Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ; കൊതുകു നശീകരണത്തിന് മുൻഗണനയ്ക്ക് നിർദ്ദേശം

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ; കൊതുകു നശീകരണത്തിന് മുൻഗണനയ്ക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പലസ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിക്കെതിരായ ക്യാമ്പയിൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.

ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ-നശീകരണ പ്രവർത്തനങ്ങൾക്ക് പുറമേ ജൂൺമാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന ക്യാമ്പയിനും ആവിഷ്‌ക്കരിച്ചിരുന്നു. മഴ വീണ്ടും കനക്കുന്നതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതാണ്. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്‌പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സിഎഫ്എൽടിസികളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകിൽ നിന്നും മുക്തമാക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകളാണിവ. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ?

രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

രോഗലക്ഷണങ്ങൾ

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ സാധാരണ വൈറൽപ്പനിയിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങൾ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്.

അതിശക്തമായ നടുവേദന, കണ്ണിനു പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളിൽ ദേഹത്തങ്ങിങ്ങായി ചുവന്നു തിണർത്ത പാടുകൾ കാണാൻ സാധ്യതയുണ്ട്.

രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കണം

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ ആരംഭത്തിൽ തന്നെ ഡെങ്കിപ്പനിയാണെന്ന് കണ്ടുപിടിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.

കൊതുകിനെ തുരത്താം ജീവൻ രക്ഷിക്കാം

കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ കെട്ടി നിൽക്കുന്ന തീരെ ചെറിയ അളവിലുള്ള വെള്ളത്തിൽപ്പോലും മുട്ടയിട്ട് വളരാനിടയുണ്ട്. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽകൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലോക്ക് ഡൗൺ കാലയളവിൽ ദീർഘനാൾ അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിൽ കൊതുകുകൾ ധാരാളമായി മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ കെട്ടിടത്തിനുള്ളിലും ടെറസ്, സൺഷേഡുകൾ, കെട്ടിടത്തിന്റെ പരിസരം എന്നിവയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കൾ സംസ്‌കരിക്കുകയും കൊതുക് നിർമ്മാർജ്ജനം ഉറപ്പുവരുത്തുകയും വേണം. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കുത്താടികളെ നശിപ്പിക്കേണ്ടതാണ്.

ബ്രേക്ക് ദ ചെയിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നിൽ കൈകൾ കഴുകുന്നതിനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി എന്നിവ കഴുകി വൃത്തിയാക്കേണ്ടതാണ്. മാർക്കറ്റുകളിൽ മത്സ്യം സൂക്ഷിക്കുന്ന പെട്ടികൾ, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്‌ത്തി വയ്ക്കുകയോ ചെയ്യുക. റബ്ബർ മരങ്ങളിൽ വച്ചിട്ടുള്ള ചിരട്ടകളിലും കവുങ്ങിൻ തോട്ടങ്ങളിൽ വീണു കിടക്കുന്ന പാളകളിലും മരപ്പൊത്തുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലും കൊതുകുകൾ മുട്ടയിടാം. അതിനാൽ തോട്ടങ്ങളിൽ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.

വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.

ധാരാളം പാനീയങ്ങൾ കുടിക്കുക

ചെറിയ പനി വന്നാൽ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാൽ ധാരാളം പാനീയങ്ങൾ കുടിക്കാൻ കൊടുക്കുക. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുക. ഏത് പനിയും പകർച്ചപ്പനി ആകാമെന്നതിനാൽ സ്വയം ചികിത്സിക്കരുത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP