Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത് വെറുതെയായില്ല; 85 കിലോമീറ്റർ സ്പീഡിൽ ബസ് പായിച്ച് വന്ന ഡ്രൈവർ വഴിവക്കിലെ ഏമാന്മാരെ കണ്ടുഞെട്ടി; തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ നിരോധിത സൗണ്ട് സിസ്റ്റവും ലേസർ ലൈറ്റും മ്യൂസിക് എയർ ഹോണുകളും; ടൂർ കഴിഞ്ഞെത്തിയാൽ എല്ലാ അഴിച്ചുമാറ്റുമെന്ന് മണത്തറിഞ്ഞ് മോട്ടോർ വാഹന വകുപ്പ്; വെണ്ടാർ വിദ്യാധിരാജ സ്‌ക്കൂളിൽ 'അഭ്യാസപ്രകടനം നടത്തിയ ബസ്' പിടികൂടിയത് തന്ത്രപരമായി

രാത്രി ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത് വെറുതെയായില്ല; 85 കിലോമീറ്റർ സ്പീഡിൽ ബസ് പായിച്ച് വന്ന ഡ്രൈവർ വഴിവക്കിലെ ഏമാന്മാരെ കണ്ടുഞെട്ടി; തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ നിരോധിത സൗണ്ട് സിസ്റ്റവും ലേസർ ലൈറ്റും മ്യൂസിക് എയർ ഹോണുകളും; ടൂർ കഴിഞ്ഞെത്തിയാൽ എല്ലാ അഴിച്ചുമാറ്റുമെന്ന് മണത്തറിഞ്ഞ് മോട്ടോർ വാഹന വകുപ്പ്; വെണ്ടാർ വിദ്യാധിരാജ സ്‌ക്കൂളിൽ 'അഭ്യാസപ്രകടനം നടത്തിയ ബസ്' പിടികൂടിയത് തന്ത്രപരമായി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വെണ്ടാർ വിദ്യാധിരാജ സ്‌ക്കൂളിൽ വാഹനാഭ്യാസം നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയത് വളരെ തന്ത്രപരമായിട്ട്. വാഹനം വിനോദ യാത്ര കഴിഞ്ഞെത്തിയാലുടൻ നിയമലംഘനം നടത്തി ഘടിപ്പിച്ചിരിക്കുന്ന മുഴുവൻ ഉപകരണങ്ങളും അഴിച്ചുമാറ്റാൻ ഇടയുണ്ട്. അതിനാൽ വാഹനം കൊല്ലത്തെത്തുമ്പോൾ തന്നെ കസ്റ്റഡിയിലെടുക്കാൻ രഹസ്യമായി ഉദ്യോഗസ്ഥർ നീക്കം നടത്തി. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലെയും എൻഫോഴ്സ്മെന്റ് ടീമിനോടും വാഹനം കേരളത്തിലെത്തിയാൽ നിരീക്ഷണത്തിലായിരിക്കണമെന്ന് നിർദ്ദേശം നൽകി. വിനോദയാത്ര കഴിഞ്ഞ് തിരികെ കേരളത്തിലേക്ക് കടന്നപ്പോൾ തന്നെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായി ബസ്. ദേശീയപാതയിൽ കായംകുളം -അടൂർ വഴി കൊല്ലം ജില്ലയുടെ അതിർത്തിയായ ഏനാത്ത് എത്തിയപ്പോൾ കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിനോദ യാത്ര കഴിഞ്ഞു മടങ്ങി വരും വഴി ഇന്നലെ പുലർച്ചെ 12.30നാണ് മോട്ടോർ വാഹനവകുപ്പ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. തിരികെ എത്തിയ ശേഷം ബസിലെ ശബ്ദ, വെളിച്ച സംവിധാനങ്ങളും എയർഹോണും മറ്റും നീക്കം ചെയ്യാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയാണ് വഴിയിൽ കാത്തു നിന്നു പരിശോധിച്ചത്. വാഹനത്തിനുള്ളിൽ നിരോധിത സൗണ്ട് സിസ്റ്റവും ലേസർ ലൈറ്റുകളും മ്യൂസിക് എയർ ഹോണുകളും കണ്ടെത്തി. ഡ്രൈവറടക്കം 50 പേർക്കാണ് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ ഇതിൽ 61 പേർ ഉണ്ടായിരുന്നു. കൂടാതെ ബസിന്റെ സ്പീഡ് ഗവർണറും വിച്ഛേദിച്ച നിലയിലായിരുന്നു. വാഹനം തടഞ്ഞു നിർത്തുമ്പോൾ 85 കിലോമീറ്റർ സ്പീഡുണ്ടായിരുന്നു. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ അപ്പോൾ തന്നെ ഡ്രൈവറുടെ ലൈസൻസും ആർസി ബുക്കും പിടിച്ചെടുക്കുകയും ചെയ്തു.

വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അതേ വാഹനത്തിൽ സ്‌കൂളിലെത്തിച്ച ശേഷം വാഹനം പുത്തൂർ പൊലീസിനെ കൈമാറി. പിന്നീട് ബസിന്റെ ഡ്രൈവർ താഴത്തുകുളക്കട രഞ്ജുഭവനിൽ ജി.രഞ്ജു (34) കാർ ഡ്രൈവർ നെടുവത്തൂർ പള്ളത്ത് വീട്ടിൽ അഭിഷന്ത് (22) എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. അഭ്യാസത്തിൽ പങ്കെടുത്ത ഒരു സ്‌കൂട്ടറും രണ്ടു ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട യുവതിയുടെ വിവരങ്ങളും അധികൃതർ ശേഖരിക്കുന്നുണ്ട്.

ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹനവകുപ്പ് റദ്ദു ചെയ്തു. ഗുരുതരമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഫിറ്റ്നസ് റദ്ദു ചെയ്തതെന്നു എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷ് അറിയിച്ചു. സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലായിരുന്നു. അനുവദനീയമല്ലാത്ത തരത്തിൽ ഉള്ളിൽ ശബ്ദ, വെളിച്ച സംവിധാനങ്ങളും കണ്ടെത്തി. നിരോധിച്ച എയർഹോണും ഘടിപ്പിച്ചിരുന്നു. ബസിന്റെയും കാറിന്റെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

എൻഫോഴ്സ്മെന്റ് എംവിഐ ഫിറോസ്, എഎംവിമാരായ ഡി.ശരത്, യു.നജ്മൽ, എസ്.ആർ.ബിമൽ, എസ്.സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനു ശേഷമാണ് പുത്തൂർ എസ്ഐ ആർ.രതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടോടെയാണ് കാർ കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റു ബൈക്കുകൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മിക്ക സ്‌കൂളുകളിലും വിനോദയാത്രയുടെ സംഘാടനം. വിനോദയാത്രയുടെ തുടക്കം പൊടിപാറിക്കാൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ 25000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. യാത്രയുടെ മുഴുവൻ നിയന്ത്രണങ്ങളും ഇവന്റ് മോനേജ്മെന്റ് ഗ്രൂപ്പിനാണ്. സന്ദർശിക്കേണ്ട സ്ഥലങ്ങളും ഹോട്ടലുകളും താമസസ്ഥലങ്ങളും ബുക്ക് ചെയ്യും. സ്വാധീനം ഉണ്ടെങ്കിൽ കുട്ടികൾക്കായി മദ്യകുപ്പികളും ബസുകളിൽ എത്തും. വരും ദിവസങ്ങളിൽ ടൂറിസ്റ്റ് ബസുകളിൽ കർശനമായ പരിശോധനയുമായി മുൻപോട്ട് പോകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP