Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോളിനും ഡീസലിനും പാചകവാതകത്തിലും തീരില്ല; സമാനാവസ്ഥയിലേക്ക് വൈദ്യുതിയെയും എത്തിക്കാൻ കേന്ദ്ര സർക്കാർ; മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനങ്ങൾക്ക് ഇരുട്ടടിയാകും

പെട്രോളിനും ഡീസലിനും പാചകവാതകത്തിലും തീരില്ല; സമാനാവസ്ഥയിലേക്ക് വൈദ്യുതിയെയും എത്തിക്കാൻ കേന്ദ്ര സർക്കാർ;  മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനങ്ങൾക്ക് ഇരുട്ടടിയാകും

എം എ എ റഹ്മാൻ

കോഴിക്കോട്: മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിലെ ഉപഭോക്താക്കളുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയേക്കുമെന്ന് ആശങ്ക. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്ലാം വില വർധന രൂക്ഷമായി തുടരുന്നതിനിടെ ഈ ഗണത്തിൽപ്പെടുന്ന അടിസ്ഥാനാവശ്യമായ ജനങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന് കൂടി നിരക്കു വർധന സംഭവിക്കുമ്പോൾ സാധാരണക്കാരുടെ നട്ടെല്ലൊടിയുമെന്ന് തീർച്ച.

നിരക്കു വർധനയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനം കൈക്കൊള്ളുമ്പോഴും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുമതി വേണമെന്നായിരുന്നു നിലവിലെ ചട്ടം. എന്നാൽ ഈ ചട്ടം ഭേദഗതിചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശങ്ങൾ അടങ്ങിയ വൈദ്യുതി ഭേദഗതിച്ചട്ടം 2022നെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചിരിക്കയാണ്. ഇത് സംഭവിച്ചാൽ കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന കെ എസ് ഇ ബിക്കും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നിരക്കു വർധനവ് പ്രഖ്യാപിക്കാനാവും. നിലവിൽ മറ്റൊരു സ്ഥാപനവും വൈദ്യുതി വിതരണവുമായി ശക്തമായ മത്സരവുമായി കേരളത്തിലില്ലെന്നിരിക്കേ ഭേദഗതി ഉപകാരപ്പെടുക കെ എസ് ഇ ബിക്കു മാത്രമാവും.

കേരളത്തിന് പുറത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഊർജ സേവന ദാതാക്കൾ ഉണ്ടെന്നതിനാൽ അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വില വർധനവ് വരുത്താൻ പുതിയ ചട്ടം നിയമമാവുന്നതോടെ സാധിക്കും. അംഗീകൃതമായ വൈദ്യുതി നിരക്കിന് പുറമേ വിതരണ ഏജൻസികൾക്ക് വൈദ്യുതിയോ, കൽക്കരിയോ, നാഫ്തയോ പോലുള്ള അസംസ്‌കൃത വസ്തുക്കളോ വാങ്ങുമ്പോഴുണ്ടാവുന്ന നഷ്ടവും അവ എത്തിക്കാനുള്ള കടത്തുകൂലിയിനത്തിലെ വർധവുമെല്ലാം മാസാമാസം ഈടാക്കാവുന്ന രീതിയിലാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്. നിലവിലെ ചട്ടങ്ങളനുസരിച്ച് സർചാർജിൽ വരുന്ന ഉൽപാദനത്തിലെ അധിക ബാധ്യത മാത്രമേ ഈടാക്കാനാവൂ. മറ്റു നഷ്ടങ്ങൾ നിരക്കു വർധനവ് വരുത്തുമ്പോഴാണ് പരിഗണിക്കാറ്. എന്നാൽ പുതിയ ചട്ടം നിയമമായാൽ അതാത് മാസം ഈ തുകയെല്ലാം ഉപഭോക്താക്കളിൽനിന്ന്ുതന്നെ ഈടാക്കുന്ന സ്ഥിതിയാവും.

വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അധിക ചെലവ് അതാത് മാസം തന്നെ തിരിച്ചുപിടിക്കാൻ കമ്പനികൾക്ക ഉപകാരപ്പെടുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ സത്യത്തിൽ സംഭവിക്കുക ഓരോ മാസവും വൈദ്യുതി നിരക്കു ഉയരുന്ന സ്ഥിതിയാവും. രാജ്യത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നതും പൊതുവിപണിയിൽ വൈദ്യുതിവില ഉയർന്നു നിൽക്കുന്നതും പരിഗണിക്കുമ്പോൾ നിലവിലെ നിരക്കിൽനിന്ന് വലിയ വർധനവാവും ഭാവിയിൽ ഉണ്ടാവുക. മറ്റേതെങ്കിലും സേവനംപോലെ പെട്ടെന്ന് ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്കു മാറാനും ജനങ്ങൾക്ക സാധിക്കണമെന്നില്ല. കേരളത്തിൽ കെ എസ് ഇ ബി മാത്രമാണ് പ്രധാനമായും ഇവിടെ വൈദ്യുതി വിതരണം നടത്തുന്നത്.

കാലങ്ങളായി സ്വകാര്യ കമ്പനികളെ ഈ മേഖലയിൽ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നതാണെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. പുതിയ ചട്ടം നടപ്പിലാവുന്നതോടെ കേരളത്തിലും സ്വകാര്യ കമ്പനികളുടെ ശക്തമായ സാന്നിധ്യം ഉണ്ടാവുമെന്ന് തീർച്ചയാണ്. അങ്ങനെ സംഭവിച്ചാൽ, അവർക്കായി കേരത്തിലെ വൈദ്യുതി മേഖലയെ തുറന്നുകൊടുത്താൽ ഭരണത്തിലിരിക്കുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ സമ്മർദ്ദമാണെന്ന് പറഞ്ഞ് കൈകഴുകുകയും ചെയ്യാം. സത്യത്തിൽ ഇതിന്റെ ദുരിതംപേറേണ്ടി വരിക കേരളത്തിലെ ഉപഭോക്താക്കളായിരിക്കുമെന്ന് ചുരുക്കം.

കേരളം ഒഴികേയുള്ള പല സംസ്ഥാനങ്ങളിലും സ്വകാര്യ മേഖലയിലുള്ള ധാരാളം കമ്പനികൾ വൈദ്യുതി വിതരണവുമായി രംഗത്തുണ്ട്. ഒന്നിൽ കൂടുതൽ കമ്പനികൾ വിതരണം നടത്തുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കുറഞ്ഞ നിരക്കുള്ള കമ്പനിയുടെ വൈദ്യുതി വാങ്ങാൻ ഉപഭോക്താവിന് ആവുമെന്നും കമ്പനികൾ തമ്മിലുള്ള മത്സരത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്നുമെല്ലാമാണ് ഇതുമായി ബന്ധപ്പെട്ട് മുൻപ് കേന്ദ്ര സർക്കാർ വിശദീകരിച്ചത്. എന്നാൽ ടെലികോം മേഖലയിൽ ഉൾപ്പെടെ സ്വകാര്യവത്ക്കരണവും സ്വകാര്യ ടെലികോം സേവന ദാതാക്കളുടെ കടന്നുവരും രാജ്യത്തുണ്ടാക്കിയത്് കമ്പനികൾ പരമാവധി ലാഭം വർധിപ്പിക്കാനായി തങ്ങളുടെ സേവനങ്ങളെല്ലാം ഏറെക്കുറേ ഒരേ നിരക്കിൽ നൽകുന്നതിലേക്കാണ്.

യൂറോപ്യൻ നാടുകളിലും അമേരിക്കൻ നാടുകളിലുമെല്ലാം കമ്പനികൾ തമ്മിൽ ശക്തവും ആരോഗ്യകരവുമായ മത്സരം വിവിധ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കിടയിൽ സംഭവിക്കുമ്പോൾ ഇന്ത്യയിൽ അത്തരം ഒന്ന് നമുക്ക് കാണാൻ സാധിക്കാറില്ല.പെട്രോളിനും ഡീസലിനും സ്വതന്ത്രമായി നിരക്കു വർധനവ് ആവിഷ്‌ക്കരിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയത് 1991ലെ യു പി എയുടെ നേതൃത്വത്തിലുള്ള മന്മോഹൻ സർക്കാരിന്റെ ഉദാരവത്കരണത്തിന്റെ തുടർച്ചയായായിരുന്നെങ്കിലും റിലയൻസിന്റെ കമ്പനികൾ പെട്രോൾ, പാചക വാതക വിതരണ രംഗത്തേക്ക് എത്തിയതിന് ശേഷമായിരുന്നുവെന്നത് മറന്നുകൂടാ.

ഇന്ന് ഊർജ രംഗത്ത് ലാഭം കൊയ്യാൻ കാത്തിരിക്കുന്നത് റിലയൻസ്, അദാനിപോലുള്ള കമ്പനികളാവുമ്പോൾ ചട്ടം ഭേദഗതി വരുന്നതോടെ കൂടുതൽ ലാഭം ലഭിക്കുമെന്നതിനാൽ ഇവർ ഈ മേഖലയിൽ വൻ മുതൽമുടക്കിന് ഒരുങ്ങുകയും രാജ്യത്തെ ഉപഭോക്താക്കളെ എല്ലാ നിലയിലും ഊറ്റിക്കുടിക്കുകയുമായിരിക്കും സംഭവിക്കുക.

കേരളത്തിൽ സർക്കാർ സർവിസിൽ ഏറ്റവും കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം നൽകുന്ന സ്ഥാപനമാണ് കെ എസ് ഇ ബി (കേരള ഇലട്രിക് സിറ്റി ബോർഡ്). പതിനായിരക്കണക്കിന് വൻകിടക്കാരുടെ കിട്ടക്കടവും പേറി, മറ്റെങ്ങുമില്ലാത്ത ധൂർത്തുമായി എന്നും സർക്കാരിന് മുൻപിൽ നിരക്കു വർധനക്കായി കാത്തു കഴിയുന്ന കെ എസ് ഇ ബിക്ക് കേന്ദ്ര സർക്കാരിന്റെ ചട്ടഭേദഗതി വലിയ ഉപകാരമാവും. വൈദ്യുതി വിതരണക്കാർക്ക് നിര്ക്കു സ്വന്തം ഇഷ്ടപ്രകാരം വർധിപ്പിക്കാമെന്നു വരുമ്പോൾ അത് ഈ സ്ഥാപനത്തിനും ബാധകമാവുമല്ലോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP