Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ബംഗ്ലാദേശിൽ അച്ചടിച്ച 2.17 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസ്: പ്രതികളായ നാല് ബംഗാളി സ്വദേശികൾക്കും പത്തുവർഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ വീതം പിഴയും വിധിച്ച് സിബിഐ കോടതി

ബംഗ്ലാദേശിൽ അച്ചടിച്ച 2.17 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസ്:   പ്രതികളായ നാല് ബംഗാളി സ്വദേശികൾക്കും പത്തുവർഷം കഠിന തടവും ഇരുപത്തയ്യായിരം രൂപ വീതം പിഴയും വിധിച്ച് സിബിഐ കോടതി

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളെയും തിരുവനന്തപുരം സിബിഐ കോടതി പത്തു വർഷത്തെ കഠിന തടവിനും ഇരുപത്തയ്യായിരം രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവനുഭവിക്കണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ലക്ഷ്യമിട്ട് കള്ളനോട്ടുകൾ വിനിമയം ചെയ്ത പ്രതികൾക്ക് കാരാഗൃഹവാസത്തിന് പകരം മാനസാന്തരത്തിനായി സ്വതന്ത്രരാക്കപ്പെടുന്ന നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും സി ബി ഐ ജഡ്ജി കെ. സനിൽകുമാർ വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ഗൗരവമേറിയ കുറ്റം ചെയ്ത പ്രതികളെ സ്വതന്ത്രരാക്കി സമൂഹത്തിലേക്ക് ഇറക്കിവിട്ടാൽ സമൂഹത്തിന് ആപത്താണെന്നും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാ വാറണ്ട് ഉത്തരവ് പ്രകാരം കോടതി പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.

2017 സെപ്റ്റംബർ 19 ന് വിചാരണക്കായി സാക്ഷികൾ കോടതിയിൽ ഹാജരായിട്ടും തൊണ്ടി നോട്ടുകളിൾ ഉൾപ്പെട്ട കുറച്ച് നോട്ടുകൾ കാണാതായതിനെ തുടർന്ന് കേസിന്റെ വിചാരണ നിർത്തിവെച്ചിരുന്നു. അന്ന് സാക്ഷി വിസ്താരത്തിനായി കോടതിയിൽ ഹാജരായ പ്രോസിക്യൂഷൻ ഭാഗം മൂന്ന് സാക്ഷികളെ കോടതി തിരിച്ചയക്കുകയും ചെയ്തു. തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിക്ക് പ്രത്യേക ദൂതനെ അയച്ച് പരിശോധിച്ച് പൂഴ്‌ത്തിവച്ച നോട്ടുകൾ കണ്ടെടുത്ത് തൊണ്ടി ലിസ്റ്റിൽ ചേർക്കുകയായിരുന്നു. തുടർന്ന് കേസ് സാക്ഷി വിസ്താരത്തിനായി വിചാരണ തീയതികൾ റീ ഷെഡ്യൂൾ ചെയ്യവേയാണ് ഒന്നാം പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരമാണ് കോടതി പ്രോസിക്യൂഷൻ ഭാഗം തെളിവെടുപ്പിനായി സാക്ഷി വിസ്താര തീയതികൾ ഷെഡ്യൂൾ ചെയ്യുന്നത്.

ബംഗാളി സ്വദേശികളും മുംബൈ ബദമിയാനി കോളനിയിലെ ഹോട്ടൽ വെയിറ്ററുമായ കാമിർ ഉൾ ഇസ്ലാം, ഡൽഹിയിലെ കരാർ തൊഴിലാളികളായ അനാമുൾ ഹഖ് , സിറാജുൾ ഹഖ് , ഫാം ഹൗസ് തൊഴിലാളിയായ രാഹുൽ ആമിൻ എന്നീ നാല് പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിലുൾപ്പെട്ട 18 വയസ്സ് തികയാത്ത കുട്ടിക്കുറ്റവാളികളായ ഷെഫീക്ക് ഉൾ ഇസ്ലാം , അവൈദർ റഹീം , ഹാജി നജുമുദീൻ ഇസ്ലാം എന്നിവരുടെ വിചാരണ പ്രത്യേകമായി ജുവൈനൽ കോടതിയിൽ നടന്നുവരികയാണ്.

2011 മാർച്ച് 21നാണ് കേസിനാസ്പദമായ വ്യാപകമായ കള്ളനോട്ട് വിതരണ സംഭവം നടന്നത്. സംസ്ഥാനത്തെ തെക്കേ അറ്റത്തെ താലൂക്ക് ആയ നെയ്യാറ്റിൻകരയിലെ ബാലരാമപുരം , പാറശ്ശാല ഇടിച്ചക്ക പ്ലാമൂട് എന്നീ തിരക്കുള്ള വ്യാപാര കേന്ദ്രങ്ങളിലൂടെയാണ് വ്യാജനോട്ട് വിതരണം നടന്നത്. 500 , 100 , 1000 എന്നിവയുടെ 66, 420 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ ഒരു പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. കൂടാതെ 1, 50, 000 രൂപയുടെ വ്യാജ നോട്ടുകൾ മറ്റു പ്രതികളുടെ വാസസ്ഥലത്ത് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.

പാറശ്ശാല പൊലീസാണ് കുറ്റകൃത്യം കണ്ടു പിടിച്ച് കേസ് രജിസ്റ്റർ ചെയ്തത്. നോട്ടുകൾ പാറശ്ശാല സ്റ്റേറ്റ് ബാങ്കിൽ പരിശോധന നടത്തി വ്യാജനാണെന്ന് സ്ഥിരീകരിച്ച്പ്രഥമ വിവര റിപ്പോർട്ട് നെയ്യാറ്റിൻകര രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ അന്വേഷണത്തിൽ സംസ്ഥാന അതിർത്തിയും രാജ്യാതിർത്തിയും കടന്ന് പാക്കിസ്ഥാൻ പിന്തുണയോടെ ബംഗ്ലാദേശ് രാജ്യമാണ് വ്യാജ കറൻസിയുടെ ഉറവിടം ചെന്നെത്തുന്നതെന്ന് ബോധ്യപ്പെട്ട ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ഡിജിപി സംസ്ഥാന സർക്കാറിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് 2012 ഫെബ്രുവരി 29 ന് കേസ് സിബിഐക്ക് കൈമാറിയത്. 2014 ഒക്ടോബർ 30നാണ് അന്താരാഷ്ട്ര വേരുകളുള്ള സംഭവത്തിൽ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

സി ബി ഐ അന്വേഷണത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ പിന്തുണയോടെ ബംഗ്ലാദേശിലെ സോനാപൂർ മാൽഡി ജില്ലയിൽ അച്ചടിച്ചതാണെന്ന് കണ്ടെത്തി. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ കൈലാസ് ലോഡ്ജിലും ശ്രീദേവി ലോഡ്ജിലും പ്രതികൾ തമ്പടിച്ച് ഗൂഢാലോചന നടത്തിയതായും സിബിഐ കണ്ടെത്തി.

പിടിച്ചെടുത്ത നോട്ടുകൾ കള്ളക്കമ്മട്ടത്തിൽ അച്ചടിച്ചെടുത്ത വ്യാജ കറൻസിയാണെന്ന് ഭാരത സർക്കാർ കറൻസി നോട്ടുകളച്ചടിക്കുന്ന നാസിക്കിലെ ഗവ. പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടും നാസിക്കിൽ നിന്ന് മുദ്രവെച്ച കവറിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ എത്തിയത് കോടതി തെളിവിൽ സ്വീകരിച്ചു. കൂടാതെ വ്യാജ നോട്ടുകളാണെന്ന ഫോറൻസിക് റിപ്പോർട്ടുകളും കോടതിയിൽ എത്തിയിട്ടുണ്ട്. ഇതിനിടെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും തിരുവനന്തപുരം സിബിഐ കോടതിക്കയച്ച തൊണ്ടിയായ വ്യാജ കറൻസി കെട്ടുകളിൽ കുറച്ച് നോട്ടുകൾ കാണാതായി. തുടർന്ന് തിരുവനന്തപുരം സിബിഐ ജഡ്ജി പ്രത്യേക ദൂതനെ അയച്ചാണ് കാണാതായ തൊണ്ടി നോട്ടുകൾ എറണാകുളം സിജെഎം കോടതിയിൽ പൂഴ്‌ത്തിവച്ചത് കണ്ടെടുത്ത് തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP