Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു: വിനീത് വാസുദേവിന്റെ 'വേലി' മികച്ച ചിത്രം; രണ്ടാമത്തെ മികച്ച ചിത്രം നിപിൻ നാരായണന്റെ 'അരിമ്പാറ'

ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു: വിനീത് വാസുദേവിന്റെ 'വേലി' മികച്ച ചിത്രം; രണ്ടാമത്തെ മികച്ച ചിത്രം നിപിൻ നാരായണന്റെ 'അരിമ്പാറ'

മറുനാടൻ മലയാളി ബ്യൂറോ

ഏറണാകുളം : ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റ് സെക്കന്റ് എഡിഷന്റെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു .മേളയിലെ ഏറ്റവും മികച്ച ചിത്രമായി വിനീത് വാസുദേവ് സംവിധാനം ചെയ്ത ' വേലി ' തിരഞ്ഞെടുത്തു . ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ് . തിരക്കഥക്കുള്ള അവാർഡും വേലിയിലൂടെ വിനീത് വാസുദേവന് ലഭിച്ചു . മികച്ച രണ്ടാമത്തെ ചിത്രമായി അരിമ്പാറയും ( സംവിധാനം നിപിൻ നാരായൺ ) മൂന്നാമത്തെ ചിത്രമായി ഗൾപ്പ് ( സംവിധാനം വിജീന്ദ്ര ശ്യാം ) യഥാക്രമം അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും നേടി .

സ്റ്റെയിൻസ് എന്ന ഇംഗ്ലീഷ് സിനിമയിലൂടെ റിയ മാത്യുസ് മേളയിലെ ഏറ്റവും മികച്ച സംവിധായക പുരസ്‌കാരം കരസ്ഥമാക്കി . സ്റ്റെയിൻസിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലിയ ഗ്രേസും , സംഗീത സംവിധാനത്തിനുള്ള അംഗീകാരം അങ്കിത് ചുഗും നേടി .

അര മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള മുന്നൂറ്റി നാൽപ്പത്തി ഒന്ന് ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത് . ഉള്ളടക്കവൈവിദ്ധ്യം കൊണ്ടും പങ്കാളിത്ത വർദ്ധനവ് കൊണ്ടും ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിനെ ശ്രദ്ധേയമാക്കിയ എല്ലാ മത്സരാർത്ഥികൾക്കും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണൻ നന്ദി അറിയിച്ചു .

പ്രാഥമിക ജൂറിയായി മലയാള സിനിമയിലെ അമ്പതിലേറെ പ്രതിഭകൾ പത്ത് ഗ്രൂപ്പായി ചിത്രങ്ങൾ കണ്ടു വിലയിരുത്തി . പ്രാഥമിക ജൂറി തിരഞ്ഞെടുത്ത മുപ്പത്തിരണ്ട് ചിത്രങ്ങളാണ് സംവിധായകൻ ഭദ്രൻ ചെയർമാമാനായ ഫൈനൽ ജൂറിക്ക് മുമ്പിൽ എത്തിയത് . മഹേഷ് നാരായണൻ , സജീവ് പാഴൂർ , സുജിത്ത് വാസുദേവ് , സൗമ്യ സദാനന്ദ് , ബിജിബാൽ , രജിഷ വിജയൻ എന്നിവർ ഫൈനൽ ജൂറി അംഗങ്ങളായിരുന്നു .

ഫെഫ്കയുടെ പുരസ്‌കാരം ലഭിച്ച മറ്റ് വിജയികൾ . മികച്ച നടൻ - ആഷിക് അബുബക്കർ ( ചിത്രം - മൃഗം ). മികച്ച ഛായാഗ്രഹണം - ഹെസ്റ്റിൻ ജോസ് ജോസഫ് ( ചിത്രം- ക്രോസ്സിങ് ) മികച്ച ചിത്ര സംയോജനം - കിരൺ ദാസ് ( മിഡ് നൈറ്റ് റൺ & മെൻ അറ്റ് ദ ഡോർ ) മികച്ച ബാല അഭിനേതാവ് - ശരൺ സ്റ്റാലിൻ ( ചിത്രം- ചൂണ്ടൽ ) മികച്ച പ്രവാസി ചിത്രം ഇസിജി ( സംവിധാനം നിസാർ ബാബു ) മികച്ച ക്യാമ്പസ് ചിത്രം ഒരു കൊച്ചു മോഹം ( സംവിധാനം സത്യജിത്ത്.ജി ) , ക്ഷണക്കത്ത് സംവിധാനം ചെയ്ത ജെസ്വിൻ ജോസ് , അഭിനേതാക്കളായ കെ എൽ ആന്റണി ( ഗൾപ് ) , മൃണാളിനി ( ലെറ്റ് ഹെർ ബി ) ബാലതാരം സിദ്ധാർഥ് ( വൺ ഫൈൻ ഡേ & ഒരു കൊച്ചു മോഹം) എന്നിവർ ജൂറിയുടെ സ്പെഷൽ മെൻഷൻ അവാർഡുകൾ നേടി .

സപ്തംബർ മാസം എറണാകുളത്ത് വെച്ച് അവാർഡ് വിതരണ ചടങ്ങ് നടത്തുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ , ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ അറിയിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP