Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സൗമിനി ജെയിനിനെ മാറ്റുന്നതിനെ ചൊല്ലി എറണാകുളം ഡിസിസിയിൽ ഇന്ദിര ഗാന്ധി അനുസ്മരണത്തിന് ഇടയിലും കയ്യാങ്കളി; അടി പൊട്ടിയത് കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ

സൗമിനി ജെയിനിനെ മാറ്റുന്നതിനെ ചൊല്ലി എറണാകുളം ഡിസിസിയിൽ ഇന്ദിര ഗാന്ധി അനുസ്മരണത്തിന് ഇടയിലും കയ്യാങ്കളി; അടി പൊട്ടിയത് കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡിസിസിയിൽ കയ്യാങ്കളി. കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി. മേയർ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോർമൻ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് അലങ്കോലമായത്. ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങിൽ എൻ.വേണുഗോപാൽ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷിതമായി നോർമൻ ജോസഫ് മേയറെ മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.

ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തിയതോടെ അനുസ്മരണ സമ്മേളനത്തിനിടെ അപ്രതീക്ഷിത ആവശ്യത്തിൽ ചടങ്ങിൽ പങ്കെടുത്തവരെല്ലാം സ്തബ്ധരായി. കെ.ബാബു, കെ.വി.തോമസ്, ഡൊമനിക് പ്രസന്റേഷൻ തുടങ്ങി മുതിർന്ന നേതാക്കൾ ചടങ്ങിലുണ്ടായിരുന്നു. മേയർ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങൾ നോർമൽ ജോസഫ് ഉന്നയിച്ചു. തുടർന്ന് ഇയാളെ പിടിച്ച് മാറ്റാൻ മറ്റു നേതാക്കൾ ശ്രമിച്ചപ്പോൾ അവരെ തള്ളി മാറ്റുകയായിരുന്നു. തുടർന്ന് ആക്രോശവും ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമായി.

ഇതിനിടെ ക്ഷുഭിതനായ നോർമൻ ജോസഫിനെ സമാധാനിപ്പിക്കാൻ ലിനോ ജേക്കബ് എത്തി. എന്നാൽ ലിനോയെ പിടിച്ചു തള്ളിയ നോർമൻ ജോസഫ്, അദ്ദേഹത്തിന് നേരെ അസഭ്യവർഷവും നടത്തിയെന്നാണ് റിപ്പോർട്ട്. താൻ 25 വർഷമായി കോൺഗ്രസിന്റെ ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. താൻ പറയുന്ന കാര്യങ്ങളെപ്പോലും മേയർ സൗമിനി ജെയിൻ ഗൗനിക്കുന്നില്ല. ഇത്തരത്തിൽ മേയർക്കെതിരെ നിരവദി പരാതികളുണ്ട്. ഈ മേയറുമായി ഇനിയും മുന്നോട്ടുപോകാനാകില്ല. മുമ്പ് കോൺഗ്രസ് നേതൃത്വം ലോക്സഭ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് മേയർ മാറ്റത്തെ തടഞ്ഞത്. ഇനി എന്താണ് തടസ്സമെന്നും നോർമൻ ജോസഫ് ചോദിച്ചു. തുടർന്ന് ലിഫ്റ്റിന് അടുത്തേക്ക് പോയ നോർമൻ ജോസഫും ബൂത്ത് പ്രസിഡന്റ് ശശികുമാറും തമ്മിൽ ഉന്തും തള്ളും വരെയുണ്ടായി. കയ്യാങ്കളി നടക്കുമ്പോൾ മേയർ സൗമിനി ജെയിൻ ഒരു പ്രതികരണവും നടത്താതെ നിശബ്ദയായി ഇരിക്കുകയായിരുന്നു.

കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റുന്നതിനായി നേരത്തെ എറണാകുളത്തെ മുതിർന്ന നേതാക്കൾ കെപിസിസിയെ സമീപിച്ചിരുന്നു. എന്നാൽ കൗൺസിലർമാർ സൗമിനി ജെയിന് അനുകൂലമായി നിലയുറപ്പിച്ചതോടെ തർക്കം രൂക്ഷമായി. ഹൈബി ഈഡൻ എംപിയടക്കമുള്ളവർ സൗമിനി ജെയിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. മേയർ മുൻ എസ്എഫ്ഐക്കാരിയാണെന്നും കോൺഗ്രസിനെ പഠിക്കാൻ ഒമ്പത് വർഷം മതിയാകില്ലെന്നും ഹൈബി ഈഡൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതിനിടെ കയ്യാങ്കളി നടത്തിയ ബ്ലോക്ക് വൈസ്.പ്രസിഡന്റ് നോർമൻ ജോസഫിനെ ഡിസിസി പ്രസഡിന്റ് സസ്പെൻഡ് ചെയ്തു.

ഇതോടെ മേയർമാറ്റം എറണാകുളത്തെ കോൺഗ്രസിൽ ശക്തമായ ചേരിപ്പോരിലേക്ക് വഴിമാറിയിരിക്കുകയാണ്. മേയർമാറ്റ വിഷയത്തിൽ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തീരുമാനമെടുക്കാനായിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കെപിസിസി അധ്യക്ഷനെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP