Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

കൊച്ചി പഴയ കൊച്ചി തന്നെയാണ്; പക്ഷേ യാത്രക്കാർ ഇനിമുതൽ സ്മാർട്ടാണ്

കൊച്ചി പഴയ കൊച്ചി തന്നെയാണ്; പക്ഷേ യാത്രക്കാർ ഇനിമുതൽ സ്മാർട്ടാണ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി അടുത്ത മാസം പ്രവർത്തനം തുടങ്ങുന്നതോടെ കൊച്ചി ന​ഗരത്തിന്റെ യാത്രാനുഭവം അടിമുടി മാറും. പൊതുഗതാഗത ഏകോപനം, നിയന്ത്രണം, ആസൂത്രണം, നടത്തിപ്പ് തുടങ്ങിയവ ഒരൊറ്റ കുടക്കീഴിലേക്ക് മാറുന്നതാണ് അഡ്‌മിനിസ്ട്രേറ്റീവ് തലത്തിലെ മാറ്റമെങ്കിൽ ജനങ്ങൾക്ക് ലഭ്യമാകുക ഇതുവരെ ചിന്തിക്കാൻ പോലും ആരും തയ്യാറാകാത്ത തരത്തിലുള്ള സേവനങ്ങളാണ്. മെട്രോയിലും ബസിലും ഓട്ടോയിലും യാത്ര ചെയ്യാൻ ഒറ്റ ടിക്കറ്റ് ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് വരുംനാളുകളിൽ കൊച്ചിയിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. വാഹനങ്ങളുടെ സമയം ഉൾപ്പെടെ സകല കാര്യങ്ങളും ഇനി യാത്രക്കാരുടെ വിരൽത്തുമ്പിലാണ്.

മെട്രോപ്പൊലീറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി അടുത്തമാസം പ്രവർത്തനം തുടങ്ങും. ആറ്മാസത്തിനകം അതിന്റെ അടിസ്ഥാനത്തിൽ ഗതാഗതം അടിമുടി മാറും. വൈകാതെ ജിസിഡിഎ, ജിഡ പരിധിയിലേക്കു കൂടി അഥോറിറ്റിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. മേഖലയിലെ പൊതുഗതാഗത ഏകോപനം, നിയന്ത്രണം, ആസൂത്രണം, നടത്തിപ്പ് എന്നിവയുടെ ചുമതല അഥോറിറ്റിയുടെ കയ്യിലാകും പിഴ ചുമത്തുന്ന മോട്ടർ വാഹന വകുപ്പും റോഡ് നിർമ്മിക്കുന്ന നഗരസഭയും പൊതുമരാമത്തു വകുപ്പും അഥോറിറ്റിക്കു കീഴിലെ ഘടകങ്ങൾ മാത്രം. വാഹനത്തിരക്ക് അനുസരിച്ച് റോഡ് ഏതു ഗ്രേഡിൽ ടാർ ചെയ്യണമെന്നു അഥോറിറ്റിയിലെ വിദഗ്ദ്ധർ തീരുമാനിക്കും.

റോഡ് നന്നാക്കിയില്ലെങ്കിൽ ഉത്തരവാദി അഥോറിറ്റിയാവും. പൊതുഗതാഗതം ഇങ്ങനെ മാറുന്ന ഇന്ത്യയിലെ ആദ്യ നഗരമാവും കൊച്ചി. ഇതൊക്കെ നടക്കുമോ എന്നു ചോദിക്കുന്നവരോട് – ഓൺലൈനിൽ സിനിമാ ടിക്കറ്റെടുത്തു സിനിമ കാണുന്നതുപോലെ അനായാസമാണു കാര്യങ്ങൾ എന്നേ പറയാനുള്ളൂ. എല്ലാം പലയിടത്തായി കിടക്കുന്നു, കൂട്ടിയോജിപ്പിച്ചാൽ മതി. മുത്തുകൾ ചേർത്തു മാലകെട്ടും പോലെ.

ട്രാൻസ്പോർട്ട് അഥോറിറ്റിയിൽ ഗ്രൂപ്പുകൾക്കും കമ്പനികൾക്കുമാണു സ്ഥാനം. സ്വകാര്യ ബസുകൾ എല്ലാം ചേർന്ന് ഒരു കമ്പനി. ഇതിനകം ആയിരത്തോളം ബസുകൾ ഉൾപ്പെട്ട 7 കമ്പനി രൂപീകരിച്ചു. 5,000 ഓട്ടോകൾ ഉൾപ്പെട്ട ഒറ്റ സൊസൈറ്റി നിലവിലുണ്ട്. മെട്രോയും വാട്ടർ മെട്രോയും കെഎസ്ആർടിസിയും വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷനും വേറെ വേറെ കമ്പനികളാണ്. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ വരാൻ പോകുന്ന സൈക്കിളുകളും കമ്പനിയുടെ കീഴിൽത്തന്നെ. ടാക്സി കാറുകളെയും ഇതിലേക്ക് ഉൾപ്പെടുത്താം.

ചെല്ലാനത്തുനിന്നു തൃപ്പൂണിത്തുറ പുതിയകാവിലേക്കു പോകുന്നയാളുടെ യാത്ര നോക്കാം. ഇപ്പോഴത്തെ റൂട്ട് –ചെല്ലാനത്തു നിന്നു ബസിൽ സൗത്ത് വരെ, പേട്ട വരെ മെട്രോയിൽ, പിന്നെ പുതിയകാവിലേക്കു ബസിൽ, അവിടെ നിന്ന് എത്തേണ്ട സ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ. രണ്ടു ബസിലും മെട്രോയിലും ടിക്കറ്റ്, ഓട്ടോയിൽ രൊക്കം പണം. ഇനി ഇദ്ദേഹത്തിനു ചെല്ലാനത്തു ബസിൽ കയറുമ്പോൾ തന്നെ പുതിയകാവിൽ എത്തും വരെയുള്ള ഒറ്റ ടിക്കറ്റ് എടുക്കാം. ബസിലും ഓട്ടോയിലും മെട്രോയിലും അതുമതി. ആപ്പിൽ, യാത്ര പോകേണ്ട സ്ഥലം പറയുക. ചെല്ലാനത്തു നിന്നു പുതിയകാവിലേക്കു പോകാൻ കഴിയുന്ന റൂട്ടുകൾ ആപ് കാണിച്ചുതരും. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കുക. ചെല്ലാനത്തു നിന്നു തോപ്പുംപടി ഇറങ്ങി, തോപ്പുംപടി–തൃപ്പൂണിത്തുറ ബസിൽ കയറി കുണ്ടന്നൂർ പാലം വഴി പുതിയകാവിൽ പോകാം. കുറച്ചുസമയം ബസിനായി കാത്തിരിക്കണമെന്നു മാത്രം.

തയാറാണെങ്കിൽ ആ ടിക്കറ്റ് തരും. തോപ്പുംപടി മുതൽ തൃപ്പൂണിത്തുറ വരെ സൈക്കിൾ ചവിട്ടാൻ റെഡിയാണെങ്കിൽ സൈക്കിൾ വാടക ഉൾപ്പെടുത്തിയുള്ള നിരക്കു കിട്ടും. ദൂരവും സമയവും പണവും യാത്രക്കാരനു തിരഞ്ഞെടുക്കാം. ഓൺലൈനിൽ ടിക്കറ്റ് കിട്ടിയാൽ യാത്ര തുടങ്ങാം. ബസിനു ടിക്കറ്റെടുത്തിട്ട്, മെട്രോയ്ക്കു പോകരുത്. കുണ്ടന്നൂർ വഴി പോകാൻ ടിക്കറ്റെടുത്തിട്ടു പള്ളിമുക്ക് വഴി പോകുകയും അരുത്.നിശ്ചിത സമയത്തേക്കു മാത്രമേ ടിക്കറ്റിനു സാധുതയുള്ളൂ എന്നും ഓർക്കണം.

സ്മാർട് ഫോൺ ഇല്ലാത്തവർക്കു ഐവിആർഎസ് സംവിധാനം വഴി ടിക്കറ്റ് ലഭിക്കും. (ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുംപോലെ ) അതിനും കഴിയില്ലെങ്കിൽ, തിരക്കുള്ള ബസ് സ്റ്റോപ്പുകളിൽ ഇന്ററാക്ടീവ് കിയോസ്കുകൾ ഉണ്ടാവും. റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കും പോലെ ടിക്കറ്റ് എടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP