Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

പ്രളയ ദുരന്തം: കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി; ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും. പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ പരിഗണിക്കും; പ്രത്യേകം സ്ഥലം വീടുകൾക്കായി കണ്ടെത്തുമെന്നും മന്ത്രി കെ.ടി.ജലീൽ

പ്രളയ ദുരന്തം: കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി; ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും.  പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ പരിഗണിക്കും; പ്രത്യേകം സ്ഥലം വീടുകൾക്കായി കണ്ടെത്തുമെന്നും മന്ത്രി കെ.ടി.ജലീൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയം നാശം വിതച്ച നിലമ്പൂർ കവളപ്പാറയിലും പാതാറിലും സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ഡോ. കെടി ജലീൽ. ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഏതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകും. പരമ്പരാഗത വീടുകൾക്ക് പകരം പ്രീഫാബ് മോഡലുൾപ്പടെയുള്ളവ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കും. ദുരിതബാധിതർക്ക് വേഗത്തിൽ സഹായം ലഭ്യമാക്കും. തുടർപ്രവർത്തനം വിലയിരുത്തുന്നതിന് രണ്ടാഴ്ചയിലൊരിക്കൽ കലക്ടറേറ്റിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ എംപിമാരായ ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ്, എംഎൽഎ മാരായ സി മമ്മൂട്ടി, ടിവി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, എപി അനിൽകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, വി അബ്ദുറഹ്മാൻ, ടിഎ അഹമ്മദ് കബീർ, കെഎൻഎ ഖാദർ, പി ഉബൈദുള്ള, എം ഉമ്മർ, പി അബ്ദുൽഹമീദ്, പികെ ബഷീർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എകെ നാസർ, ജില്ല കലക്ടർ ജാഫർ മലിക്, ജില്ല പൊലീസ് മേധാവി യു അബ്ദ്ുൽ കരീം, ഡിഎഫ്ഒ യോഗേഷ്‌കുമാർ നീലഖണ്ഠ്, എഡിഎം എൻഎം മെഹറലി, പിവി അൻവർ എംഎൽഎയുടെ പ്രതിനിധി സക്കരിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ

പഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി നാശനഷ്ടം കണക്കാക്കും. അടിയന്തര സഹായം വേഗത്തിൽ ലഭ്യമാക്കും. സഹായം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കും. അനർഹരായവർക്ക് സഹായം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കും. പുഴയുടെയും തോടുകളുടെയും തീരം സംരക്ഷിക്കുന്നതിന് പ്രകൃതി മാർഗങ്ങൾ ഉപയോഗിക്കുന്നതിന് പഠനം നടത്തും.
കവളപ്പാറയിലും പാതാറിലുമുൾപ്പടെ താമസയോഗ്യമായ വീടില്ലാത്തവർക്ക് പകരം സംവിധാനമൊരുക്കുന്നത് ജില്ലഭരണകൂടത്തിന് നിർദ്ദേശം നൽകി.കിണറുകളിലെ ക്ലോറിനേഷൻ കാര്യക്ഷമമാക്കുന്നതിന് ഡിഎംഒ യെ ചുമതലപ്പെടുത്തി. അതത് തദ്ദേശസ്ഥാപനങ്ങളിലെ നഷ്ടം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം

ജില്ലയിൽ ഇത്തവണത്തെ കാലവർഷത്തിൽ പ്രളയക്കെടുതിയുണ്ടായത് 138 ഗ്രാമപഞ്ചായത്തുകളിൽ.നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് ഇവയിൽ ഏറെയും. പതിനൊന്ന് ഉരുൾ പൊട്ടലുകളാണ് ജില്ലയിലുണ്ടായത്. മഴക്കെടുതിയിൽ ഇതുവരെ സ്ഥിരീകരിച്ചത് 42 മരണങ്ങൾ. നിലമ്പൂരിലെ കവളപ്പാറയിൽ മാത്രം ഓഗസ്റ്റ് 8, 10 തിയ്യതികളിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകളിൽ 30 പേരാണ് മരിച്ചത്. 29 ഓളം പേരെ കാണാതാവുകയും ചെയ്തു. കോട്ടക്കുന്നിൽ ഓഗസ്റ്റ് ഒമ്പതിനുണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുട്ടിയടക്കം മൂന്ന് പേരും മരിച്ചു.ഫയർ ഫോഴ്‌സ്, പൊലീസ്, ട്രോമകെയർ വളണ്ടിയർമാർ, സന്നദ്ധ സംഘങ്ങൾ, മത്സ്യത്തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവരെക്കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയിലെ നാല് ടീമും സൈനികരുടെ മൂന്ന് സംഘവും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിൽ 254 ദുരിതാശ്വാസ ക്യാമ്പുകളിലായി 16097 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും വനം വകുപ്പും ചേർന്നാണ് കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി ആദിവാസി കോളനികളിൽ അകപ്പെട്ട പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഏറെ പണിപെട്ടാണ് തൊഴിലാളികളെ കുത്തിയൊലിക്കുന്ന വാണിയമ്പുഴ നദി മുറിച്ച് കടത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, ഐ.ടി.ഡി.പി, വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കരുളായി വനത്തിലെ ചോലനായ്ക്ക വിഭാഗക്കാർ താമസിക്കുന്ന മാഞ്ചീരി കോളനിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. കോളനിയിലേക്കുള്ള അപ്രോച്ച് റോഡും പാലവും പൂർണമായും തകർന്ന നിലയിലാണ്.

പ്രളയത്തെ തുടർന്ന് ക്വാറികൾക്കും മറ്റ് ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രളയം ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി ശുചീകരണ പ്രവർത്തികൾ നടത്തുന്നതിനോടൊപ്പം സൗജന്യമായി കുടിവെള്ളമെത്തിക്കാനും സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിൽ കൃത്യമായ ക്ലോറിനേഷനും നിർദ്ദേശം നൽകി. ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം എല്ലാ ക്യാമ്പുകളിലും വൈദ്യ സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകൾ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റ് അദാലത്തും ഇൻഷുറൻസ് അദാലത്തും നടത്താനാണ് തീരുമാനം.

ഈയൊരു സാഹചര്യത്തിൽ മഴക്കെടുതി അതിജീവനത്തിനായി ജില്ലയിൽ നടത്തിയത് ചിട്ടയായ പ്രവർത്തനമാണെന്ന് ജനപ്രതിനിധികളുടെ യോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീൽ പറഞ്ഞു. പ്രതികൂലകാലാവസ്ഥയിലും ജില്ലാഭരണകൂടം പൊതുജനപങ്കാളിത്തത്തോടെ കൃത്യതയ്യാർന്ന രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിൽ പ്രളയത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ പ്രളയാന്തരം സ്വീകരിച്ച നടപടിക്രമങ്ങൾ വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ 4457 വീടുകളാണ് ശുചീകരിച്ചതെന്ന് ജനപ്രതിനിധികൾ അറിയിച്ചു. ഇതിന് പുറമെ പതിനായിരത്തിലധികം വീടുകൾ സന്നദ്ധ സംഘങ്ങളുടെ സഹായത്തോടെയും ശുചീകരിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം 303 വീടുകൾ പൂർണമായും 2001 വീടുകൾ ഭാഗികമായും ജില്ലയിൽ തകർന്നിട്ടുണ്ട്. ജല അഥോറിറ്റിക്ക് 1.7 കോടിയുടെ നഷ്ടവും കണക്കാക്കുന്നു. 18671 ഓളം കർഷകരെ പ്രളയം ബാധിച്ചു. 2934.32 ഹെക്ടർ കൃഷിയിടവും നശിച്ചു. 92.532 കോടി രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP