Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജസ്റ്റിസ് സദാശിവം ഗവർണർ ആകുന്നത് കേരളത്തിന് തലവേദനയാകും; നിയമനം ജയലളിതയുടെ വ്യക്തമായ കണക്കുകൂട്ടലോടെ; അധാർമ്മികമായി ഒന്നുമില്ലെന്ന് സദാശിവം

ജസ്റ്റിസ് സദാശിവം ഗവർണർ ആകുന്നത് കേരളത്തിന് തലവേദനയാകും; നിയമനം ജയലളിതയുടെ വ്യക്തമായ കണക്കുകൂട്ടലോടെ; അധാർമ്മികമായി ഒന്നുമില്ലെന്ന് സദാശിവം

തിരുവനന്തപുരം: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരളത്തിന്റെ ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് കേരളത്തിലെ രാഷ്ട്രീയക്കാർ രംഗത്തെത്താൻ കാരണം സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങളിലുള്ള ആശങ്കയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നോമിനി ആയാണ് പി സദാശിവം കേരളാ ഗവർണർ ആകുന്നത് എന്നതാണ് സംസ്ഥാനത്തിന്റെ ആശങ്കയ്ക്ക് പ്രധാന കാരണം. കേരളവും തമിഴ്‌നാടുമായുള്ള നിരവധി തർക്ക വിഷയങ്ങളിൽ കേരള സർക്കാർ എടുക്കുന്ന തീരുമാനങ്ങളിൽ ഗവർണർ എങ്ങനെ ഇടപെടും എന്ന ആശങ്കയാണ് പ്രധാനം. സർക്കാർ തീരുമാനം തിരിച്ചയയ്ക്കാനും തീരുമാനം എടുക്കൽ വൈകിപ്പിക്കാനും ഗവണർക്കു കഴിയുമെന്നതാണ് ആശങ്കയിലെ ഒരു കാരണം.

തമിഴ് വികാരം മനസിൽ സൂക്ഷിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അഭിഭാഷകനായിരുന്ന കാലം മുതൽ അണ്ണാ ഡി.എം.കെയുടെ സ്വന്തം ആളായിരുന്നു. അണ്ണാ ഡി.എം.കെയുടെ ഭരണകാലത്ത് ചെന്നൈ ഹൈക്കോടതിയിൽ അഡിഷണൽ ഗവൺമെന്റ് പ്‌ളീഡറായും സ്‌പെഷ്യൽ ഗവൺമെന്റ് പ്‌ളീഡറായും പ്രവർത്തിച്ചിട്ടുണ്ട്. ഡി.എം.കെ നേതൃത്വവുമായും അടുപ്പം പുലർത്തിയിരുന്നു.

അതുകൊണ്ടാണ് പരമോന്നത പദവി വഹിച്ച ശേഷം പ്രോട്ടോകോളിൽ താഴ്ന്നതും രാഷ്ട്രീയവുമായ നിയമനം സ്വീകരിക്കുന്നതിലാണ് ധാർമ്മിക പ്രശ്‌നം ഉയർത്തി കേരളം രംഗത്തെത്തിയത്. ധാർമ്മിക വിഷയം ഉയർത്തി ആൾ ഇന്ത്യാ ബാർ അസോസിയേഷൻ അടക്കം പരാതിയുമായി രംഗത്തു വന്നത്.

അതേസമയം കേരള ഗവർണർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് സദാശിവം പറഞ്ഞു കഴിഞ്ഞു. സ്ഥാനം ഏറ്റെടുക്കുന്നതിൽ അധാർമ്മികമായി ഒന്നുമില്ലെന്നും പി സദാശിവം പറഞ്ഞു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇരുന്നിരുന്ന വ്യക്തി ഗവർണറാകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചില നിയമവിദഗ്ധർ അഭിപ്രായപ്പട്ടിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീപാർട്ടികളും കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ഒരാൾ ഗവർണർ പദവി സ്വീകരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ പോലെ വിരമിച്ച ചീഫ് ജസ്റ്റിസുമാർക്കു മാത്രം വഹിക്കാൻ കഴിയുന്ന പദവികൾ അല്ലാതെയുള്ളവ ഏറ്റെടുക്കുന്ന കീഴ്‌വഴക്കം ഇന്ത്യയിലില്ല. എന്നാൽ വിരമിച്ച ശേഷം മറ്റു പദവികൾ സ്വീകരിക്കരുതെന്ന നിയമമൊന്നും ചീഫ് ജസ്റ്റിസിനെ സംബന്ധിച്ചില്ല.

സുപ്രീംകോടതി ജഡ്ജിമാരായിരിക്കുന്നവർക്ക് വിരമിച്ച ശേഷം സർക്കാർ പദവികൾ നൽകുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത പാർട്ടിയാണ് ബിജെപി. ഇങ്ങനെ പദവി നൽകുന്നത് ജഡ്ജിയെന്ന നിലയിൽ അവരുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് അരുൺ ജെയ്റ്റ്‌ലി തന്നെ രാജ്യസഭയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ പാർട്ടി തന്നെയാണ് ഇപ്പോൾ മുൻ ചീഫ് ജസ്റ്റിസിനെ ഗവർണറാക്കാൻ തീരുമാനിച്ചത്.

പ്രോട്ടോകോൾ അനുസരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുന്നിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ മാത്രമാണുള്ളത്. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ചീഫ് ജസ്റ്റിസാണ്. ചീഫ് ജസ്റ്റിസിനു രാഷ്ട്രപതിയും. ഇത്രയും ഉന്നതമായ പദവി വഹിച്ച പി. സദാശിവം ഗവർണറായാൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനു മുന്നിലാണ് സത്യപ്രതിജ്ഞ ചൊല്ലേണ്ടി വരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP