Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ലേലം ചെയ്യാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്: വിൽക്കുന്നത് ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിൽ അധികമുള്ള ഓട്ടുപാത്രങ്ങളും വിളക്കുകളും

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ലേലം ചെയ്യാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്: വിൽക്കുന്നത് ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിൽ അധികമുള്ള ഓട്ടുപാത്രങ്ങളും വിളക്കുകളും

സ്വന്തം ലേഖകൻ

കൊല്ലം : കോവിഡ് അടച്ചിടൽമൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമറികടക്കാൻ ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വിൽപ്പനയ്‌ക്കൊരുങ്ങുന്നത്.

വലിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് തലവേദനയാണ്. ഇക്കാരണവും ചൂണ്ടിക്കാട്ടിയാണ് കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഇവ ലേലം ചെയ്യാൻ ഒരുങ്ങുന്നത്. ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ.

ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതരുടെ വിലയിരുത്തൽ.

2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളിൽ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP