Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡിനൊപ്പം വന്യമൃഗങ്ങളെയും ഭയന്ന് വയനാട്ടിലെ മലയോരഗ്രാമങ്ങൾ; നാട്ടിലിറങ്ങുന്നത് പഴുത്ത ചക്ക തേടി; തോൽപ്പെട്ടിയിൽ ഒറ്റയാൻ വീട് തകർത്തു

കൊവിഡിനൊപ്പം വന്യമൃഗങ്ങളെയും ഭയന്ന് വയനാട്ടിലെ മലയോരഗ്രാമങ്ങൾ; നാട്ടിലിറങ്ങുന്നത് പഴുത്ത ചക്ക തേടി; തോൽപ്പെട്ടിയിൽ ഒറ്റയാൻ വീട് തകർത്തു

ന്യൂസ് ഡെസ്‌ക്‌

കൽപ്പറ്റ: വേനൽമഴയിൽ വനങ്ങൾ പച്ചപ്പണിഞ്ഞിട്ടും പഴുത്ത ചക്ക തേടി ആനകൾ നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ വയനാട്ടിലെ മലയോര ഗ്രാമങ്ങൾ ഭീതിയിൽ. വനത്തിനോട് ചേർന്ന താമസിക്കുന്നവർക്ക് ചക്കക്കാലമെന്നാൽ ആനയെ പേടിച്ചുള്ള ജീവിതം കൂടിയാണ്. ഏറ്റവുമൊടുവിൽ തോൽപ്പെട്ടി നരിക്കല്ലിൽ തീറ്റ തേടി ജനവാസ പ്രദേശങ്ങളിലെത്തിയ ഒറ്റയാൻ വീട് തകർത്തു. കൊവിഡിനൊപ്പം വന്യമൃഗങ്ങളെയും പേടിച്ചു കഴിയേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.

കാവുങ്കൽ കദീജയുടെ വീടാണ് വ്യാഴാഴ്ച പുലർച്ചെ ഭാഗികമായി തകർന്നത്. രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ സമയം വീടിനകത്ത് ആളുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് രണ്ടരയോടെ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആന തിരിച്ച് കാട് കയറിയിരുന്നു.

നേരം പുലർന്നതിന് ശേഷം തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എംവി ജയപ്രസാദ്, തോൽപ്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അബ്ദുൽഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ വനപാലക സംഘം വീടിന്റെ തകർന്ന ഭാഗം നന്നാക്കി നൽകി. പ്രദേശത്തെ കാട്ടാനശല്യം പരിഹരിക്കാൻ പട്രോളിങ് ശക്തമാക്കണമെന്ന് വനംവകുപ്പിനോട് ജനങ്ങൾ ആവശ്യപ്പെട്ടു. അതേ സമയം തമിഴ്‌നാട്ടിൽ ജനവാസ പ്രദേശങ്ങളിലേക്ക് ആനയിറങ്ങാതിരിക്കാൻ വനംവകുപ്പ് തന്നെ ചക്ക മുഴുവൻ നശിപ്പിക്കുകയാണ്.

പച്ചച്ചക്കവരെ വനപാലകസംഘമെത്തി വെട്ടിനശിപ്പിച്ചിരുന്നു. കാട്ടാനകൾ പുരയിടങ്ങളിലെത്തുന്നത് ഏത് വിധേനയും തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു വീട്ടുകാരുടെ കൂടി അനുവാദത്തോടെ പ്രവൃത്തി നടപ്പാക്കിയത്. കഴിഞ്ഞ മാസങ്ങളിൽ രണ്ട് വീടുകൾ കാട്ടാനകൾ എത്തി നശിപ്പിച്ചതോടെയാണ് വനംവകുപ്പ് ഈ തീരുമാനത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP