Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയ ദുരന്തം: കേന്ദ്ര ഉന്നതതല സമിതിയോഗം ഉടൻ ചേരണം; കേരളത്തിന് വൈകാതെ സഹായം ലഭ്യമാക്കണം; രാജ്‌നാഥ് സിംഗിന് കത്തയച്ച് മുഖ്യമന്ത്രി

പ്രളയ ദുരന്തം: കേന്ദ്ര ഉന്നതതല സമിതിയോഗം ഉടൻ ചേരണം; കേരളത്തിന് വൈകാതെ സഹായം ലഭ്യമാക്കണം; രാജ്‌നാഥ് സിംഗിന് കത്തയച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതിയോഗം ഉടൻ വിളിച്ചുചേർത്ത് കേരളത്തിന് സഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടത്.
ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തിൽ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാനം രണ്ടു നിവേദനങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങൾ സംസ്ഥാനം സന്ദർശിക്കുകയും ചെയ്തു. എന്നാൽ ഉന്നതതല സമിതി യോഗം ചേർന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചിട്ടില്ല. ഉന്നതതല സമിതി അവസാന തീരുമാനമെടുത്തെങ്കിലേ കേരളത്തിന് സഹായം ലഭിക്കൂ എന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാൽ 600 കോടി രൂപ മാത്രമാണ് എൻ.ഡി.ആർ.എഫിൽ നിന്ന് അനുവദിച്ചത്. ഇത് കണക്കിലെടുത്ത് ഉന്നതതല സമിതിയോഗം ഉടനെ വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നൽകേണ്ട സ്ഥിതിയാണ്. കേന്ദ്ര സർക്കാരിന് തന്നെ റേഷൻ ഇനങ്ങളിലും രക്ഷാപ്രവർത്തനത്തിനായി വിമാനങ്ങൾ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നൽകേണ്ടതുണ്ട് . ഈ തുകയും സംസ്ഥാനം കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.

സാലറി ചലഞ്ച് മുഖേന സമാഹരിച്ചതടക്കം നവംബർ 27 വരെ 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയിട്ടുള്ളത്. ഇതുവരെ 688.48 കോടി രൂപ ചെലവായി. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആർ.എഫി.ൽ നിന്നും1357.78 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു; മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങൾ പരിഹരിക്കാൻ31,000 കോടി രൂപ മുതൽ മുടക്കേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 586.04 കോടി രൂപ നാളിതുവരെ ചെലവായിട്ടുണ്ട്. നിലവിൽ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീർക്കാനാവുകയുള്ളൂ എസ്ഡിആർഎഫിലുള്ള തുക മുഴുവൻ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവൻ കൊടുത്തുതീർക്കാൻ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുനർനിർമ്മാണം എങ്ങനെ എന്നത് സംബന്ധിച്ചും സർക്കാരിന് വ്യക്തമായ കാഴ്ചപാടുണ്ട്. പുനർനിർമ്മാണം എന്നത് കാലവർഷക്കെടുതിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കുകയല്ല. പാരിസ്ഥിതികമായ സവിശേഷതകളും ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ കാർഷിക സംസ്‌കൃതി സംരക്ഷിച്ചും കൊണ്ടുള്ള ഒരു കാഴ്ചപ്പാട് വികസിച്ചുവരേണ്ടതുണ്ട്.

അതിനായി ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള ഇടപെടലാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇങ്ങനെ അറിവുകൾ സ്വീകരിക്കുമ്പോൾ അത് നമ്മുടെ നാടിന്റെ സവിശേഷതകൾക്കൊപ്പിച്ച് രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്തവും ഏറ്റെടുക്കും. കേരള പുനർനിർമ്മാണ പദ്ധതി (Rebuild Kerala Initiative) എന്ന പേരിലാണ് അത് അറിയപ്പെടുക. ആസൂത്രണത്തിലും നിർമ്മാണത്തിലും വേഗതയും കാര്യക്ഷമതയും ഉൾക്കൊണ്ടുള്ളതാണ് അത്.മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP