Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ധനകമ്മി കുറയുന്നതിനേക്കാൾ ഗൗരവമായി കാണേണ്ടത് റവന്യു കമ്മി വർദ്ധിക്കുന്നത്; പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാൻ പുതുതായി ഒന്നുമില്ലാത്തപ്പോൾ സർഫാസി നിയമ നിർദ്ദേശങ്ങൾ എൻബിഎഫ്‌സികൾക്ക് ഗുണകരം; അറ്റകുറ്റങ്ങൾ തീർക്കാനുള്ളതാണ് കേന്ദ്ര ബജറ്റെന്ന് വിലയിരുത്തി കൊച്ചിയിൽ ഫിക്കിയുടെ സംവാദം

ധനകമ്മി കുറയുന്നതിനേക്കാൾ ഗൗരവമായി കാണേണ്ടത് റവന്യു കമ്മി വർദ്ധിക്കുന്നത്; പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാൻ പുതുതായി ഒന്നുമില്ലാത്തപ്പോൾ സർഫാസി നിയമ നിർദ്ദേശങ്ങൾ എൻബിഎഫ്‌സികൾക്ക് ഗുണകരം; അറ്റകുറ്റങ്ങൾ തീർക്കാനുള്ളതാണ് കേന്ദ്ര ബജറ്റെന്ന് വിലയിരുത്തി കൊച്ചിയിൽ ഫിക്കിയുടെ സംവാദം

ആർ പീയൂഷ്

കൊച്ചി: കുറഞ്ഞ ധനകമ്മി ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ് റവന്യു കമ്മി വർധിപ്പിക്കുമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോഴിക്കോട് ഐ ഐ എം പ്രൊഫസറും എക്കണോമിക് ഡീനുമായ ഡോ. രുദ്ര സെൻ ശർമ അഭിപ്രായപ്പെട്ടു. ധനകമ്മി കുറയുന്നതിനെക്കാൾ ഗൗരവതരമായി കാണേണ്ടത് റവന്യു കമ്മി വർധിക്കുമെന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (ഫിക്കി)കാപ്പിറ്റയർ കൺസൾട്ടന്റ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ബജറ്റ് ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു രുദ്രസെൻശർമ.

ഗ്രാമീണ മേഖലയുടെ വളർച്ചക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക അപര്യാപ്തമാണ്. കാർഷിക മേഖലയുടെ ഉത്തേജനത്തിന് 16 ഇന അജണ്ട ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കൃഷി പ്രധാനമായും സ്റ്റേറ്റ് സബ്ജക്ട് ആയതു കൊണ്ട് ഇവ നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. കോൺട്രാക്ട് ഫാമിങ് പോലുള്ള നിർദ്ദേശങ്ങൾ സ്വാഗതാർഹമാകുമ്പോൾ തന്നെ ചില സംസ്ഥാനങ്ങൾക്ക് ഇതിനോട് നയപരമായ വിയോജിപ്പുകളുണ്ടെന്നത് കാണാതിരിക്കാനാകില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ ബാങ്കുകളെ രക്ഷപ്പെടുത്തുന്നതിന് ബജറ്റിൽ പുതുതായി ഒന്നുമില്ല. സർഫാസി നിയമവുമായി ബന്ധപ്പെട്ട ബജറ്റ് നിർദ്ദേശങ്ങൾ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഗുണകരമാണ്.

നേരിട്ടുള്ള വിദേശ നിക്ഷേപം വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ലിമിറ്റ് അഞ്ച് ലക്ഷമാക്കിയത് അഭിനന്ദനീയമാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള ടാക്‌സ് അവധിയുടെ കാലയളവ് വർധിപ്പിച്ചത് ഐടി മേഖലക്ക് ഗുണം ചെയ്യും. ഇത്രയധികം നയപ്രഖ്യാപനങ്ങളുള്ള ബൃഹത്തായ ബജറ്റ് ധനമന്ത്രി ഒറ്റക്ക് വായിക്കുന്നത് അവസാനിപ്പിച്ച് ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർ കൂടി ബജറ്റ് പ്രസംഗം നടത്തുന്ന രീതിയിലേക്ക് മാറണമെന്ന് ഡോ. രുദ്ര സെൻ ശർമ അഭിപ്രായപ്പെട്ടു.

ഘടനാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതല്ല നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇൻവെസ്റ്റ്‌മെമെന്റ് സ്ട്രാറ്റജീസ് ഡോ. വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു. അറ്റകുറ്റങ്ങൾ തീർക്കാനുള്ള ശ്രമങ്ങളായി ഈ ബജറ്റിനെ വിലയിരുത്താം. നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന ബജറ്റിൽ ലാഭവിഹിതത്തിന് നികുതി ചുമത്തിയത് വിരോധാഭാസമായി തോന്നുന്നു. കോർപറേറ്റ് ടാക്‌സും ക്യാപിറ്റൽ ഏണിങ് ടാക്‌സും ഡിവിഡണ്ട് ടാക്‌സും ചേർന്ന ത്രിതല ടാക്‌സാണ് നിക്ഷേപകൻ നൽകേണ്ടി വരുന്നത്. മുമ്പ് നടപ്പിലാക്കിയ സൂപ്പർ റിച്ച് ടാക്‌സ് പോലെ യുക്തി രഹിതമാണ് ഡിവിഡണ്ട് ടാക്‌സ്.

മുത്തലാക്ക് നിർത്തലാക്കിയതുപോലെ ഈ മൂന്നു തല നികുതിയും നിർത്താൻ സർക്കാർ തയ്യാറാകണം. നികുതി ഘടന സങ്കീർണമാക്കിയതിലൂടെ ചാർട്ടേഡ് എക്കൗണ്ടന്റുമാർക്ക് നല്ല കാലം വന്നിരിക്കയാണെന്നും വിജയകുമാർ പറഞ്ഞു.കാപ്പിറ്റയർ കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീജിത് കുനിയിൽ, ഫിക്കി സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അസ്വാനി, സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു, കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ജി കാർത്തികേയൻ, ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡണ്ട് സണ്ണി എൽ മലയിൽ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP