Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മടപ്പള്ളി കോളേജിൽ പെൺകുട്ടികളെ തെരുവിൽ നിലത്തിട്ട് ചവിട്ടി ക്രൂരമായി മർദ്ദിച്ച സംഭവം: കുറ്റക്കാരായ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു; ശക്തമായ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മടപ്പള്ളി കോളേജിൽ പെൺകുട്ടികളെ തെരുവിൽ നിലത്തിട്ട് ചവിട്ടി ക്രൂരമായി മർദ്ദിച്ച സംഭവം: കുറ്റക്കാരായ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു; ശക്തമായ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ബുധനാഴ്ച വൈകിട്ട് മടപ്പള്ളി ഗവ. കോളേജ് വിദ്യാർത്ഥിനികളായ സൽവ അബ്ദുൽഖാദർ, തംജീദ, സഫ്വാന എന്നീ വിദ്യാർത്ഥിനികളെ കോളേജിലെ എസ് എഫ് ഐ നേതാക്കളും പ്രവർത്തകരും യൂണിയൻ ഭാരവാഹികളും ചേർന്ന് സംഘടിതമായി മർദിച്ച സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ കാലിക്കറ്റ് പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മടപ്പള്ളി കോളേജിൽ ഫ്രറ്റേണിറ്റി, എം എസ് എഫ്, കെ എസ് യു തുടങ്ങിയ എസ് എഫ് ഐയിതര സംഘടനകളിൽ പ്രവർത്തിക്കുന്നവരെ സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും സഹായത്തോടെ എസ് എഫ് ഐ പ്രവർത്തകർ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യ അന്തരീക്ഷം പുലരേണ്ട കാമ്പസുകളിൽ വ്യത്യസ്ത രാഷ്ട്രീയ ശബ്ദങ്ങൾ മുഴക്കുന്നവരെ കായികമായി നേരിടുന്ന എസ് എഫ് ഐ യുടെ നിലപാട് ജനാധിപത്യത്തെയാണ് റദ്ദ് ചെയ്യുന്നത്. കോളേജിലെ മൂത്രപ്പുരയിൽ വച്ചാണ് എം എസ് എഫ് പ്രവർത്തകനായ അജ്ഫാനെ യൂണിയൻ ഭാരവാഹിയായ സജിത് ലാലിന്റെയും എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ ജിഷ്ണുവിന്റെയും ജിജോയുടെയും നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.

അജ്ഫാനെ രക്ഷിക്കാൻ ചെന്ന മറ്റു കോളേജ് വിദ്യാർത്ഥികളെയും ഭീകരമായി മർദിച്ചു. കാമ്പസിനകത്തു വെച്ചു തങ്ങളുടെതല്ലാത്ത രാഷ്ട്രീയങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും ചേർത്ത് വെച്ചു അപവാദ പ്രചാരണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വെർബൽ അബ്യൂസിങ്ങും നടത്തി. ഇതിന്റെ തുടർച്ചയായി വൈകീട്ട് ക്ലാസ് കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് ആദിലിനെ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അമൽജിത്, എസ് എഫ് ഐ നേതാവ് സായൂജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നാല്പതോളം എസ് എഫ് ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

മർദനത്തെ ചോദ്യം ചെയ്ത ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം സൽവ അബ്ദുൽഖാദർ, കോളേജിലെ വിദ്യാർത്ഥിനികളായ തംജിദ, സഫ്വാന തുടങ്ങിയവരെ സായൂജും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചു. തട്ടം പിടിച്ചു വലിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തു. നിലത്തു വീണ പെൺകുട്ടികളെ ചവിട്ടി മർദനം തുടർന്നു. മർദ്ദനത്തിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചെടുക്കാൻ ശ്രമിച്ച നാട്ടുകാരെയും എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചു. വ്യാപാര സ്ഥാപനങ്ങൾ കയ്യേറി. പരിക്കേറ്റ പെൺകുട്ടികൾ ഇപ്പോൾ വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും പെൺകുട്ടികളെ ക്രൂരമായി മർദിക്കുകയും ചെയ്ത എസ് എഫ് ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും അടങ്ങുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുവാൻ കോളേജ് അധികൃതരും പൊലീസും തയ്യാറാകണം.

പരിക്കേറ്റ് മൂക്കിൽ നിന്നും രക്തമൊഴുകി ആശുപത്രിയിൽ കിടക്കുന്ന ആദിലിൽ നിന്ന് മൊഴിയെടുക്കുവാൻ പോലും പൊലീസ് ഇത് വരെ ആശുപത്രിയിൽ എത്തിയിട്ടില്ല. കോളേജിൽ എസ് എഫ് ഐ ആക്രമണങ്ങൾക്ക് വേണ്ടിയുള്ള മാരകായുധങ്ങൾ യൂണിയൻ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. കാമ്പസിലെയും നാട്ടിലെയും സമാധാന അന്തരീക്ഷത്തിന് ഭീഷണിയായി എസ് എഫ് ഐ മാറിയിരിക്കുകയാണ്. നാട്ടുകാരെയും വ്യാപാരികളെയും ആക്രമിച്ച എസ് എഫ് ഐ ഗുണ്ടായിസം ഒരു കാമ്പസ് പ്രശ്‌നം എന്നതിലുപരി സാമൂഹികപ്രശ്‌നമായി വളർന്നിരിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് വിഷയത്തിൽ ഇടപെടണം. പട്ടാപ്പകൽ നാട്ടുകാർക്ക് മുൻപിൽ വെച്ച് നടത്തിയ എസ് എഫ് ഐ ഗുണ്ടായിസത്തിനെതിരിൽ പൊലീസ് ഉദാസീനത കൈവെടിഞ്ഞു ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം റഹീം ചേന്ദമംഗല്ലൂർ, ജില്ല വൈസ് പ്രസിഡന്റ് ശമീം കരുവമ്പൊയിൽ, ജില്ല കാമ്പസ് സമിതിയംഗം ഫായിസ സി.എ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP