Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറംകടലിൽ മരണം മുന്നിൽ കണ്ട് അഞ്ചു ദിവസം; ഒടുവിൽ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നത് ലൈബീരിയൻ കപ്പലിലെ പാക് ക്യാപ്റ്റൻ: പെരുന്നാൾ കാരുണ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ

പുറംകടലിൽ മരണം മുന്നിൽ കണ്ട് അഞ്ചു ദിവസം; ഒടുവിൽ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നത് ലൈബീരിയൻ കപ്പലിലെ പാക് ക്യാപ്റ്റൻ: പെരുന്നാൾ കാരുണ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ

വിഴിഞ്ഞം: മരണം മുന്നിൽ പുറംകടലിൽ കഴിഞ്ഞത് അഞ്ചുദിവസം. എല്ലാ പ്രതീക്ഷയും നഷ്ടമായപ്പോൾ തുണയായി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത് ലൈബീരിയൻ കപ്പലിലെ പാക്കിസ്ഥാൻ ക്യാപ്റ്റൻ.

വിഴിഞ്ഞത്തു നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളാണ് ജീവിതത്തിനും മരണത്തിനുമിടയിൽ അഞ്ചു ദിവസം തള്ളിനീക്കിയതും ഒടുവിൽ പെരുന്നാൾ പുണ്യം നുകർന്ന് ജീവിതത്തിലേക്കു തിരികെ എത്തിയതും.

പുറംകടലിൽ മറ്റൊരു കപ്പലിടിച്ചു തകർന്ന ബോട്ടിലാണ് മരണം മുന്നിൽ കണ്ട് അഞ്ചു ദിവസം മൽസ്യത്തൊഴിലാളികൾ കഴിഞ്ഞത്. വിഴിഞ്ഞം കരിമ്പള്ളിക്കര റിനിഹൗസിൽ ജോയ് ലോപ്പസ് (48), പുതിയതുറ ചെക്കിട്ടവിളാകത്തിൽ സൂസപാക്യം (58) ,നേമം കാരയ്ക്കാമണ്ഡപം പീറ്റർ (62) എന്നിവരാണു ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ തീരമണഞ്ഞത്.

12നു വൈകിട്ടാണ് ഇവർ ജോയ് ലോപ്പസിന്റെ ബോട്ടിൽ മീൻ പിടിക്കാൻ പോയത്. വലവീശി കാത്തിരിക്കവെയാണു 13നു പുലർച്ചെ ഒരു കൂറ്റൻ കപ്പൽ ബോട്ടിനെ ഇടിച്ചു മറിച്ചത്. ബോട്ടു തലകീഴായി മറിഞ്ഞു. തകർന്ന ആ ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ചാണ് അവർ അഞ്ചുദിവസവും കഴിച്ചു കൂട്ടിയത്. ഇടിച്ച കപ്പൽ നിർത്താതെ പോയി. അരികിലൂടെ പിന്നീടു കടന്നുപോയതു നിരവധി കപ്പലുകളും ബോട്ടുകളുമാണ്. എന്നാൽ ഇവയൊന്നും ഇവരെ കണ്ടഭാവം പോലും നടിച്ചില്ല.

പ്രതീക്ഷകൾ കൈവിട്ടു മരണത്തെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കവെയാണ് രക്ഷാദൂതുമായി ഒരു കപ്പൽ എത്തിയത്. ഇന്നലെ രാവിലെയാണ് ലൈബീരിയൻ എണ്ണക്കപ്പൽ ഇവർക്കരികിൽ എത്തിയത്. മൂന്നുപേരെയും കപ്പലിൽ കയറ്റി. പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും വസ്ത്രവുമൊക്കെ നൽകി. രണ്ടു മലയാളികളും ഈ കപ്പലിൽ ഉണ്ടായിരുന്നു.

തീരസേനയുടെ ചെന്നൈ കേന്ദ്രവുമായുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ സേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ സി 427 എന്ന പെട്രോൾ ബോട്ട് എത്തിയാണ് എണ്ണക്കപ്പലിൽ നിന്ന് ഇവരെ കരയിലെത്തിച്ചത്.

കരയിലേക്കു യാത്രയാക്കിയപ്പോൾ എണ്ണക്കപ്പലിന്റെ പാക് സ്വദേശിയായ ക്യാപ്റ്റൻ നാലായിരം രൂപ കൂടി ഇവർക്കു നൽകി. പെരുന്നാൾ കാലത്തിന്റെ മഹത്വമുള്ള ദാനം സ്വീകരിച്ച് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ആ കരുതലിനു ഹൃദയം നിറഞ്ഞ നന്ദിയും പറഞ്ഞാണു തൊഴിലാളികൾ തീരത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP