽ എത്തിച്ച് കൈമാറുകയാണ് ഇയാളുടെ പതിവ്. മലപ്പുറം ജില്ലാപൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്ഐ പി.എം.ഷമീറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.\പാലക്കാട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയായ അസീസിനെ പാലക്കാട് എക്സൈസും കഞ്ചാവുമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

നിലമ്പൂർ സ്വദേശിയായ അസീസ് ഏറെക്കാലമായി മണ്ണാർക്കാട് തെങ്കരയിൽ താമസിച്ച് വരികയാണ്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്ഐ പി.എം.ഷമീർ, എഎസ്ഐ മണികണ്ഠൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളി, ടി.ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം.മനോജ്കുമാർ, ഷൈജു, ഫക്രുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേ സമയം കഞ്ചാവ് മാഫിയ സംസ്ഥാന വ്യാപകമായി പിടിമുറിക്കിയതായാണ് പൊലീസ് പറയുന്നത്. ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്നുപേരെ നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസ് പിടികൂടിയതും മാസം മുമ്പാണ്. കേസിൽ രണ്ടത്താണി സ്വദേശി അപ്പക്കാട്ടിൽ ഹംസയുടെ മകൻ ഫൈസൽ (24) ,ആതവനാട് പറമ്പൻ വീട്ടിൽ സെയ്തലവിയുടെ മകൻ റഷീദ് (47),അനന്താവൂർ ചിറ്റകത്ത് കുഞ്ഞിക്കോയയുടെ മകൻ മുസ്തഫ (42) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കിൽ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്‌സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടുകയായിരുന്നു .ഇവരിൽ നിന്നും നാലര കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സംഘത്തിലെ പ്രധാനിയായ പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ സക്കീബ് (24) എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു .യുവാക്കളെ ഉപയോഗിച്ച് കോട്ടക്കൽ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കൾ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് വില്പനക്കാർക്കിടയിൽ ഡോൺ എന്ന് വിളിപ്പേരുള്ള ഈ ഇടനില ക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട് .ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ്.

പിടിയിലായവരിൽ സ്ത്രീ പീഡന കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പറമ്പൻ റഷീദ്. മാസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഫൈസൽ. ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ അറിയിച്ചു .പ്രതികളെ വടകര എൻ ഡി പി എസ് കോടതി മുൻപാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, ലതീഷ് , രതീഷ്. സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കർ ,ഹംസ, വിഷ്ണു ദാസ്,രാജീവ് കുമാർ ,മിനു രാജ് ,കണ്ണൻ എ.വി,ദിവ്യ, രജിത ഡ്രൈവർ ശിവകുമാർ എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

ഇവർക്കുപുറമെ അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയെ മേലാറ്റൂർ പൊലീസും പിടികൂടിയിരുന്നു.. ഇയാളിൽ നിന്നും 1.180 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വളാഞ്ചേരി, കൊളത്തൂർ, മേലാറ്റൂർ, പാണ്ടിക്കാട് ഭാഗങ്ങളിലും എറണാംകുളം ടൗണിലും പരിസരങ്ങളിലും വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയായ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടിൽ മുഹമ്മദ് സൽമാൻ (25) എന്ന യുവാവിനെയാണ് മേലാറ്റൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിൽ അറസ്റ്റ് ചെയ്തത്.

ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പി.എ.ശിവദാസന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്ഐ, കെ.സി.ബൈജുവും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും നടത്തിയ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ മേലാറ്റൂർ ഭാഗത്ത് ചില്ലറ കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ട് വന്ന കഞ്ചാവ് സഹിതം മേലാറ്റൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കിലോഗ്രാമിന് 15000 രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും ഏജന്റുമാർ മുഖാന്തിരം എത്തിച്ച് 300, 500,1000 രൂപയുടെ പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. ആവശ്യക്കാർ ഫോണിൽ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്താൽ പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണന്നും പൊലീസ് പറഞ്ഞു.

എറണാകുളം കലൂർ,പനമ്പള്ളിനഗർ,അംഗമാലി ഭാഗങ്ങളിലെ പ്രൊഫഷണൽ കോളജ് വിദ്യാർത്ഥികളുൾപ്പടെയുള്ള ഏജന്റുമാരെയും ചെറുകിട വിൽപനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ പ്രതിയിൽനിന്നും ലഭിച്ചിട്ടുണ്ടന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പി.എ.ശിവദാസൻ അറിയിച്ചു . പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. മേലാറ്റൂർ എസ്ഐ കെ.സി.ബൈജു, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരൻ, അബ്ദുൾ സലാം, മുരളീധരൻ, മണികണ്ഠൻ, കൃഷ്ണകുമാർ,മനോജ്കുമാർ, രജീഷ്, ഷമീർ, ഷൈജു, കൈലാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP