Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടില്ല; പരിക്കിനെ പറ്റി തർക്കിക്കാൻ ഇല്ലെന്ന് എൽദോ എബ്രഹാം; എംഎൽഎ വിശദീകരണവുമായി എത്തിയത് പൊലീസ് ലാത്തിച്ചാർജ്ജിനിടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തായതോടെ; കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ച ഒരാൾ കസ്റ്റഡിയിൽ

കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടില്ല; പരിക്കിനെ പറ്റി തർക്കിക്കാൻ ഇല്ലെന്ന് എൽദോ എബ്രഹാം; എംഎൽഎ വിശദീകരണവുമായി എത്തിയത് പൊലീസ് ലാത്തിച്ചാർജ്ജിനിടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തായതോടെ; കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ച ഒരാൾ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: പൊലീസ് ലാത്തിച്ചാർജ്ജിനിടെ കൈ തല്ലി ഒടിച്ചെന്ന ആരോപണം കളവാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ വെട്ടിലായിരിക്കയാണ് എൽദോ എബ്രഹാം എംഎൽഎ. ഇതോടെ ഈ വിഷയത്തിൽ വിശദീകരണവുമായി എൽദോ രംഗത്തുവന്നു. പരിക്കിന്റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ലെന്നാണ് എൽദോ എബ്രഹാം പറയുന്നത്. മെഡിക്കൽ റിപ്പോർട്ടിൽ കൈക്ക് പൊട്ടലില്ലെന്നാണല്ലോ പറയുന്നത് എംഎൽഎ പറഞ്ഞത് മറിച്ചായിരുന്നല്ലോ എന്ന ചോദ്യത്തിന് പ്രകോപനമില്ലാതെയാണ് പൊലീസ് മർദ്ദിച്ചതെന്നായിരുന്നു എൽദോ എബ്രഹാമിന്റെ മറുപടി.

ജലപീരങ്കി പ്രയോഗിച്ചപ്പോൾ തന്നെ തെറിച്ച് വീണു. പരിക്കേറ്റ് എറണാകുളം ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ പരിശോധനയിൽ കൈ മുട്ടിൽ നേരിയ പൊട്ടൽ കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ഒരു പൊട്ടലാണെന്ന് എവിടെയും പറഞ്ഞില്ലിട്ടില്ലെന്നും എൽദോ എബ്രഹാം പറഞ്ഞു. പരിക്കിനെ കുറിച്ച് കൂടുതൽ തർക്കത്തിനില്ലെന്നും എൽദോ എബ്രഹാം വിശദീകരിച്ചു.

മർദ്ദനമേറ്റതിന് ശേഷം മർദ്ദിച്ചതിന്റെ ആഴവും അളവും എടുക്കുന്നത് ശരിയായ നടപടിയല്ല. പൊലീസ് ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാനാണ് . അവരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്‌നമാണെന്നും എൽദോ എബ്രഹാം പറയുന്നു. പൊലീസ് അതിക്രമക്കേസിൽ വിശദമായ റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ തന്നെ ഉചിതമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

പരിക്ക് സാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന ചർച്ച തന്നെ തെറ്റാണ്. ലാത്തിയടിയേറ്റ് ശരീരത്തിൽ ഉണ്ടായ പരിക്കുപോലും വരും ദിവസങ്ങളിൽ നിഷേധിക്കപ്പെട്ടേക്കാമെന്നും എൽദോ എബ്രഹാം പറഞ്ഞു. പാർട്ടി എന്നും ഒപ്പം നിന്നിട്ടുണ്ട്. ഇനിയും കൂടെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തെറ്റുചെയ്താൽ ശിക്ഷിക്കണം എന്ന് തന്നെയാണ് നിലപാട് എന്നും കാനം രാജേന്ദ്രന്റെത് അടക്കമുള്ള പ്രസ്താവനകൾ വളച്ചൊടിക്കപ്പെട്ടതാണെന്നും എൽദോ എബ്രഹാം എംഎൽഎ പറഞ്ഞു.

അതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഘം സഞ്ചരിച്ച കാർ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാർ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാർ സുഹൃത്തുകൊണ്ടുപോയതാണെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് എസ്‌പിക്ക് പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP