Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവോത്ഥാന നായകരും സ്വാതന്ത്യസമര സേനാനികളും മഹാനടന്മാരും മുതൽ അഭിനന്ദൻ വർധമാൻ വരെയുള്ളവരുടെ ജീവൻ തുടിക്കുന്ന പ്രതിമകൾ; കേട്ടറിവ് മാത്രമുള്ള മെഴുക് പ്രതിമകളുമായി കേരളത്തിലെ ആദ്യ വാക്സ് മ്യൂസിയം തിരുവനന്തപുരത്ത്; അനന്തപുരിയിൽ വിരിയുന്നത് സുനിൽ കണ്ടല്ലൂരിന്റെ കരവിരുത്

നവോത്ഥാന നായകരും സ്വാതന്ത്യസമര സേനാനികളും മഹാനടന്മാരും മുതൽ അഭിനന്ദൻ വർധമാൻ വരെയുള്ളവരുടെ ജീവൻ തുടിക്കുന്ന പ്രതിമകൾ; കേട്ടറിവ് മാത്രമുള്ള മെഴുക് പ്രതിമകളുമായി കേരളത്തിലെ ആദ്യ വാക്സ് മ്യൂസിയം തിരുവനന്തപുരത്ത്; അനന്തപുരിയിൽ വിരിയുന്നത് സുനിൽ കണ്ടല്ലൂരിന്റെ കരവിരുത്

മറുനാടൻ മലയാളി ബ്യൂറോ

സെലിബ്രിറ്റികളുടെയും മഹാന്മാരുടെയും ജീവൻ തുടിക്കുന്ന മെഴുക് പ്രതിമകൾ കൊണ്ട് പ്രശസ്തമാണ് ഡം ടുസാഡ്‌സ് എന്ന ലണ്ടനിലെ വാക്‌സ് മ്യുസിയം. മഹാന്മാരുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനാണ് ഇവിടെ തിരക്ക് കൂടുതൽ. ഓരോ ആളുടെയും കൃത്യമായ അളവുകൾക്കനുസരിച്ചാണ് ഇവിടെ ജീവൻ തുടിക്കുന്ന പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്. എന്നാലിനി മെഴുക് പ്രതിമകൾ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനംു ലണ്ടൻ വരെ പോകാൻ കഴിയാത്തവർ വിഷമിക്കേണ്ട. തലസ്ഥാന നഗരിയിലാണ് പുതിയ വാക്‌സ് മ്യൂസിയം സന്ദർശകരുടെ മനം കവരുന്നത്.

സുനിൽ കണ്ടല്ലൂർ എന്ന കലാകാരന്റെ വകയാണ് അനന്തപുരിയിലെ വാക്‌സ് മ്യൂസിയം ഒരുങ്ങിയിരിക്കുന്നത്. നവോത്ഥാന നായകന്മാർ മുതൽ സിനിമാ താരങ്ങൾ വരെയുണ്ട് ഈ മ്യൂസിയത്തിൽ. ജീവനുള്ളത് എന്ന് തോന്നിക്കുന്ന തരത്തിലാണ് ഓരോ പ്രതിമകളും. അതായത് ജീവനുള്ളതിനെ കടത്തിവെട്ടുന്ന തരത്തിലുള്ള 27 വാക്‌സ് പ്രതിമകൾ. ഈ മ്യുസിയത്തിലെ പ്രതിമകളുടെ പ്രത്യേകത എന്തെന്നാൽ പ്രതിമകൾക്ക് കൊടുത്തിരിക്കുന്ന മുടി യഥാർത്ഥ മുടി തന്നെയാണ് എന്നതാണ്. ഇത് പ്രതിമകളെ കുറച്ചുകൂടെ ജീവസുറ്റതാക്കുന്നു. തലയിൽ മാത്രമല്ല പുരികത്തിലും കൺപീലിയിലുമൊക്കെ യഥാർത്ഥ പീലികൾ തന്നെയാണ് നൽകിയിരിക്കുന്നത് . ദിവസം തോറും നിരവധി സന്ദർശകരാണ് ഇവിടെ വന്നുപോകുന്നത്. 100 രൂപ കൊടുത്ത് ടിക്കറ്റെടുത്താൽ ഇഷ്ടമുള്ള അത്ര സമയമെടുത്ത് മ്യൂസിയം ചുറ്റി കാണാനും പ്രിയപ്പെട്ടവർക്കൊപ്പം ചിത്രങ്ങളെടുക്കാനും സാധിക്കും. ദിവസവും രാവിലെ 8 മുതൽ രാത്രി 9 വരെയാണ് സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന സമയം.

കയറിച്ചെല്ലുമ്പോൾ തന്നെ മഹാത്മാഗാന്ധിയുടെ മെഴുക് പ്രതിമയാണ് കാണുന്നത്. ജീവനുള്ളതാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രതിമയാണ് ഗാന്ധിയുടേത്. പ്രതിമകളുടെ വശങ്ങളിലായ് വച്ചിരിക്കുന്ന ചിത്രങ്ങൾ മ്യൂസിയത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. തിരുവനന്തപുരത്തിന്റെ ഒരു മുഖം തന്നെ നമുക്ക് ഈ ചിത്രങ്ങളിലൂടെ കാണാൻ കഴിയും. അണ്ണാഹസാരെ, ജവഹർലാൽ നെഹറു, സായ്ബാബ തുടങ്ങിയ ചരിത്ര പുരുഷന്മാരെയാണ് അടുത്ത ഭാഗത്തേയ്ക്ക് ചെല്ലുമ്പോൾ കാണുന്നത്. ജീവനുള്ളവരായ് തന്നെ ഇവരെല്ലാം നമുക്ക് മുന്നിൽ വന്നു നിൽക്കുന്നു എന്ന് തോന്നിപോകുന്ന അത്ര മനോഹരമാണ് ഓരോ പ്രതിമയും.

തമിഴ്‌നാടിന്റെ പ്രിയ നടൻ പ്രകാശ് രാജിന്റെ അളവുകൾ എടുത്താണ് അദ്ദേഹത്തിന്റെ മെഴുക് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധി രബീന്ദ്രനാഥ് ടാഗോർ, ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭൻ, രവി ശങ്കർ എന്നിവരുടെയെല്ലാം മെഴുക് പ്രതിമകൾ ഇവിടെ ഉണ്ട്. കാഴ്‌ച്ചയിൽ യഥാർത്ഥ മനുഷ്യനെപോലെ തന്നെയാണ് ഇവയെല്ലാം. ഓരോരോ മുറികൾ പോലെയുള്ള സ്ഥലങ്ങളിലാണ് ഓരോരുത്തരുടെയും മെഴുക് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയും വശങ്ങളിൽ മനോഹരമായ ചിത്രങ്ങൾ നൽകി മനോഹരമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും അടുത്ത മുറിയിലേക്ക് കയറുമ്പോൾ തന്നെ രാജാ രവി വർമ്മയെയാണ് കാണുന്നത്. ഒപ്പം തന്നെ ഇരു വശങ്ങളിലായി ദാദാസാഹിബ് ഫാൽക്കേ, അംബേദ്ക്കർ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്നിവരെ കാണാം. കൃഷ്ണയ്യർ ഉപയോഗിച്ചിരുന്ന മേശ ഇവിടെ കാണാം.അദ്ദേഹത്തിന്റെ വീട്ടുകാർ ഇവർക്ക് സംഭാവനയായി നൽകിയതാണ്. ഇവിടെ കുറച്ച് ന്യൂഡൽ പെയിന്റിങ്ങുകളും നൽകിയിട്ടുണ്ട്.

അടുത്ത ഭാഗത്തേയ്ക്ക് കയറുമ്പോൾ സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും ഒക്കെയാണ് ഉള്ളത്. ബാഹുബലി, സച്ചിൻ ടെഡുൽക്കർ, വിരാട് കോഹ്ലി, യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പിന്നീട് ഉള്ളിലേക്ക് ചെല്ലുമ്പോൾ നമ്മുടെ ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ വർധമാനെയും കാണം. യൂണിഫോമിലുള്ള അഭിനന്ദൻ വർധമാന്റെ രൂപം കാണുമ്പോൾ തന്നെ ദേശസ്‌നേഹം ഉണരും.

അടുത്ത ഭാഗത്ത് മലയാളത്തിന്റെയും ടോളിവുഡിന്റെയും ബോളിവുഡിന്റെയും ഒക്കെ പ്രിയ താരങ്ങളാണ്. മലയാളികളുടെ സൂപ്പർ സ്റ്റാർ മോഹൻലാൽ, തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത്, ബോളിവുഡിന്റെ മസിൽ മാൻ സൽമാൻ ഖാൻ, പിന്നെ താരസുന്ദരി കരീന കപൂറുമാണ് ഇവിടെയുള്ളത്.. മുറിയുടെ ഇരുവശങ്ങളിലായിട്ടാണ് മലയാളികളുടെയും തമിഴ്‌നാട്ടുകാരുടെയും സൂപ്പർസ്റ്റാറുകൾ ഇരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എം ജി രാമചന്ദ്രനും സർദാർ വല്ലഭായ് പട്ടേലുമൊക്കെയാണ് മ്യൂസിയത്തിന്റെ അവസാന ഭാഗത്തായി ഉള്ളത്.

യഥാർത്ഥ മനുഷ്യരെയും മെഴുക് മനുഷ്യരെയും കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം അത്ര കൃത്യമായാണ് ഈ മെഴുക് പ്രതിമകളെല്ലാം ശിൽപി സുനിൽ കണ്ടല്ലൂർ നിർമ്മിച്ചിരിക്കുന്നത്. കുറച്ച് നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും കേരളത്തിലും ഒരു വാക്‌സ് മ്യൂസിയം സ്ഥാപിക്കാൻ ഇദ്ദേഹത്തെകൊണ്ട് സാധിച്ചു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ആദ്യത്തെ വാക്‌സ് മ്യൂസിയം ഇദ്ദേഹത്തിന്റെതാണ്. പൂണെയിലാണ് ഇത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP