Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എറണാകുളം മെഡിക്കൽ കോളേജിൽ 12 കോടി രൂപയുടെ വികസന പദ്ധതികൾ; ആർദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി, സിസിടിവി എന്നിവയുടെ ഉദ്ഘാടനം നാളെ

എറണാകുളം മെഡിക്കൽ കോളേജിൽ 12 കോടി രൂപയുടെ വികസന പദ്ധതികൾ; ആർദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി, സിസിടിവി എന്നിവയുടെ ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എറണാകുളം കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 10-ാം തീയതി രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. ആർദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ, സിസിടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎ‍ൽഎ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി., പി.ടി. തോമസ് എംഎ‍ൽഎ., ജോൺ ഫെർണാണ്ടസ് എംഎ‍ൽഎ. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

മെഡിക്കൽ കോളേജിന്റെ ത്വരിത വികസനം മുന്നിൽ കണ്ട് സർക്കാർ നടത്തിയ ഇടപെടലുകളാണ് ഈ പദ്ധതികളുടെ പൂർത്തീകരണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കഴിഞ്ഞ വർഷം സംഭവിച്ച നിപ വെറസിനെതിരായ പോരാട്ടത്തിലും ഇപ്പോൾ നടക്കുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും മെഡിക്കൽ കോളേജ് ചെയ്ത സേവനം വളരെ വലുതാണ്. അതിനാൽ തന്നെയാണ് മറ്റ് മെഡിക്കൽ കോളേജുകൾ പോലെ എറണാകുളം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്നത്. ഈ പദ്ധതികളോടെ മെഡിക്കൽ കോളേജിൽ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആർദ്രം പദ്ധതി

സർക്കാരിന്റെ സുപ്രധാന പദ്ധതിയായ ആർദ്രം മിഷന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ 3.8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഒ.പി. മുറികൾ നവീകരിച്ചും കാത്തിരിപ്പ് കേന്ദ്രങ്ങളും, മികച്ച ഇരിപ്പിടങ്ങളും, ശുചിമുറികളും സ്ഥാപിച്ചും ഒ.പി ബ്ലോക്കുകളുടെ സമഗ്രനവീകരണം നടപ്പിലാക്കി രോഗി സൗഹൃദമാക്കി. ആർദ്രം പദ്ധതിയുടെ ഭാഗമായി ഒ.പി ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് സ്‌കൈ ബ്രിഡ്ജുകളാണ് സ്ഥാപിച്ചത്. ആർദ്രം പദ്ധതിയുടെ കീഴിൽ എട്ട് കൗണ്ടറുകൾ സ്ഥാപിച്ച് ഒ.പി. കൗണ്ടർ വിശാലമാക്കുകയും നവീകരിക്കുകയും ചെയ്തു. ഒ.പി. ഫാർമസിയുടെ പ്രവർത്തനവും മെച്ചപ്പെട്ട സൗകര്യങ്ങളോടെ വിശാലമായ പ്രദേശത്തേക്ക് പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞു.

ഇ-ഹെൽത്ത് പദ്ധതിയും എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിച്ചു കഴിഞ്ഞു. ഇ-ഹെൽത്ത് പദ്ധതിയിലൂടെ ഒ.പി.കളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതോടുകൂടി രോഗികൾ ക്യൂവിൽ നിൽക്കുന്ന സമയം ലഘൂകരിക്കാൻ സാധിക്കും. കൂടാതെ രോഗികളുടെ പരിശോധന ഫലങ്ങളുടെ റിപ്പോർട്ടുകൾ ഡോക്ര്മാരുടെ സമീപത്തെ കമ്പ്യൂട്ടറുകളിൽ
ലഭ്യമാകുകയും ചെയ്യുന്നു.

അത്യാധുനിക ഐ.സി.യു.

നാല് കോടി രൂപ ചെലവിട്ട് നവീകരിച്ച ഐ.സി.യു കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഐ.സി.യുകളിൽ ഒന്നാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈ ആശുപത്രിയുടെ മുഖ്യ ഐ.സി.യു ആയി പ്രവർത്തിക്കുന്നത് ഈ ഐ.സി.യു ആണ്. എക്മോ മെഷീൻ വെന്റിലേറ്റർ അടക്കമുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഈ ഐ.സി.യുവിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പ്രവർത്തനസജ്ജമായ ഈ ഐ.സി.യുവിൽ ഒരേ സമയം എഴുപതോളം രോഗികളെ കിടത്തി ചികത്സിക്കാൻ കഴിയും. നിലവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള നാൽപതോളം കോവിഡ് ബാധിതർക്ക് വിദഗ്ധ രോഗിപരിചരണം നൽകാൻ ഈ ഐ.സി.യു. മൂലം സാധിക്കുന്നുണ്ട്. സി-പാപ് സൗകര്യമുള്ള പതിനാറ് വെന്റിലേറ്ററുകളും, രണ്ട് എ.ബി.ജി. മെഷീനുകളും, ഒരു അൾട്രാസൗണ്ട് സ്‌കാനിങ് & എക്കോ മെഷീനും ഈ ഐ.സി.യുവിൽ സ്ഥാപിച്ചിട്ടുണ്ട്.

പി.സി.ആർ. ലാബ്

കോവിഡ് പരിശോധനയ്ക്കായി ദ്രുതഗതിയിലാണ് 1.63 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ. ലാബ് സജ്ജമാക്കിയത്. നിലവിൽ മൂന്ന് പി.സി.ആർ. മെഷീനുകളാണ് ലാബിൽ ഉള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ലാബിൽ ദിവസേന ആയിരത്തോളം ആർ.ടി.പി.സി.ആർ. പരിശോധനകൾ നടത്തി വരുന്നു.

മോർച്ചറി

പോസ്റ്റ്മോർട്ടം തീയേറ്റർ റൂമുകളുടേയും മോർച്ചറിയുടേയും സമഗ്ര വികസനം ലക്ഷ്യമാക്കി ആധുനിക മോർച്ചറി സംവിധാനമാണ് സജ്ജമാക്കിയത്. ഒരേ സമയം 12 മൃതുദേഹങ്ങൾ സൂക്ഷിക്കാവുന്ന ബ്ലൂ സ്റ്റാർ ഫ്രീസർ ആണ് സ്ഥാപിച്ചിരിക്കുന്നത്. 80 ലക്ഷം രൂപയാണ് മോർച്ചറി നവീകരണത്തിനായി ചെലവായത്.

പവർ ലോൺട്രി

മുപ്പത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒന്നും അറുപത് കിലോഗ്രാം വീതം കപ്പാസിറ്റിയുള്ള രണ്ട് വാഷിങ് മെഷീനുകളും, അൻപത് കിലോഗ്രാം കപ്പാസിറ്റിയുള്ള ഒരു ടമ്പൾ ഡ്രയർ റും ഒരു ഫ്ളാറ്റ് വർക്ക് അയണറും ഉൾപ്പെടെ 65 ലക്ഷം ചെലവഴിച്ചാണ് നൂതന പവർ ലോൺട്രി സജ്ജമാക്കിയത്. മണിക്കൂറിൽ ഇരുന്നൂറ് ബെഡ് ഷീറ്റ് അലക്കി ഉണക്കിയെടുക്കാൻ ഈ പവർ ലോൺട്രിയിൽ സാധിക്കും.

ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ

ഇരുപത്തിയഞ്ച് കോടി രൂപ ചെലവിൽ എം.ആർ.ഐ. അടക്കമുള്ള സംവിധാനങ്ങളോടെ മെഡിക്കൽ കോളേജിൽ സ്ഥാപിച്ചുവരുന്ന ഇമേജിങ് സെന്ററിന്റെ ഭാഗമായി ഒന്നര കോടി രൂപ വിലയുള്ള ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ സ്ഥാപിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തിന്റെ തത്സമയ വീഡിയോ ചിത്രീകരിക്കുന്ന ഈ സംവിധാനം കേരളത്തിൽ ഈ
സ്ഥാപനത്തിലും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലും മാത്രമാണ് ഉള്ളത്.

സിസിടിവി

98.8 ലക്ഷം രൂപ ചെലവഴിച്ചാണ് 130 ക്യാമറകളുള്ള സിസിടിവി സംവിധാനം സജ്ജമാക്കിയത്. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസിയുകളിൽ 20 ക്യാമറകൾ കൂടി സ്ഥാപിച്ചു. മൂന്ന് മാസത്തോളം റെക്കേഡുകൾ സൂക്ഷിക്കാൻ കഴിയുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP