Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പാറക്കൂട്ടത്തിൽ നങ്കൂരം ഉടക്കിയതും എഞ്ചിന്റെ പണി അറിയാവുന്നതും തുണയായി; കടലിന്റെ മക്കൾ പ്രാർത്ഥനയോടെ കാത്തിരുന്നവർ തീരമണയുമ്പോൾ വെളിപ്പെടുന്നത് സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും; കോസ്റ്റ് ഗാർഡും നാവിക സേനയും തെരച്ചിൽ നടത്തിയത് എവിടെയെന്നും അറിയിപ്പ് നൽകിയെങ്കിൽ കപ്പലുകൾ കണ്ടിട്ടും രക്ഷപെടുത്താതിരുന്നത് എന്തുകൊണ്ടും എന്ന മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല

പാറക്കൂട്ടത്തിൽ നങ്കൂരം ഉടക്കിയതും എഞ്ചിന്റെ പണി അറിയാവുന്നതും തുണയായി; കടലിന്റെ മക്കൾ പ്രാർത്ഥനയോടെ കാത്തിരുന്നവർ തീരമണയുമ്പോൾ വെളിപ്പെടുന്നത് സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും; കോസ്റ്റ് ഗാർഡും നാവിക സേനയും തെരച്ചിൽ നടത്തിയത് എവിടെയെന്നും അറിയിപ്പ് നൽകിയെങ്കിൽ കപ്പലുകൾ കണ്ടിട്ടും രക്ഷപെടുത്താതിരുന്നത് എന്തുകൊണ്ടും എന്ന മത്സ്യത്തൊഴിലാളികളുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരമില്ല

മറുനാടൻ മലയാളി ബ്യൂറോ

വിഴിഞ്ഞം: ഒടുവിൽ കടലിന്റെ മക്കൾക്ക് ആശ്വാസമായി ആ നാലുപേരും തീരമണഞ്ഞു. കരയിൽകാത്തിരുന്നവരുടെ പ്രാർത്ഥനയും ആയുസ്സിന്റെ ബലവും കൊണ്ട് മാത്രമാണ് വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലുപേരെയും തിരിച്ചെത്തിച്ചത്. ഉപഗ്രഹ ഫോണുകൾ വരെ മത്സ്യത്തൊഴിലാളികൾക്ക് പ്രാപ്യമാക്കും എന്ന് വീമ്പ് പറയുന്ന സർക്കാരിന് നാല് പേരെ കാണാതായിട്ടും കാര്യക്ഷമമായ തിരച്ചിൽ നടത്താൻ പോലും കഴിഞ്ഞിരുന്നില്ല. മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ രണ്ട് എഞ്ചിനുകളും കേടായതിനെ തുടർന്ന് പുറംകടലിൽ അകപ്പെട്ടുപോയ പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു ഇവർക്ക് രക്ഷയായത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടിയിരുന്ന ഇവർ വൈകിട്ട് മൂന്ന് മണിയായിട്ടും മടങ്ങിവരാതായതോടെയാണ് ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്‌ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. കഴിഞ്ഞ 17ന് രാത്രിയോടെ കരയിൽ നിന്നും 21 നോട്ടിക്കൽ മൈൽ ഉള്ളിൽ എത്തി ബോട്ട് നങ്കൂരമിട്ടാണ് വലവിരിച്ചത്. രാത്രി ഒരു മണിയോടെ മടങ്ങാനൊരുങ്ങി. എൻജിൻ സ്റ്റാർട്ടായില്ല. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി നാലുപേരും നിലവിളിച്ചു എങ്കിലും അത് കേൾക്കാൻ അഞ്ചാമത് ഒരാളും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. അതിനിടെ നങ്കൂരം പാരുകളിൽ തട്ടി വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.

കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർത്ഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി. നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.

കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണവും വ്യാഴാഴ്ച രാവിലെയോടെ തീർന്നിരുന്നു. രണ്ടു ദിവസങ്ങളിൽ വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെ നടത്തിയ ശ്രമത്തിനൊടുവിൽ അത്ഭുതകരമായി ബോട്ടിന്റെ എൻജിൻ സ്റ്റാർട്ടായതാണ് തുണയായതെന്ന് ഇവർ പറഞ്ഞു. നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർത്ഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.

ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP