Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഫോപാർക്കിലെ ഹോട്ടലിൽ നിന്നു വാങ്ങിയ വടയിൽ അട്ട ലഭിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; ഭക്ഷണസാധനത്തിൽ അട്ടയിരിക്കുന്ന വീഡിയോയും പുറത്തുവന്നു

ഇൻഫോപാർക്കിലെ ഹോട്ടലിൽ നിന്നു വാങ്ങിയ വടയിൽ അട്ട ലഭിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; ഭക്ഷണസാധനത്തിൽ അട്ടയിരിക്കുന്ന വീഡിയോയും പുറത്തുവന്നു

കൊച്ചി: ഇൻഫോപാർക്കിലെ ഹോട്ടലിൽ നിന്നു വാങ്ങിയ വടയിൽ അട്ടയെ കിട്ടിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിൽ അവിടുത്തെ തന്നെ ജീവനക്കാർക്കായുള്ള ഹോട്ടലിൽ കഴിക്കാൻ നൽകിയ വടയിൽ നിന്നാണു ജീവനക്കാരന് അട്ടകളെ കിട്ടിയത്.

ഇൻഫോപാർക്ക് ജീവനക്കാരൻ അരുൺ ആണ് ഇക്കാര്യം ഫേസ്‌ബുക്കിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോയും വൈറലായിക്കഴിഞ്ഞു.

തപസ്യ ബിൽഡിംഗിലെ ഹോട്ടലിലാണ് അരുണിന് ദുരനുഭവം ഉണ്ടായത്. നേരത്തെ ഇൻഫോപാർക്കിലെ ഹോട്ടലുകളിൽ സാൻഡ്വിച്ചിൽ ബാൻഡേജും അടയിൽ പാറ്റയും ലഭിച്ച സംഭവങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

കാക്കാനാട് ഇൻഫോപാർക്കിനുള്ളിലെ ഭക്ഷണശാലകളിൽ ഗുണ നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതിൽ പ്രതിഷേധവുമായി ടെക്കികൾ ഫേസ്‌ബുക്കിലും സജീവമായിട്ടുണ്ട്. സാൻഡ്വിച്ചിനൊപ്പം ബാൻഡേജു ലഭിച്ച സംഭവവും നേരത്തെയുണ്ടായിരുന്നു. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണു ടെക്കികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ടെക്കികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ പ്രൊഗ്രസ്സീവ് ടെക്കീസിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങളുടെ ചിത്രവും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും ഭക്ഷണത്തിന്റെ ഗണനിലവാരം ഉറപ്പിക്കാൻ അധികൃതർ ഇടപെടാത്തതിൽ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ പ്രവർത്തിക്കുന്ന നിള ഫുഡ് കോർട്ടിൽ നിന്നാണ് ടെക്കികളിലൊരാൾക്ക് സാൻഡ്വിച്ചിൽ നിന്നും ബാൻഡേജ് കിട്ടിയത്. ജൂലൈ 26ന് നടന്ന സംഭവം അന്നുതന്നെ ടെക്കികൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ചയും വടയിലെ അട്ടയിലൂടെ സമാനസംഭവം ആവർത്തിക്കുകയായിരുന്നു. തപസ്യ കെട്ടിടത്തിലെ സ്നേഹ കാറ്ററേഴ്സ് എന്ന ഹോട്ടലിൽ നിന്നും ലഭിച്ച വടയിലാണ് തേരട്ടയുണ്ടായിരുന്നത്.

ഈ ഹോട്ടലിൽ വിളമ്പിയ മസാല ദോശയിൽ വാഷിങ് മെഷ് കണ്ടെത്തിയെന്ന ആരോപണവുമുണ്ട്. നേരത്തെ മറ്റൊരു ഹോട്ടലിൽ നിന്ന് ഇലയടയിൽ നിന്നും പാറ്റ ലഭിച്ച സംഭവമുണ്ടായിട്ടുണ്ട്. വടയിൽ നിന്നും തേരട്ട കിട്ടിയെന്ന പരാതിയെ തുടർന്ന് സ്നേഹ കാറ്റേഴ്സ് രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തിങ്കളാഴ്ച ഹോട്ടൽ വീണ്ടും തുറക്കും. പരാതിപ്പെടുമ്പോൾ ടെക്കികളെ മയപ്പെടുത്താനായി മാത്രം ഹോട്ടലുകൾ കുറച്ചുദിവസത്തേക്ക് അടക്കുന്നത് അവസാനിപ്പിച്ച് ശാശ്വതമായ നടപടിയുണ്ടാകണമെന്നാണ് ടെക്കികളുടെ ആവശ്യം.

വിവിധ കമ്പനികളിലായി ഇൻഫോപാർക്കിൽ ഏതാണ്ട് 25,000ത്തോളം ടെക്കികളാണ് തൊഴിലെടുക്കുന്നത്. ഭക്ഷണത്തിനായി ഇൻഫോപാർക്കിനുള്ളിലെ ഹോട്ടലുകളും റസ്റ്ററന്റുകളും ഹോട്ടലുകളുമാണ് ഇവരുടെ പ്രധാനആശ്രയം. ഇൻഫോപാർക്കിൽ കുറച്ചു ഭക്ഷണശാലകൾ മാത്രമേ ഉള്ളൂ എന്നതിനാൽ ഹോട്ടലുകളിൽ വൻ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ വാങ്ങുന്ന പണത്തിന് അനുസരിച്ച് ഗുണനിലവാരമുള്ള ഭക്ഷണം നൽകാൻ ഹോട്ടലുകൾ തയ്യാറാകുന്നില്ലെന്നാണു പരാതി. ഇൻഫോപാർക്കിലെ ഭക്ഷണശാലകളുടെ നിരുത്തരവാദപരമായ സമീപനങ്ങൾ തുറന്നുകാട്ടികൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയ്ക്കു ഫേസ്‌ബുക്ക് കൂട്ടായ്മ പരാതി നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP