Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സ്യബന്ധന യാനങ്ങൾക്ക് രജിസ്ട്രേഷനും ലൈസൻസും നൽകാനുള്ള സംസ്ഥാനങ്ങളുടെ അധികാര സംരക്ഷണം; വിദേശ മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കണം; സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിൽ കേരളത്തിന്റെ നിർദേശങ്ങൾ പരിഗണനയിൽ; കേന്ദ്ര ഫിഷറീസ് സെക്രട്ടറിയുമായി ചർച്ച നടത്തി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മത്സ്യബന്ധന യാനങ്ങൾക്ക് രജിസ്ട്രേഷനും ലൈസൻസും നൽകാനുള്ള സംസ്ഥാനങ്ങളുടെ അധികാര സംരക്ഷണം; വിദേശ മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കണം; സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിൽ കേരളത്തിന്റെ നിർദേശങ്ങൾ പരിഗണനയിൽ; കേന്ദ്ര ഫിഷറീസ് സെക്രട്ടറിയുമായി ചർച്ച നടത്തി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്ലിന് കേരളം സമർപ്പിച്ച നാൽപ്പത്തിമൂന്ന് നിർദേശങ്ങൾ സജീവപരിഗണനയിലാണെന്നും ബില്ലിനുള്ള അടിത്തറയായി അതുമാറുമെന്നും കേന്ദ്ര ഫിഷറീസ് സെക്രട്ടറി രജനി.എസ്. സിബൽ. കേന്ദ്ര ബില്ല് തയ്യാറാക്കുന്നതിനു മുന്നോടിയായി കേരളം സമർപ്പിച്ച നിർദ്ദേശങ്ങൾ ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുമായി ചർച്ച ചെയ്യുകയായിരുന്നു സെക്രട്ടറി. നാൽപ്പത്തിയെട്ട് നിർദേശങ്ങളാണ് ബില്ല് തയ്യാറാക്കുന്നതിനായി ഫിഷറീസ് വകുപ്പ് സമർപ്പിച്ചത്.

തീരദേശ സംസ്ഥാനങ്ങൾക്ക് സമുദ്ര മത്സ്യബന്ധന നയം ഉണ്ടെങ്കിലും ആദ്യമായി നിയമം കൊണ്ടുവന്നത് കേരളമാണ്. കേരളത്തിന്റെ സമുദ്ര മത്സ്യബന്ധന നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചതെന്ന് മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. പ്രായോഗിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയവയാണ് കേരളത്തിന്റെ നിർദേശങ്ങളെന്ന് സെക്രട്ടറി പറഞ്ഞു.

ഫിഷറീസ് മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് തീർപ്പവകാശിയായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, ഉത്തരവാദിത്വ മത്സ്യബന്ധനത്തിനുള്ള നിബന്ധനകൾ, സമുദ്ര സംരക്ഷണത്തിനും പരിപാലനത്തിനും ആവശ്യമായ നടപടികൾ, പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിരമായ മത്സ്യബന്ധനം, മത്സ്യബന്ധന യാനങ്ങൾക്ക് രജിസ്ട്രേഷനും ലൈസൻസും നൽകാനുള്ള സംസ്ഥാനങ്ങളുടെ അധികാര സംരക്ഷണം, വിദേശ മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കൽ, തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് സജ്ജമാക്കൽ, ലൈസൻസ് രജിസ്ട്രേഷൻ ഫീസുകളും നിയമലംഘനത്തിനുള്ള പിഴകളും ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ബാധകമാക്കൽ, ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ഇന്ത്യ ഒട്ടാകെ നടപ്പാക്കൽ, വംശനാശ ഭീഷണി നേരിടുന്ന സമുദ്രജീവികളുടെ സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, മത്സ്യബന്ധനയാനങ്ങളുടെ കാലോചിതമായ പരിഷ്‌കരണങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ എന്നീ വിഷയങ്ങളിൽ കേരളം സമർപ്പിച്ച നിർദേശങ്ങളാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളത്.

സംസ്ഥാനത്തെ തുറമുഖങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുക കാലതാമസം കൂടാതെ ലഭിക്കുന്നതിനും, ശുചിത്വസാഗരം പദ്ധതി സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്ക് വ്യാപിപിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നുള്ള മന്ത്രിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി കെ. ജ്യോതിലാൽ, കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ ഷേക്ക് പരീത്, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ അനിൽകുമാർ പി.കെ, ഫിഷറീസ് അഡീഷണൽ ഡയറക്ടർ സന്ധ്യ. ആർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹരോൽഡ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP