Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം: സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയ ഹൈക്കോടതിക്ക് മന്ത്രിയുടെ വക മറുപടി: 'മൂക്കത്ത് വിരൽ വെച്ചിട്ട് കാര്യമില്ല കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും;' കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ; വിമർശനവുമായി ജി സുധാകരൻ

യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം: സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയ ഹൈക്കോടതിക്ക് മന്ത്രിയുടെ വക മറുപടി: 'മൂക്കത്ത് വിരൽ വെച്ചിട്ട് കാര്യമില്ല കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും;' കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ; വിമർശനവുമായി ജി സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയ ഹൈക്കോടതിക്ക് മന്ത്രിയുടെ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഹെെക്കോടതി രം​ഗത്തെത്തിയിരുന്നു. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്ന് ജി സുധാകരൻ വ്യക്തമാക്കി.

കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്നും ജീവനക്കാരും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. അപ്പോൾ കാര്യങ്ങൾ പൊതുവിൽ പറയരുതെന്നും മൂക്കത്ത് വിരൽവെച്ചിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാരിവട്ടത്ത് കുഴിയിൽ വീണ് യദുലാൽ എന്ന യുവാവ് മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം സർക്കാരിനെതിരെ കോടതി രൂക്ഷവിമർശനമാണ് നടത്തിയത്. കുഴിയടയ്ക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും ചെറുപ്രായത്തിൽ ഒരാളുടെ ജീവൻ നഷ്ടമായതിൽ നാണക്കേടുകൊണ്ട് തലകുനിക്കുവെന്നും കോടതി പറഞ്ഞിരുന്നു.

കൊച്ചിയിലെ റോഡുകൾ അടിയന്തരമായി നന്നാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്വദേശി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്. റോഡപകടത്തിൽ മരിച്ച യുവാവിനോട് കോടതി മാപ്പുപറയുന്നു. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഇനിയും എത്രജീവൻ കൊടുത്താലാണ് ഈ നാട് നന്നാവുകയെന്നും കോടതി ചോദിച്ചു.

കോടതിക്ക് ഉത്തരവ് ഇടാനെ കഴിയൂ. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയെയും കോടതി വിമർശിച്ചു. ഒരാൾ ഒരു കുഴിയെടുത്താൽ അത് മൂടാൻ പ്രോട്ടോകോൾ ഉൾപ്പെടയുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കണം. അതുവരെ ഈ ജീവനുകൾക്ക് ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. മജിസ്ട്രീരിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എജി കോടതിയെ അറിയച്ചപ്പോൾ അതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

ഇന്നലെ രാവിലെയാണ് പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപത്തുള്ള കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരനായ കൂനമ്മാവ് സ്വദേശി യദുലാൽ മരിച്ചത്. കുഴിയുടെ അരികിൽ വെച്ച ബോർഡിൽ തട്ടി റോഡിൽ യുവാവ് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു മരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജല അഥോറിറ്റി മാനേജിങ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

സംഭവം ജലസേചന വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം എട്ടുമാസം മുമ്പാണ് റോഡിൽ കുഴി രൂപപ്പെട്ടത്. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് ജല അഥോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. ഇത്രയും നാൾ കുഴി അടയ്ക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നു. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ടി ജെ വിനോദ് എംഎൽഎ പ്രതികരിച്ചിരുന്നു. വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ പ്രതികരിച്ചു.

സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെയും ജല അഥോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയർ സൗമിനി ജെയിൻ രം​ഗത്തെത്തിയിരുന്നു. കുഴി അടയ്ക്കാൻ പലതവണ കൗൺസിലർ ആവശ്യപ്പെട്ടതാണെന്നും എന്നാൽ അധികൃതർ തയ്യാറായില്ലെന്നും അവർ പറഞ്ഞു. 'അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗൺസിലർ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണ്. പരിഹാരം ഉണ്ടായില്ല. അടിയന്തരമായി കുഴി അടക്കാൻ പിഡബ്ല്യുഡിക്ക് നിർദ്ദേശം നൽകും' എന്നും മേയർ സൗമിനി ജെയിൻ പറഞ്ഞിരുന്നു.

അതേസമയം, കുഴി അടയ്ക്കാതിരുന്നത് സംബന്ധിച്ച് വകുപ്പുകൾ പരസ്പരം പഴി ചാരുകയാണ്. പൊതുമരാമത്ത് വകുപ്പ് പണം നൽകാത്തതിനാലാണ് അറ്റകുറ്റ പണികൾ നടത്താത്തത് എന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കടവന്ത്രയിൽ ഇരുചക്രവാഹന യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവമുണ്ടായത്. മാസങ്ങൾക്ക് മുമ്പ് കാക്കനാടും ഒരാൾ മരിച്ചിരുന്നു.

അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് പാലാരിവട്ടത്തെ അപകടം നടന്നത്. എട്ടുമാസങ്ങൾക്ക് മുമ്പ് ചെറിയ കുഴിയായിരുന്ന ഇവിടെ രൂപപ്പെട്ടത്. എട്ടുമാസം കൊണ്ട് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് കുഴിയുടെ രൂപം മാറി. എന്നാൽ ഇത്രയും കാലമെടുത്തിട്ടും കുഴി അടയ്ക്കുന്നതിനുള്ള യാതൊരു നടപടിയും വാട്ടർ അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഇരുചക്ര വാഹന യാത്രക്കാർക്കുണ്ട്.

വലിയരീതിയിൽ ട്രാഫിക് ബ്ലോക്കുണ്ടാകുന്ന സ്ഥലമാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുള്ള റോഡ്. ഇവിടെ ഈ കുഴിയിൽ വീഴാതിരിക്കാൻ ഇരുചക്രവാഹന യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. ഇത്തരത്തിൽ കുഴിയുണ്ടെന്ന് അറിയിക്കാനായി അശാസ്ത്രീയമായി വെച്ച ബോർഡാണ് ഇപ്പോൾ അപകടത്തിന് കാരണമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP