Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീവെപ്പ്; പ്രതിക്ക് ജാമ്യമമനുവദിക്കാതെ കോടതി; മറ്റുള്ളവരുടെ ജീവിതം ദുസ്സഹവും അരക്ഷിതാവസ്ഥയിലുമാക്കിയ പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് കോടതി നിരീക്ഷണം; നഷ്ടം 60.70 കോടി രൂപയെന്ന് പൊലീസ്

ഫാമിലി  പ്ലാസ്റ്റിക് ഫാക്ടറി തീവെപ്പ്; പ്രതിക്ക് ജാമ്യമമനുവദിക്കാതെ കോടതി; മറ്റുള്ളവരുടെ ജീവിതം ദുസ്സഹവും അരക്ഷിതാവസ്ഥയിലുമാക്കിയ പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് കോടതി നിരീക്ഷണം; നഷ്ടം 60.70 കോടി രൂപയെന്ന് പൊലീസ്

അഡ്വ.നെയ്യാറ്റിൻകര.പി.നാഗരാജ്

തിരുവനന്തപുരം: ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക് കമ്പനി തീവെച്ച് നശിപ്പിച്ച കേസിൽ രണ്ടാം പ്രതിയുടെ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. നിക്ഷിപ്ത താൽപര്യത്തിന് വേണ്ടി ഫാക്ടറി തീവെച്ച് 60.70 കോടി രൂപയുടെ നഷ്ടം സംഭവിപ്പിച്ച് അനവധി തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കി അവരുടെ കുടുംബത്തെ പട്ടിണിയിലാക്കിയ പ്രതിക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് സെഷൻസ് ജഡ്ജി കെ.ബാബു ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തെളിവുകൾ നശിപ്പിച്ച് ഒളിവിൽ പോകാനുള്ള സാധ്യതയും ഉണ്ട്. സ്ഥാപിത താൽപര്യത്തിന് വേണ്ടി വൻ തോതിൽ നാശനഷ്ടം വരുത്തിയ ശേഷം ഏതാനും മാസം ജയിലിൽ കിടന്നാൽ ജാമ്യത്തിൽ ഇറങ്ങി ഉല്ലാസത്തോടെ ജീവിക്കാമെന്ന് വന്നാൽ മറ്റുള്ളവർക്കും അതൊരു പ്രചോദനമാകും.

ഇത്തരം സാഹര്യങ്ങളിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. ശമ്പളം വെട്ടിക്കുറച്ച വിരോധത്താലാണ് കൃത്യം ചെയ്തതെന്ന പ്രോസിക്യൂഷൻ കേസ് സത്യമാണെങ്കിൽ ഫാക്ടറി ജീവനക്കാരായ പ്രതികൾക്കുള്ള തർക്ക പരിഹാരം ലേബർ ഓഫീസർ അടക്കം മറ്റെവിടെയോ ആണ്.നിയമവാഴ്ചയെ വെല്ലുവിളിച്ച് ഹീനകൃത്യം ചെയ്ത് മറ്റുള്ളവരുടെ ജീവിതം ദുസ്സഹവും അരക്ഷിതാവസ്ഥയിലുമാക്കിയ പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്നും കോടതി നിരീക്ഷിച്ചു.ഒരു കൃത്യം ചെയ്യുന്ന ആൾ അതിന്റെ അനന്തരഫലത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഖ്യാതങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണമെന്നതാണ് നിയമ തത്വം. കേസുമായി രണ്ടാം പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും അപസ്മാര അസുഖക്കാരനാണെന്നും നിരപരാധിയാണെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി. പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും ചികിത്സാ രേഖകൾ അടക്കമുള്ള പ്രതിഭാഗം വാദങ്ങൾ വിചാരണ വേളയിൽ വിചാരണ കോടതിയിൽ ഉന്നയിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ഫാക്ടറിയിലെ സ്റ്റോർ റൂം ജീവനക്കാരായ ചിറയിൻകീഴ് പെരുങ്കുഴി മുട്ടപ്പലം ചിലക്കൂർ വീട്ടിൽ ബിമൽ (19 ), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനിൽ ജി.എസ്.ബിനു എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.ഒക്ടോബർ 31 രാത്രി 7.15 മണിയോടെയാണ് സംഭവം നടന്നത്. മറ്റെല്ലാ ജീവനക്കാരും ഫാക്ടറിക്ക് പുറത്ത് പോയത് ഉറപ്പാക്കിയ ശേഷം മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിൽ പ്രവേശിച്ച പ്രതികൾ സിഗരറ്റ് ലൈറ്ററും തീപ്പെട്ടിയും ഉപയോഗിച്ച് റാക്കിൽ അടുക്കി വച്ചിരുന്ന ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് കവറിലും സമീപത്ത് കിടന്ന കാർഡ് ബോർഡിലുമായി തീകൊളുത്തി.തുടർന്ന് ലൈറ്റുകൾ അണച്ച ശേഷം ഫാക്ടറിയുടെ അകത്തെ നടപ്പാലം വഴി താഴേക്കിറങ്ങിപ്പോയെന്നാണ് പ്രോസിക്യൂഷൻ കേസ്.

രണ്ടു പ്രതികളെയും ഫാക്ടറിയിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അപകടത്തിനു തൊട്ടു മുമ്പ് ബിനുവിന്റെ കൈ പിടിച്ചു കൊണ്ട് ബിമൽ പുറത്തേക്ക് നടക്കുന്ന ദ്യശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.ഇതേ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്.സംഭവ ദിവസം വൈകിട്ട് ഫാക്ടറിക്ക് എതിർവശത്തുള്ള കടയിൽ നിന്ന് ബിമൽ ലൈറ്റർ വാങ്ങിയതായും പൊലീസ് കണ്ടെത്തി. കടയുടമ ബിമലിനെ തിരിച്ചറിയുകയും ചെയ്തു.

നവംബർ 10 നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സൈബർ - കഴക്കൂട്ടം പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. പിറ്റേന്ന് വർക്കല മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾ അന്നു മുതൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാന്റിൽ കഴിയുകയാണ്. ആദ്യ റിമാന്റിനുള്ളിൽ തന്നെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടു നൽകുകയും ചെയ്തു. വർക്കല കോടതി രണ്ടു പ്രതികളുടെയും ജാമ്യഹർജി നിരസിച്ചതിനെ തുടർന്നാണ് രണ്ടാം പ്രതി ബിനു ജില്ലാ കോടതിയെ സമീപിച്ചത്. അഞ്ചും നാലും നിലകളുള്ള രണ്ടു കെട്ടിടങ്ങളാണ് പൂർണ്ണമായി അഗ്‌നിക്കിരയാക്കിയത്. ഇവയിലെ ക്യാമറാ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള ഹാർഡ് ഡിസ്‌ക് സംവിധാനം ഒരുക്കിയിരുന്നത് ഓഫീസ് റൂമിലായിരുന്നു. ഈ ഭാഗത്തേക്ക് തീ പടർന്നിരുന്നില്ല. അഞ്ചു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ സ്റ്റോർ റൂമിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് അഗ്‌നിശമന സേന, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫാക്ടറി ആൻഡ് ബോയിലേഴ്‌സ് വകുപ്പ്, ഫോറൻസിക് വകുപ്പ് എന്നിവർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 60.70 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായും തിട്ടപ്പെടുത്തി റിപ്പോർട്ടും നൽകി.

വൈദ്യുതി ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തതിന് കാരണമായതെന്ന് കണ്ടെത്തിയ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഉദ്യോഗസ്ഥരുടെയും അഗ്‌നി രക്ഷാ സേനയുടെയും പരിശോധനാ റിപ്പോർട്ടാണ് അട്ടിമറി സംശയം ബലപ്പെടുത്തി ഫാക്ടറിക്ക് ആരോ തീവെച്ചതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. 8,500 രൂപ മാസ ശമ്പളത്തിലാണ് ഒരു വർഷം മുമ്പ് ഹോട്ടൽ മാനേജ്‌മെന്റ് പീനം പൂർത്തിയാക്കിയ ബിമൽ ഫാക്ടറിയിൽ ജോലിക്ക് കയറിയത്.എന്നാൽ കൃത്യമായി ജോലിക്ക് എത്താത്തതിനാൽ 3,000 രൂപയായിരുന്നു കൈയിൽ കിട്ടിയിരുന്നത്.ശമ്പളം കുറയുന്നതിന്റെ വൈരാഗ്യം തീർക്കാൻ ഫാക്ടറിയിൽ നിന്ന് കയറ്റി അയക്കുന്ന ഉൽപന്നങ്ങളിൽ കേടുപാടുണ്ടാക്കിയിരുന്നു.

ഉൽപന്നങ്ങൾ അശ്രദ്ധമായി ബിമൽ കൈകാര്യം ചെയ്യുന്നതിനെ സഹ പ്രവർത്തകർ വിലക്കി ഗുണദോഷിച്ചിട്ടുള്ളതായും കേസ് ഡയറിയിൽ പരാമർശമുണ്ട്. തീയിട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങളിൽ നിന്നുയർന്ന പുകയിൽ കാർബൺ മോണോക്‌സൈഡ്, കാർബൺ ഡൈ ഓക്‌സൈഡ്, സൾഫർ ഡൈ ഓക്‌സൈസ് എന്നിവ അടങ്ങിയിരുന്നതായും തുടർച്ചയായി ഇത് ശ്വസിക്കുന്നത് ആരോഗ്യത്തിന് മാരകമായ ഹാനി വരുത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊച്ചി യൂണിറ്റ് പരിശോധിച്ച് റിപ്പോർട്ട് ചെയ്തു. പുക ശ്വസിച്ച സമീപവാസികൾ കുഴഞ്ഞു വീണു.

ശ്വസിക്കാനെടുക്കുന്ന വായുവിൽ കാർബൺ മോണോക്‌സൈഡ് പോലുള്ളവയുടെ അളവ് കൂടുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തതിനാലാണ് പലരും കുഴഞ്ഞു വീണത്. അതിനാൽ മുൻകരുതലെന്നോണം സ്ഥലവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു.പുക ശ്വസിച്ച് കുഴഞ്ഞു വീണവരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അതേ സമയം നിയമപ്രകാരം ഫാക്ടറി മാനേജ്‌മെന്റ് പാലിച്ച് നടപ്പിലാക്കേണ്ട മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഫാക്ടറിക്കുള്ളിൽ ഇല്ലാതിരുന്നതിനാലാണ് തീപിടുത്തത്തിന്റെയും നാശനഷ്ടങ്ങളുടെയും ആഴവും വ്യാപ്തിയും കൂടാൻ കാരണമായതെന്ന ആരോപണവും നിലവിലുണ്ട്.

മതിയായ സുരക്ഷാ ക്രമീകരണങ്ങൾ കെട്ടിടങ്ങളുടെ എല്ലാ നിലയിലും സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വർഷം തോറും ഫാക്ടറിക്ക് ലൈസൻസ് പുതുക്കി നൽകാൻ അധികാരവും ഉത്തരവാദിത്വവും ചുമതല ബാധ്യതയുമുള്ളവർ ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസ് ഉദ്യോഗസ്ഥരും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമാണ്.ഇവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊലീസ് അന്വേഷിക്കുകയോ ഇവരെ കൂട്ടു പ്രതികളാക്കി കൂടുതൽ പ്രതിസ്ഥാനത്ത് ചേർത്ത് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് അന്വേഷണം നടത്തുകയോ പൊലീസ് ചെയ്തിട്ടില്ല.

2010 ൽ തമ്പാനൂർ ശ്രീകുമാർ - ശ്രീവിശാഖ് സിനിമാ തീയറ്ററോട് ചേർന്ന് ഉണ്ടായിരുന്ന ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് കെട്ടിടം അറ്റകുറ്റപ്പണിക്കിടെ തകർന്ന് വീണ് 6 തൊഴിലാളികൾ മരിക്കുകയും അനവധി പേർക്ക് മാരകമായ പരിക്കുകൾ ഏൽക്കുകയും ചെയ്ത കേസിൽ ഉടമയെയും കരാറുകാരനെയും മാത്രം പ്രതിചേർത്ത് ആണ് ആദ്യം നരഹത്യാക്കേസ് എടുത്തത്.എന്നാൽ 60 വർഷത്തോളം പഴക്കമുള്ള ലോഡ്ജ് പുതുക്കി പണിയാൻ ബലം പരിശോധിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും അനുമതി നൽകുകയും ആവശ്യമായ തുടർപരിശോധനകൾ നടത്താതിരിക്കുകയും ചെയ്തതിന് നഗരസഭയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എക്‌സി.എഞ്ചിനീയർ, അസി.എഞ്ചിനീയർ എന്നീ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് നരഹത്യാ കേസിൽ കൂട്ടു പ്രതികളാക്കിയിരുന്നു. ഉദ്യോഗസ്ഥരെ ഒഴിവാക്കി ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ഫിലിപ് തോമസിന്റെ ഉത്തരവ് പ്രകാരമാണ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് കൂട്ടു പ്രതികളാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP