Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാശ്രയമെഡിക്കൽ പിജി കോഴ്‌സുകളുടെ ഫീസ് വർദ്ധിപ്പിച്ചു; പുതുക്കിയ ഫീസ് 14 ലക്ഷം; ഏകീകൃത ഫീസും നിലവിൽ

സ്വാശ്രയമെഡിക്കൽ പിജി കോഴ്‌സുകളുടെ ഫീസ് വർദ്ധിപ്പിച്ചു; പുതുക്കിയ ഫീസ് 14 ലക്ഷം; ഏകീകൃത ഫീസും നിലവിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ പി.ജി കോഴ്‌സുകളുടെ ഫീസ് വർദ്ധിപ്പിച്ച് ഉത്തരവിറങ്ങി. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ഫീസ് വർദ്ധിപ്പിച്ചത്. 14 ലക്ഷം രൂപയാണ് ഇനി എല്ലാ സീറ്റിലേയും ഫീസ്. ഇതോടെ ഏകീകൃത ഫീസും നിലവിൽ വന്നു. 

ഇന്നലെ ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ കീഴിലുള്ള നാല് മെഡിക്കൽ കോളേജുകളിലെ ഫീസും പുതുക്കി നിശ്ചയിച്ചിരുന്നു. ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകളിലെ ഫീസിനൊപ്പമാണ് മറ്റ് സ്വാശ്രയ കോളേജുകളിലേയും ഫീസ് ഏകീകരിച്ചിരിക്കുന്നത്. ഇതോടെ മെഡിക്കൽ പിജി കോഴ്സുകൾക്ക് സർക്കാർ സീറ്റുകളിൽ ഉൾപ്പെടെ വൻവർധനയാണ് ഉണ്ടാവുക.

പിജി ക്ലിനിക്കൽ കോഴ്‌സുകളിൽ 14 ലക്ഷം രൂപയാണ് ഏകീകൃത ഫീസ്. നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 8.5 ലക്ഷവും. പിജി ഡിപ്ലോമ ക്ലിനിക്കൽ കോഴ്‌സുകളിൽ 10.5 ലക്ഷം രൂപയാണ് പുതിയ ഫീസ്. സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലെ ഫീസ് 18.5 ലക്ഷവും എൻആർഐ. സീറ്റുകളിൽ 35 ലക്ഷം രൂപയാണ് പുതിയ നിരക്ക്.

കഴിഞ്ഞ വർഷംവരെ മൂന്നു ഫീസ് ഘടനയായിരുന്നു പിജി സീറ്റുകളിലുണ്ടായിരുന്നത്. സർക്കാർ സീറ്റുകളിൽ ക്ലിനിക്കൽ വിഭാഗത്തിൽ 6.5 ലക്ഷവും നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 2.6 ലക്ഷം രൂപയുമായിരുന്നു. മാനേജ്‌മെന്റ് ക്വാട്ടയിൽ ക്ലിനിക്കൽ കോഴ്‌സുകളിൽ 17.5 ലക്ഷവും നോൺ ക്ലിനിക്കലിൽ 6.5 ലക്ഷവും എൻആർഐ സീറ്റുകളിൽ 35 ലക്ഷം രൂപയും ആയിരുന്നു ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ ഈടാക്കിയിരുന്നത്.
ഈ വർഷം മുതൽ പിജിക്ക് എല്ലാ സീറ്റുകളിലെയും പ്രവേശനത്തിന് നീറ്റ് റാങ്ക് പട്ടിക മാനദണ്ഡമാക്കിയതോടെയാണ് ഏകീകൃത ഫീസ് അംഗീകരിച്ചു നൽകാൻ സർക്കാർ നിർബന്ധിതമായത്.

ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് ഫെഡറേഷനുമായി സർക്കാർ ചർച്ചനടത്തിയിരുന്നു. ചർച്ചയിലെ ധാരണയെത്തുടർന്നാണ് പുതിയ ഫീസ് ഘടന അനുവദിച്ചത്. പിജി സീറ്റുകളുടെ ഫീസ് ഇരട്ടിയിലധികം വർധിച്ചത് കണക്കിലെടുത്ത് എംബിബിഎസ് ഫീസും ആനുപാതികമായി ഉയർത്തുന്നതിന് സർക്കാർ വഴങ്ങേണ്ടിവരും. ഉയർന്ന ഫീസ് നല്കാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യത്തിനുള്ള സ്‌കോളർഷിപ്പ് നല്കാനാണ് സർക്കാർ തലത്തിൽ ആലോചന നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP